Search

മണിക്കുട്ടി വെറുമൊരു കഥാപാത്രമല്ല

ഈ കവിത വായിക്കുന്നതിനൊപ്പം ഇതിനോടു ചേര്‍ന്നുള്ള ഈ ഫീച്ചര്‍ കൂടി വായിക്കുക. ജീവിതത്തിന്റെ നേര്‍ചിത്രം കണ്ട് നടുങ്ങാതിരിക്കുക...സുനില്‍ പൂവറ്റൂര്‍

മണിക്കുട്ടി വെറുമൊരു കഥാപാത്രമല്ല
ആശിച്ചതല്ലാതെ എന്റെ കണവന്,
കഞ്ഞികൊടുക്കുവാനാവാത്ത ദുഃഖം
ഇരന്നു വാങ്ങിയ അരി നുറുങ്ങുകളാല്‍
വായ്ക്കരിയിട്ടു ഞാന്‍ തീര്‍ത്തു.

കടം തരണേയെന്നു പലതവണ കേണു
കൂടെ വരാന്‍ മരുന്നു കൂട്ടാക്കിയില്ല.
ആംബുലന്‍സുമില്ല, ഔഷധവുമില്ല പിടച്ചിലുമില്ല.
മരണത്തിനെന്താ എളുപ്പം?

ഉതകാത്ത മരുന്നിരുന്നു മരിക്കട്ടെ
അയലത്തുകാര്‍ക്കിലയിട്ടു സദ്യകൊടുത്തു
പുലകുളി അടിയന്തിരം ഞാന്‍ നടത്തും.
ആ കടം വീടും വരെ ജീവിക്കണം.

മരിച്ച മൂന്നാം നാള്‍ വായ്പ തെണ്ടാനായി
അല്ലലിന്റെ ഇരുളില്‍ വെളുപ്പുടുത്തപ്പോള്‍
മണിക്കുട്ടിക്കു മനസ്‌സു നൊന്തില്ല
ഈ പുടവ, ഇതിനല്ലാതെ ഇനിയെന്തിനുടുക്കാന്‍?

സുനില്‍ പൂവറ്റൂര്‍: Phone: 082829913842014ലേക്ക് മണിക്കുട്ടിയേയും കൊണ്ട് നിങ്ങള്‍ പോവുക

വിനോദ്  മങ്കര

2013ന്റെ അവസാന സപ്‌ളിമെന്റില്‍ ഇതു കുറിക്കുന്നതില്‍ വിഷമമുണ്ട്. പക്ഷേ, ഇങ്ങനെയല്ലാത്തൊരു വഴിയിലൂടെ 2014ലേക്ക് നടന്നുകയറാന്‍ എനിക്കാവില്ല എന്നതുകൊണ്ട് ഇത്രയും എഴുതിപ്പോകുന്നു.

ഈ വര്‍ഷവും നമ്മള്‍ തുടങ്ങിയത് പുതുവത്സരാശംസകള്‍ പറഞ്ഞുകൊണ്ടാണ്. പ്രശാന്തമാവും എന്ന പ്രതീക്ഷയിലായിരിക്കുമല്ലോ ഏതൊന്നും ആരംഭിക്കുക. എന്നാല്‍ ഈ ഡിസംബറിന്റെ അവസാനതാളുകളില്‍ അക്ഷരം കോര്‍ക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ പലതായി കോര്‍ക്കുമ്പോഴുള്ള വേദന അനുഭവിക്കുകയാണ്. കൂര്‍ത്തസൂചിയില്‍ ഞാനെന്നെ പലതവണ പല രീതിയില്‍ തലങ്ങും വിലങ്ങും കോര്‍ത്തിടുന്നു. ഇനിയെഴുതുന്നത് ഒരു കഥയല്ല. ഈഡിസംബറിന്റെ അവസാന വാതില്‍ അടയുന്നതിനു മുമ്പുണ്ടായ യഥാര്‍ത്ഥ സംഭവമാണ്.


