സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിന് ആന്റി ക്ളൈമാക്സ് നല്‍കിക്കൊണ്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്ത് ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന് ആന്റി ക്ളൈമാക്സ് നല്‍കിക്കൊണ്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്ത് പുറത്തായി.
തന്നെ മനപ്പൂര്‍വം ഈ കേസില്‍ പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും തന്നെ ബഌക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും ഒരു നടിയുടെ അടക്കം പേരുകള്‍ ബഌക് മെയിലിനു ശ്രമിച്ചവര്‍ പറഞ്ഞുവെന്നും ദിലീപ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കത്ത് പുറത്തായിരിക്കുന്നത്.
ഇതോടെ ദിലീപ് വീണ്ടും സംശയ നിഴലിലായിരിക്കുകയാണ്. തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യമാണ് പള്‍സര്‍ സുനി കത്തില്‍ ദിലീപിനു മുന്നില്‍ വയ്ക്കുന്നത്.
കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പൊലീസിന് കൈമാറിയതാണ്. ഈ കത്ത് ഇപ്പോള്‍ പുറത്തായത് കേസില്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഫലയമായി കൂടിയാണ്.
ഈ കത്ത് വ്യക്തമാക്കുന്നത് സംഭവത്തിനു പിന്നില്‍ ദിലീപിന്റെ കരങ്ങളായിരുന്നുവെന്നാണ്. ഇനി നിരപരാധിത്വം തെളിയിക്കേണ്ടത് ദിപീപിന്റെ ബാദ്ധ്യതയായിരിക്കുകയാണ്.
സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന് പള്‍സര്‍ സുനി പരിഭവിക്കുന്നു. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്. വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം. കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കില്‍, 300 രൂപ തന്റെ ജയില്‍ വിലാസത്തിലേക്ക് മണിഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ ലഭിച്ചാല്‍ ചേട്ടന് കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനി കത്തില്‍ പറയുന്നു.
അഞ്ച് മാസമായി താന്‍ ജയിലില്‍ കഴിഞ്ഞപ്പോഴും ചേട്ടനുമായി ബന്ധപ്പെട്ട ഒരു കാര്യവും താന്‍ പുറത്തുപറഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിമല്ലോ എന്നും കത്തില്‍ പറയുന്നു. സഹായിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റുമെന്നും കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്നും കത്തില്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഇതോടെ, കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. ഇതേസമയം, താന്‍ നിരപരാധിയാണെന്നും തന്റെ ചിത്രങ്ങള്‍ റിലീസിനെത്തുമ്പോള്‍ തന്നെ മാനംകെടുത്തുന്ന ഇത്തരം കലാപരിപാടികള്‍ പതിവാണെന്നും ദിലീപ് പറയുന്നു.
COMMENTS