Search

വസന്തത്തിന്റെ ഇടിമുഴക്കത്തിനു ശേഷം

നഗരൂര്‍, കുമ്മിള്‍ നക്‌സല്‍ മുന്നേറ്റത്തിന്റെ ബാക്കിപത്രം തിരഞ്ഞ്

കിളിമാനൂരിലെ ഒരു ബാറില്‍ ഒരു സായാഹ്നത്തില്‍ ഒന്നുരണ്ടു സുഹൃത്തുക്കളുമൊത്ത് അല്പം ബിയര്‍ കുടിക്കാന്‍ പോയതാണ്. സായാഹ്നം ആനന്ദകരമാക്കാന്‍ ബിയര്‍.

സാധാരണ ബാറുകളില്‍ കാണാത്തത്ര വലിയ മുറികളും പിന്നെ ചില ചെറിയ മുറികളും അതിനപ്പുറം ഇരുണ്ട ഇടനാഴികളുമൊക്കെയുണ്ട് ഇവിടെ. ഒരു കൗതുകവും അതുപോലെ എന്തോ നിഗൂഢതയുമുണ്ട് ഇവിടെ...

പത്രപ്രവര്‍ത്തകനായ ഷാജഹാന്‍ പറഞ്ഞു, ചില ഫോട്ടോകള്‍ നിങ്ങളെ കാട്ടിത്തരാം, വരൂ. ഹില്‍വേ ഹെറിറ്റേജ് ബാറിന്റെ അകത്തളത്തിലെ ഒരു ഇരുണ്ട ഇടനാഴിയില്‍ ഷാജഹാന്‍ ചില ചിത്രങ്ങള്‍ കാട്ടിത്തന്നു.

നിങ്ങള്‍ കക്കയം ക്യാമ്പിനെക്കുറിച്ചു കേട്ടിട്ടില്ലേ. അതുപോലെ, തെക്കന്‍ കേരളത്തെ ഞെട്ടിച്ച കുമ്മിള്‍, നഗരൂര്‍, കിളിമാനൂര്‍ നക്‌സല്‍ കേസുകളിലെ പ്രതികളെ ഇടിച്ചുരുട്ടിയ ക്യാമ്പായിരുന്നു ഈ കെട്ടിടം. ഇതിന്റെ അകത്തളത്തില്‍ ഒരുപാട് പാവങ്ങള്‍ മര്‍ദ്ദനമേറ്റു വീണിട്ടുണ്ട്. വിപഌവകാരികള്‍ ചോരതുപ്പിയ ഇരുണ്ട മുറികളാണ് ഇന്ന് വര്‍ണവിളക്കുകളുടെ നിറച്ചാര്‍ത്തില്‍ പുതുതലമുറ മദ്യം നുണയുന്നതെന്നു ഷാജഹാന്‍ പറഞ്ഞു.

അന്നത്തെ പീഡനങ്ങളുടെ പൊലീസ് ക്യാമ്പ് പിന്നീട് കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടമായി മാറി. സ്വന്തം കെട്ടിടമായപ്പോള്‍ പൊലീസ് സ്റ്റേഷന്‍ ഇവിടെ നിന്നു മാറ്റിക്കൊണ്ടുപോയി. കാലം മാറിയപ്പോള്‍ പഴയ ക്യാമ്പ് ഹില്‍വേ ഹെറിറ്റേജ് ബാറായി മാറുകയായിരുന്നു. അന്ന് വിപഌവകാരികള്‍ ഇടികൊണ്ടു ചോര തുപ്പിയ മുറികളില്‍ പുതിയ തലമുറ കുപ്പികള്‍ പൊട്ടിച്ചു ലഹരി നുരയുന്നു! വിപ്ലവവീര്യത്തിനു മേല്‍ ലഹരിയുടെ ചാരായ ഗന്ധം...

ഇനി പറയുന്നതെല്ലാം കഥയാണ്. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആണ്. പറയുന്നത് മറ്റാരെയെങ്കിലും മുറിപ്പെടുത്തുന്നുവെങ്കില്‍ അത് സ്വാഭാവികമാണ്...

1970 നവംബറില്‍ ഇന്ത്യയെയാകെ ഞെട്ടിച്ച നക്‌സല്‍ ആക്രമണങ്ങളുടെ കഥ പുനരവതരിപ്പിക്കുകയല്ല ഈ പരമ്പരയുടെ ലക്ഷ്യം. അന്ന് പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ ഇന്നെവിടെ നില്‍ക്കുന്നു, അന്നത്തെ ചെയ്തികള്‍ ചെയ്തവരും കാലവും എങ്ങനെ വിലയിരുത്തുന്നു, അന്നും ഇന്നും രാഷ്ട്രീയം ഒന്നുതന്നെയോ എന്നിങ്ങനെയുള്ള അന്വേഷണങ്ങളുടെ ബാക്കിപത്രമാണ് ഈ പരമ്പര.

1970 നവംബര്‍ 14. തെക്കന്‍ കേരളത്തിലെ വിപ്‌ളവം ചോര ചീറ്റിച്ച ദിവസം. കെ. വേണു, വെള്ളത്തൂവല്‍ സ്റ്റീഫന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്രയോ നാളുകള്‍ മുമ്പേ തുടങ്ങിയ ഒളിപ്രവര്‍ത്തനമാണ് നവംബര്‍ 14ലെ നഗരൂര്‍, കിളിമാനൂര്‍, കുമ്മിള്‍ ആക്രമണങ്ങളില്‍ കലാശിച്ചത്.

