Search

കിം കിടുകിടുക്കും

തിരുവനന്തപുരം ചലച്ചിത്രമേള കാത്തിരിക്കുകയാണ്. കിം കി ഡുക് ഒന്നു വന്നെത്താന്‍ . പുതിയ കാലത്തിന്റെ സംവിധായക സെന്‍സേഷനായ കിം കി ഡുക്കിന്റെ കാമറാ ലോകത്തിലൂടെ...

അഭിനന്ദ്

മേളയ്ക്കു തിരശ്ശീല ഉയരുന്നതിനു മുന്‍പേ ഒന്നുറപ്പാണ്. ഈ ചലച്ചിത്ര മേളയും കവര്‍ന്നെടുക്കുക കിം തെന്നെയായിരിക്കും. സമകാലിക സിനിമാ സംവിധായകരില്‍ സൂപ്പര്‍ താരത്തിന്റെ പ്രഭയുള്ള സാക്ഷാല്‍ കിം കി ഡുക്.

കിം ഒരു സ്വപ്നജീവിയാണ്. ഭൂമിയില്‍ കാലുറപ്പിക്കാതെ പാറിപ്പറക്കുന്ന പുരുഷകഥാപാത്രങ്ങള്‍ അനവധിയുണ്ട് കിമ്മിന്റെ സിനിമകളില്‍ . പക്ഷേ, സിനിമകളിലൂടെ സൂക്ഷ്മസഞ്ചാരം നടത്തിയാല്‍ മനസ്‌സിലാവും, കിം സ്വപ്നജീവിയല്ല. ജീവിതത്തെയും ഭൂമിയെയും പിറന്ന നാടിനെയും വല്ലാതെ സ്‌നേഹിക്കുന്ന പച്ചമനുഷ്യന്‍ ...

കിമ്മിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായ പൂങ്‌സാന്‍ ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി ചലച്ചിത്രകാരന്റെ മനസ്‌സില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. അതിനപ്പുറം പച്ചയായ ഒരു മനുഷ്യന്റെ മനസ്‌സും സ്‌ക്രീനില്‍ ബാക്കിവയ്ക്കുന്നുണ്ട്.

കിമ്മിന്റെ സങ്കടം 12 ലക്ഷം പേരുടെ ജീവനെടുത്ത കൊറിയന്‍ യുദ്ധമാണ്. ഒന്നായ രാജ്യം രണ്ടായി പിരിഞ്ഞുനിന്നു പോരടിച്ചു. ഇന്നും പോരടിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി മാറേണ്ട കൊറിയ തമ്മിലടിച്ചു നശിച്ചു കിടക്കുന്നു. ദക്ഷിണ കൊറിയ സാമ്പത്തികമായി എത്ര വളര്‍ന്നോ അത്രയും അധഃപതിച്ചു ഉത്തര കൊറിയ. ആയുധമത്സരത്തിനായി കമ്മ്യൂണിസത്തിന്റെ മേലങ്കിയിട്ട ഏകാധിപതികള്‍ പണം വാരിപ്പൊടിക്കുമ്പോള്‍ മുതലാളിത്തത്തെ പുല്‍കിയ ദക്ഷിണ ഖണ്ഡം അമേരിക്ക മുതല്‍ താഴോട്ട് പലര്‍ക്കും ദാസ്യപ്പണി ചെയ്യുന്നു.


കിം കി ഡുക്
ഏതു നിമിഷവും യുദ്ധത്തിലേക്ക് വഴുതിവീഴാന്‍ ഓങ്ങിനില്‍ക്കുന്ന കൊറിയകളാണ് കിം കി ഡുക്കിന്റെ വേദന. ആ സങ്കടത്തില്‍ നിന്ന് അദ്ദേഹമൊരുക്കിയ ചിത്രമാണ് പൂങ്‌സാന്‍ . 1950 ജൂണ്‍ 25 ന് തുടങ്ങിയ കൊറിയന്‍ യുദ്ധത്തിന്റെ അലകള്‍ ഇന്നും അവസാനിക്കാതെ ബാക്കിനില്‍ക്കുന്നു. അതിന്റെ സങ്കടമാണ് 2011ല്‍ പുറത്തിറങ്ങിയ പൂങ്‌സാന്‍ .