എസ്. സുനില്‍ കുമാര്‍
തിരുവനന്തപുരത്തെ തിരക്കുപിടിച്ച ഒരു ബാങ്കിലാണ് സംഭവം നടന്നത്. കണ്ണാടിക്കൂടിനുള്ളില്‍ ഇരിക്കുന്ന ബാങ്ക് മാനേജര്‍ . ഒരു കൈ കീ ബോര്‍ഡിലും മറുകൈ ഫോണിലും വച്ച് ഇ മെയിലുകളുടെയും കണക്കുകൂട്ടലുകളുടെയും നടുവില്‍ ഭ്രാന്തുപിടിക്കുന്നതിനിടയിലാണ് അതു കണ്ടത്. തന്റെ കാബിനു മുന്നില്‍ തന്നെ കാണാന്‍ നില്‍ക്കുന്നവരുടെ തിരക്കിനിടയില്‍ ശുഭ്രവസ്ത്രാംഗിയായ ഒരു അമ്പത്തഞ്ചുകാരി. നല്ല കറുത്ത കരയുള്ള ബാലരാമപുരം കൈത്തറിയുടെ അന്തസ്‌സില്‍ ആ സ്ത്രീ തിരക്കിനിടയില്‍ വേവലാതിപ്പെടുന്നതു കണ്ട ബാങ്ക് മാനേജര്‍ അവരെ അകത്തേയ്ക്കു വരാന്‍ കൈകാട്ടി വിളിച്ചു. താണു തൊഴുതു വന്ന അവര്‍ മാനേജറുടെ അരികില്‍ ചേര്‍ന്നു നിന്നു. മേലധികാരിയുടെ രണ്ടുമൂന്ന് ഇ മെയിലുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലൂടെ പാഞ്ഞുപോയതിനു ശേഷമാണ് മാനേജര്‍ ആ കാര്യം ശ്രദ്ധിച്ചത്; ആ അമ്പത്തഞ്ചുകാരിയുടെ കൈ അഞ്ജലീബദ്ധമായി തന്നെ നില്‍ക്കുന്നു.

''എന്താണമ്മേ ഇങ്ങനെ തൊഴുതുനില്‍ക്കുന്നത്, ഇവിടെ ഇരിക്കൂ.''
''വേണ്ട. ഞാന്‍ ഇവിടെ നിന്നോളാം.''
''ഇരിക്കൂ... നമുക്കു സംസാരിക്കാമല്ലോ.''
''വേണ്ട മോനേ. ഞാന്‍ ഇവിടെ നിന്നോളാം.''
''എങ്കില്‍ പറയൂ... അമ്മ എന്തിനാണ് വന്നത്?''
''എനിക്കൊരു വായ്പ വേണം. പതിനയ്യായിരം രൂപ.''

ഈ ബാങ്ക് മാനേജറെ നിങ്ങള്‍ ഒരു പക്ഷേ, അറിയാന്‍ വഴിയില്ല. കാരണം, കേരളത്തിലെ വലിയ ബാങ്കുകളിലൊന്നും ഇങ്ങനെയൊരാളില്ല, പ്രത്യേകിച്ച്  ദേശസാത്കൃത ബാങ്കുകളില്‍ . അത്തരം ബാങ്കുകാര്‍ സൂക്ഷിക്കാറുള്ള കാര്‍ക്കശ്യവും ധാര്‍ഷ്ട്യവുമൊന്നും തന്നെ സഹൃദയാനായ ഇയാള്‍ക്കില്ല. ഇയാള്‍ സന്ധ്യ മയങ്ങുന്നതുവരെ സാധാരണക്കാരോടൊപ്പം ബാങ്കില്‍ കഴിയുന്നു. പറ്റാവുന്നവരെയെല്ലാം നൂലാമാലകള്‍ പറഞ്ഞു പേടിപ്പിച്ച് പനിപിടിപ്പിച്ചു പുറത്താക്കുന്നതിനു പകരം കൈയഴിഞ്ഞു സഹായിക്കുന്നു. രാത്രിയില്‍ ആകാശത്തു നിലാവു തെളിയുന്നുണ്ടോ എന്നും ക്ഷീരപഥങ്ങളില്‍ ദൈവം കവാത്തിനിറങ്ങുന്നുണ്ടോ എന്നും നോക്കും. ജനലഴിയിലിരുന്നു ചാറ്റല്‍ മഴ കൊള്ളുകയും പൂവാക ചോക്കുന്നതുപോലെ വേനല്‍ കടന്നുവരുന്നതു കാണുകയും ചെയ്യുന്നു.