ജന്മിത്വത്തിനെതിരേ, വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, നക്‌സലൈറ്റുകള്‍ കിളിമാനൂരിന്റെ പ്രാന്തത്തില്‍ മൂന്നിടത്തും കുമ്മിളിലും ഒരേ ദിവസം ഏതാണ്ട് ഒരോ സമയത്ത് ജന്മിത്തറവാടുകളില്‍ സായുധ ആക്രമണം നടത്തുകയായിരുന്നു. നാല് ആക്രമണങ്ങളിലുമായി മൂന്നു പേരെ വധിച്ചു. രണ്ടുപേരെ വെട്ടി മാരകമായി പരിക്കേല്‍പ്പിച്ചു.

മൂന്നു സംഘങ്ങളാണ് നാലിടത്തായി ആക്രമണം നടത്തിയത്.

കുറിയേടത്തു മഠത്തില്‍ ഗോപാലകൃഷ്ണന്‍ പോറ്റി, ജ്യോതിര്‍ മഠത്തില്‍ കേശവന്‍ പോറ്റി, കുമ്മിള്‍ ശങ്കരനാരായണ അയ്യര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ജ്യോതിര്‍മഠത്തിലും കുറിയേടത്തു മഠത്തിലും ഒരേ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. പാപ്പാലയില്‍ നാലു പേരുടെ സംഘമാണ് പോയത്. കുമ്മിളിലെ ആക്ഷന് 11 പേരുണ്ടായിരുന്നു. ഗോപാലകൃഷ്ണന്‍ പോറ്റി തിരുവനന്തപുരം എംജി കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനായിരുന്നു ഉന്നം. പക്ഷേ, അച്ഛന്‍ ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ മകനെ പിടിച്ചിറക്കി വിചാരണ ചെയ്തു വെട്ടിക്കൊല്ലുകയായിരുന്നു. കേശവന്‍ പോറ്റി എജീസ് ഓഫീസില്‍ സൂപ്രണ്ടായിരുന്നു.

ശങ്കരനാരായണ അയ്യര്‍ പലിശക്കാരനും ഭൂജന്മിയുമായിരുന്നു. അദ്ദേഹത്തിന്റെ തല വെട്ടി വീട്ടിനു മുന്നിലെ മതിലില്‍ കൊണ്ടുവയ്ക്കുകയായിരുന്നു.

നാലാമത്തെ ആക്ഷന്‍ കിളിമാനൂര്‍ പാപ്പാല പത്മനാഭന്‍ മുതലാളിയെ ഉന്നമിട്ടായിരുന്നു. രാത്രിയില്‍ കതകിനു തട്ടിവിളിക്കുകയായിരുന്നു. നാലായി തുറക്കുന്ന പഴയ മാതൃകയിലെ കതകായിരുന്നു. രാത്രി തട്ടി വിച്ചപ്പോള്‍ അദ്ദേഹം കതകു പാതി തുറന്നു. ആദ്യ വെട്ടിനു തന്നെ അദ്ദേഹം പിന്നാക്കം മറിഞ്ഞു. പിന്നാലെയെത്തിയ ഭാര്യ പണിപ്പെട്ട് കതകടച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഭാര്യയ്ക്കും കിട്ടി വെട്ട്.

ഇതായിരുന്നു തെക്കന്‍ കേരളത്തിലെ ആദ്യ നക്‌സല്‍ മുന്നേറ്റം. മൂന്നു പേരുടെ ജീവനെടുത്തപ്പോള്‍ വിപ്‌ളവം വിജയിച്ചോ, പ്രസ്ഥാനം വളര്‍ന്നോ എന്നതൊക്കെ അതില്‍ പങ്കാളികളായവര്‍ തന്നെ പിന്നാലെ പറയും.

70കളിലെ വാര്‍ത്തകളില്‍ കത്തിനിന്ന ജ്യോതിര്‍ മഠത്തിലേക്കുള്ള വഴി പോലും പുല്ലുവളര്‍ന്നു മൂടിയിരിക്കുന്നു. ഓടുകള്‍ പൊളിഞ്ഞ്, നിലം പൊത്താറായ നിലയില്‍ അയല്‍ക്കാര്‍ക്കു മുന്നില്‍ പേടിപ്പെടുത്തുന്നൊരു സ്മാരകമായി ജ്യോതിര്‍മഠം. കുറിയേടത്തു മഠത്തിനോടു ചേര്‍ന്ന് പുതിയൊരു മണിമാളിക ഉയര്‍ന്നിട്ടുണ്ട്. പഴയ സ്മാരകം കാലമേല്പിച്ച പരിക്കുകളുമായി ബാക്കിയാണ്. ശങ്കരനാരായണ അയ്യരുടെ വീടും ഓര്‍മകള്‍ക്കൊപ്പം മൗനത്തിലാണ്.
(തുടരും)


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വസന്തത്തിന്റെ ഇടിമുഴക്കത്തിനു ശേഷം