സത്യത്തില്‍ തിരുവനന്തപുരത്തുകാര്‍ക്ക് അറിയുന്ന അത്രപോലും കിം കി ഡുക്കിനെ സ്വന്തം നാടായ കൊറിയയില്‍ അറിയുമായിരുന്നില്ല. 2011ല്‍ പുറത്തിറങ്ങിയ പൂങ്‌സാന്‍ എന്ന ചിത്രമാണ് അദ്ദേഹത്തെ തിരിച്ചറിയാന്‍ കൊറിയക്കാരെ നിര്‍ബന്ധിതമാക്കിയത്. പൂങ്‌സാനു തൊട്ടുമുന്‍പു വരെ രണ്ടു പതിറ്റാണ്ടോളം അദ്ദേഹം എടുത്ത ചിത്രങ്ങളൊന്നും കൊറിയന്‍ ജനതയുടെ മനസ്‌സില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാല്‍ , പൂങ്‌സാന്‍ കൊറിയന്‍ ജനത രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഇന്ത്യയിലെ പോലെ നൂറും ഇരുന്നൂറും കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യുക കൊറിയയില്‍ പതിവില്ല. പക്ഷേ, പൂങ്‌സാന്‍ 200 തിയേറ്ററുകളിലാണ് ഒരേസമയം റിലീസ് ചെയ്തത്. വളരെ കുറഞ്ഞ ബജറ്റില്‍ എടുത്ത സിനിമ വന്‍വിജയമായി. വിജയം കണ്ട് താന്‍ തന്നെ അമ്പരന്നുപോയെന്നാണ് കിം പറഞ്ഞത്. എന്റെ ചിത്രങ്ങളെ ലോകം കണ്ടപ്പോഴും കൊറിയക്കാര്‍ മാത്രം മുഖം തിരിച്ചുനില്‍ക്കുന്നതില്‍ എനിക്കു സങ്കടമുണ്ടായിരുന്നു. ആ ദുഃഖമെല്ലാം തീര്‍ത്തുതന്നു പൂങ്‌സാന്‍ എന്നാണ് കിം പറഞ്ഞത്.

കൊറിയന്‍ ജനതയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് പൂങ്‌സാന്‍ . അതിനാലാണ് അവര്‍ ഈ സിനിമ യെ നെഞ്ചേറ്റിയത്. രാജ്യത്ത് ഒരു റഫറണ്ടം നടത്തി കൊറിയകള്‍ ഒന്നിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നതിനു സമാനമായ ഫലമാണ് ഒരു ചെറിയ ചിത്രം ചെയ്തത്. ഇതത്ര ചെറിയ കാര്യമായി ഉത്തര-ദക്ഷിണ കൊറിയകളിലെ ഭരണാധികാരികള്‍ക്ക് തള്ളിക്കളയാനാവില്ലെന്നും കിം പറയുന്നു.

ഇനി ഒരു രഹസ്യം പറയാം. പൂങ്‌സാന്‍ സംവിധാനം ചെയ്തത് കിം അല്ല! ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍മാണവുമാണ് കിം നിര്‍വഹിച്ചത്. ചിത്രം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ജൂന്‍ ജയ്‌ഹോ ആയിരുന്നു. പക്ഷേ, ചിത്രം മുദ്ര പതിച്ചത് കിമ്മിന്റെ പേരിലും!

ഞാന്‍ ഉദ്ദേശിച്ചതെന്തോ അത് ശിഷ്യന്‍ നിറവേറ്റിത്തന്നുവെന്ന് കിം പറയുന്നു. കൊറിയന്‍ ഏകീകരണം നേരത്തേയും കിം പ്രതിപാദ്യമാക്കിയിരുന്നു. കിമ്മിന്റെ രണ്ടാമത്തെ ചിത്രമായ വൈല്‍ഡ് ആനിമല്‍സിന്റെ പ്രതിപാദ്യവും കൊറിയന്‍ ഏകീകരണമായിരുന്നു. പക്ഷേ, പൂങ്‌സാനോളം തീവ്രമായിരുന്നില്ല വൈല്‍ഡ് ആനിമല്‍സിലെ പ്രമേയം. അതുകൊണ്ടാവാം ആ ചിത്രം കൊറിയക്കാര്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരിക്കാനും കാരണമെന്ന് കിം തന്നെ സ്വയം സമാധാനം കണ്ടെത്തുന്നു.

രണ്ട് കൊറിയന്‍ യുവാക്കള്‍ പാരീസ് തെരുവില്‍ കണ്ടുമുട്ടുന്നതും അവര്‍ക്കിടയില്‍ ആത്മബന്ധം ഉടലെടുക്കുന്നതുമാണ് വൈല്‍ഡ് ആനിമല്‍സിന്റെ പ്രമേയം. മറ്റുള്ളവരുടെ ചിത്രങ്ങള്‍ മോഷ്ടിച്ചുവിറ്റ് അഷ്ടിക്ക് വക കണ്ടെത്തിയിരുന്ന ഒരു തെക്കന്‍ കൊറിയക്കാരനും മുന്‍ പട്ടാളക്കാരനും കായികാഭ്യാസിയുമായ വടക്കന്‍ കൊറിയക്കാരനുമാണ് നായകന്മാര്‍ . വടക്കന്‍ കൊറിയയില്‍ ജനിച്ച് പാരീസില്‍ വളര്‍ന്ന ക്‌ളബ്ബ് നര്‍ത്തകിയായ ഒരു യുവതി ഇവരുടെ ചങ്ങാതിയായി മാറുന്നു.

ആ സിനിമ ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമെന്തെന്ന ചോദ്യത്തിനു വളരെ സത്യസന്ധമായ മറുപടിയാണ് കിം തരുന്നത്. (ഒരുപക്ഷേ, നമ്മുടെ സംവിധായകരില്‍ പലര്‍ക്കും ഇങ്ങനെയൊരു ഉത്തരം തരാന്‍ ധൈര്യം കാണില്ല.)