അതിരിക്കട്ടെ, അപേക്ഷയില്‍ കണ്ണോടിച്ച് ആ വൃദ്ധയെ നോക്കാതെ തന്നെ മാനേജര്‍ ചോദിക്കുന്നു, ''അമ്മയ്ക്ക് എന്തിനാണ് വായ്പ്പ?''
''കാപ്പിക്ക്.''
''കാപ്പിക്കോ?''
''അതേ ,  കാപ്പിക്ക്. ''
''ഭര്‍ത്താവിന്റെ പേരെന്താണ്?''
''ഭാസ്‌കരന്‍ .''


മണിക്കുട്ടി
ഇമെയിലുകളുടെ നാലുവരിപ്പാതയിലെ ട്രാഫിക്കിനിടയില്‍ , ഫയലുകളുടെ കുശുകുശക്കലിനിടയില്‍ തന്റെയരികില്‍ കൂമ്പിനിന്ന ആ വൃദ്ധകരങ്ങളെ നോക്കാന്‍ മാനേജര്‍ തുനിഞ്ഞില്ല. ഒരുപക്ഷേ, അദൃശ്യമായൊരു ഭയം അയാളെ ചൂഴ്ന്നുനിന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ ചുളിവുവീണ ആ അഞ്ജലി കമ്പിയില്ലാക്കമ്പിപോലെ അയാളെ മറ്റൊരു തലത്തില്‍ തൊട്ടിട്ടുണ്ടാവാം.

അയാള്‍ വീണ്ടും ചോദ്യങ്ങളിലേക്ക് കടന്നു. ഒരുപക്ഷേ, ബാങ്കില്‍ ആയിരിക്കാം ചോദ്യോത്തര പംക്തി ആദ്യം പ്രബലപ്പെട്ടത്. ഇവിടെയിതില്‍ അല്പം സ്‌നേഹവും കാരുണ്യവും ഇടകലര്‍ന്നുവെന്നു മാത്രം.
''അമ്മയുടെ കാപ്പിക്കട എവിടെയായിരിക്കും?''
അമ്മയുടെ മൗനം അവരുടെ കേള്‍വിക്കുറവായിരിക്കുമെന്നു തെറ്റിദ്ധരിച്ചതിനാലായിരിക്കാം മാനേജര്‍ ചോദ്യം മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു.
''എവിടെ ചായക്കട നടത്താനാണ് ഉദ്ദേശ്യം?''
ഈചോദ്യം വന്നതും ആ വൃദ്ധയുടെ ചുണ്ടുകള്‍ വിതുമ്പിയതും ഒപ്പമായിരുന്നു. കണ്ണുകള്‍ നനഞ്ഞിരുന്നെങ്കിലും കണ്ണീര്‍ തുള്ളികള്‍ ഒഴുകി വന്നില്ല. കണ്ണീരിന്റെ എല്ലാ പുഴകളും ഈ വൃദ്ധയില്‍ അകത്തേയ്ക്കായിരുന്നു ഒഴുകിയിരുന്നത്. പുറത്തേയ്ക്കുകരയാന്‍ ഇനിയീ സന്ധ്യാവേളയില്‍ അവരില്‍ കണ്ണീരില്ല. വിതുമ്പലുകളും വിങ്ങലുകളും അവര്‍ ഗതിതിരിച്ചുവിട്ടു; തന്റെ തന്നെ ഉള്ളിലേക്ക്...
''എന്തുപറ്റി?''
അടുത്തുനിന്ന സ്ത്രീയാണ് മറുപടി പറഞ്ഞത്.
''സാറേ, കാപ്പിക്കട നടത്താനല്ല വായ്പ. ഇവരുടെ ഭര്‍ത്താവ് അസുഖം ചികിത്സിക്കാന്‍ പണമില്ലാതെ മൂന്നു ദിവസം മുന്‍പേ മരിച്ചുപോയി. അഞ്ചാം ദിവസം ചടങ്ങനുസരിച്ച് നാട്ടുകാര്‍ക്ക് കാപ്പി കൊടുക്കുന്ന ചടങ്ങിനു വേണ്ടിയാണ് അവര്‍ വായ്പ്പ ചോദിക്കുന്നത്.''
മാനേജര്‍ അയാളുടെ ശീതീകരിച്ച മുറിയില്‍ വിയര്‍ത്തു. ഇരുന്ന കസേരയില്‍ നിന്ന് അയാള്‍ എഴുന്നേറ്റുനിന്നു. പിന്നീടയാള്‍ അവര്‍ പോകുന്നതുവരെ നിന്നാണ് സംസാരിച്ചത്.
ഒപ്പമുണ്ടായിരുന്ന സ്ത്രീ വീണ്ടും പറഞ്ഞു, ''സാറേ, ഇവര്‍ക്ക് ജീവിക്കാന്‍ കൂടി വഴിയില്ല. നല്ലൊരു വസ്ത്രം പോലുമില്ല. വേദനയുണ്ടെങ്കിലും ഈ വേഷ്ടിയും മുണ്ടും ഉടുത്തത് ബാങ്കില്‍ നന്നായി വന്നില്ലെങ്കില്‍ വായ്പ കിട്ടില്ല എന്നു ധരിച്ചതുകൊണ്ടാണ്. ''

ചോദ്യവും ഉത്തരവും പിഞ്ഞിപ്പറിഞ്ഞുപോയ ആ ഇടവേളയില്‍ മാനേജര്‍ മറ്റൊന്തോ ആലോചിച്ചു നിന്നു. അല്ലെങ്കില്‍ അയാള്‍ ഒന്നും ആലോചിച്ചിട്ടുണ്ടാവില്ല.
''സാറേ , എനിക്കു കാശ് കിട്ട്വോ? ''
ആ ചുളിവുവീണ ശബ്ദമാണ് അയാളെ ഉണര്‍ത്തിയത്.
''അമ്മയ്ക്കു ഞാന്‍ ഈ കാശ് കുറച്ചുനാള്‍ മുന്‍പ് തന്നിരുന്നുവെങ്കില്‍ ഭര്‍ത്താവിന് ഈ ദുരന്തം ഉണ്ടാവുമായിരുന്നോ? ''
ചോദ്യത്തിനു വലിയ അര്‍ത്ഥമൊന്നുമില്ലെങ്കിലും അയാള്‍ക്ക് അതു ചോദിക്കാതിരിക്കാനായില്ല. കാരണം,  അയാളില്‍ മാനേജര്‍ അല്ലാത്ത മറ്റൊരാള്‍ ഉണ്ടായിരുന്നു. ആ വ്യക്തിക്ക് മജ്ജയും മാംസവും ജീവനും ഉണ്ടായിരുന്നു.
''എനിക്കൊന്നും അറിയില്ല മോനേ. ഞാനെന്നെക്കൊണ്ട് ആവുന്നതുപോലെ നോക്കി. എനിക്കിനി ഒന്നും കഴിയില്ല.''
ആ സ്ത്രീക്ക് പിന്നീട് അധികനേരം ആ ബാങ്കില്‍ നില്‍ക്കേണ്ടിവന്നില്ല. പതിനയ്യായിരം രൂപയും കൊണ്ട് അവര്‍ മടങ്ങുന്നത് മാനേജരോടൊപ്പം ആ ബാങ്കിലെ സകലരും നോക്കിനിന്നു. ഒരു നിമിഷം ആ ഇടപാടുകേന്ദ്രം മറ്റൊന്നായി മാറി. ഒരുപക്ഷേ, ഒരൊറ്റ വലിയ കണ്ണുനീര്‍ത്തുള്ളി. അല്ലെങ്കില്‍ ആര്‍ദ്രമായൊരു നെടുവീര്‍പ്പ്.

ഈ അന്‍പത്തഞ്ചുകാരിയുടെ പേര് മണിക്കുട്ടി എന്നാണ്. ഓര്‍ക്കുക- പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കുമൊപ്പം ഒരു കുട്ടിക്കാലം ഇവര്‍ക്കുമുണ്ടായിരുന്നു.
''ഈ വല്ലിയില്‍ നിന്നു ചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...'' എന്നു മണിക്കുട്ടിയും അമ്മയോട് അത്ഭുതപ്പെട്ടിരിക്കാം. ഈ സംഭവകഥയിലെ ബാങ്ക് മാനേജരുടെ പേര് എസ്. സുനില്‍ കുമാര്‍ എന്നാണ്. കാലഹരണപ്പെട്ട ഒരുസ്വഭാവം ഇദ്ദേഹം ഇപ്പോഴും കൊണ്ടുനടക്കുന്നു; വേദന കണ്ടാല്‍ തിരിച്ചറിയുക എന്നകാര്യം. സുനില്‍ കുമാര്‍ ഒരു കവി കൂടിയാണ്.

2014ലേക്ക് യാത്രയാവുമ്പോള്‍ പതിവുപോലെ പുതുവത്സരാശംസകള്‍ നേരുന്നതിനൊപ്പം ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനു പതിനയ്യായിരം രൂപ തരുമോ എന്നു യാചിച്ചുനില്‍ക്കുന്ന മണിക്കുട്ടിയുടെ ചിത്രം കൂടി നമുക്കു കൂടെ കൊണ്ടുപോകാം.

''എനിക്കൊരു മകളുണ്ടായിരുന്നെങ്കില്‍ ഞാന്‍ മണിക്കുട്ടിയെന്ന് അവളെ വിളിച്ചിട്ടുണ്ടാവില്ലേ?''

മാനേജര്‍ ഇങ്ങനെ വിഷാദിക്കുന്നിടത്താണ് ഈ ചിത്രം അവസാനിക്കുന്നത്. മാനേജര്‍ മാത്രമല്ല, ഞാനും നിങ്ങളുമൊക്കെ മണിക്കുട്ടി എന്നേ വിളിക്കുകയുള്ളൂ.

ഇനി ആത്മാര്‍ത്ഥമായൊന്ന് ആശിക്കൂ, ഇതുപോലുള്ള മണിക്കുട്ടികള്‍ നമുക്കിടയില്‍ ഉണ്ടാവരുതേ എന്ന്...
മണിക്കുട്ടികള്‍ പൂവായും പൂമ്പാറ്റയായും 2014ലേക്ക് ദേശാടനം നടത്തട്ടെ.

മണിക്കുട്ടിക്ക് ഈ വായ്പ്പ ഒരിക്കലും അടയ്ക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കും എനിക്കുമറിയാം. പക്ഷേ, നമ്മില്‍ ആര്‍ക്കാണ് മണിക്കുട്ടിയുടെ സങ്കടവായ്പയുടെ താളില്‍ ലോണ്‍ കേ്‌ളാസ്ഡ് എന്ന് എഴുതിച്ചേര്‍ക്കാന്‍ കഴിയുക? വൈഗയെ അറിയിക്കുക, news@vyganews.com എന്ന മെയില്‍ വിലാസത്തില്‍ . ഞങ്ങള്‍ മണിക്കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ വാങ്ങി നല്കാം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മണിക്കുട്ടി വെറുമൊരു കഥാപാത്രമല്ല