രതിയും വയലന്‍സും ഞാന്‍ ആ സിനിമയില്‍ കുത്തിനിറച്ചിരുന്നു. രണ്ടാമത്തെ ചിത്രമെന്ന നിലയില്‍ എന്റെ പക്വതയില്ലായ്മ കൂടിയായിരിക്കും അതിനു കാരണമായത്. വൈകാരികമായി എനിക്ക് ആ സിനിമ പ്രധാമാണ്. പക്ഷേ, കൊറിയന്‍ ജനതയ്ക്ക് അത്ര വൈകാരികത തോന്നിയിരിക്കില്ലായിരിക്കാം. അതാവാം അവര്‍ ആ സിനിമയെ തഴയാന്‍ കാരണം.പൂങ്‌സാനില്‍ നിന്ന്
ആ ദുഃഖവും വിഷമവും തീര്‍ക്കാന്‍ കൂടിയാണ് ഞാന്‍ പൂസാങിനു പേന ചലിപ്പിച്ചത്. എനിക്കറിയാമായിരുന്നു, കൊറിയകളുടെ ഏകീകരണത്തില്‍ എന്നെക്കാള്‍ വികാരതീവ്രമായ കാഴ്ചപ്പാട് ജൂന് ഉണ്ടെന്ന്. അതിനാലാണ് ജൂനെ തന്നെ ചിത്രമൊരുക്കാന്‍ ഏല്‍പ്പിച്ചത്. എന്റെ തീരുമാനം തെറ്റിയില്ലെന്ന് അനുഭവം തെളിയിച്ചു.

യുവതി രണ്ട് സുഹൃത്തുക്കളെയും വെടിവെച്ചുകൊല്ലുന്നിടത്താണ് വൈല്‍ഡ് ആനിമല്‍സ് അവസാനിക്കുന്നത്. ഐക്യ കൊറിയ എന്ന സ്വപ്നം തകര്‍ത്താണ് ആ കൊലപാതകങ്ങള്‍ .

പൂങ്‌സാനില്‍ ചിലപ്പോള്‍ നമുക്ക് അതിഭാവുകത്വം തോന്നാം. അതിമാനുഷനാണ് ഇതിലെ പേരില്ലാ നായകന്‍ . ഹൈവോള്‍ട്ടേജ് ഇലക്ട്രിസിറ്റി കടന്നുപോകുന്ന അതിര്‍ത്തിയിലെ കമ്പിവേലികള്‍ അയാള്‍ അനായാസം താണ്ടും. അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമായിപ്പോയ കുടുംബങ്ങള്‍ക്ക് അയാള്‍ ആശാകേന്ദ്രമാണ്. പലരും ഏല്‍പ്പിക്കുന്ന കത്തുകളും വസ്തുക്കളും അയാള്‍ മേല്‍വിലാസക്കാരന് കൈമാറും. കഠിനമായ പരീക്ഷണങ്ങളെ അയാള്‍ അനായാസം അതിജീവിക്കുന്നു.

കൊറിയക്കാരന്റെ മനസ്‌സുതന്നെയാണ് ആ കഥാപാത്രം. അവന്‍ വിലക്കുകളില്ലാത്ത ആകാശത്തു സ്വപ്നസഞ്ചാരം നടത്താറുണ്ട്. അതു തന്നെയാണ് ഇവിടെ നായകന്‍ യാഥാര്‍ത്ഥ്യമാക്കുന്നതും. ഒരു പ്രലോഭനത്തിലും വീഴില്ല അയാള്‍ . അകന്നുപോയ കൊറിയന്‍ കുടുംബങ്ങള്‍ വീഡിയോ ദൃശ്യങ്ങളിലൂടെ പരസ്പരം കാണുമ്പോള്‍ മാത്രം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും.

ശത്രുരാജ്യത്ത് അകപ്പെട്ടുപോയ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നുകാണാന്‍ , അവരുടെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ നഗരത്തിലെ ഒരു പ്രത്യേക ഇടത്തില്‍ തങ്ങളുടെ അപേക്ഷ എഴുതി തൂക്കിയിരിക്കും. ഇവിടെ നിന്നാണ് കഥാനായകന്‍ സഹായമാവശ്യമുള്ളവരെ കണ്ടെത്തുന്നത്. തെക്കന്‍ കൊറിയയില്‍ കുടുങ്ങിപ്പോയ, മരണാസന്നനായ ഒരു വൃദ്ധന്‍ ആറു പതിറ്റാണ്ടുമുമ്പ് കൈവിട്ടുപോയ തന്റെ ഭാര്യയെയും മക്കളെയും വീഡിയോദൃശ്യങ്ങളിലൂടെ വടക്കന്‍ കൊറിയയില്‍ കണ്ടെത്തുന്ന വികാരനിര്‍ഭരമായ രംഗത്തോടെയാണ് പൂങ്‌സാന്‍ തുടങ്ങുന്നത്.

കുടുംബത്തിലേക്ക് മടങ്ങണമെന്ന് താന്‍ എപ്പോഴും ചിന്തിച്ചിരുന്നു എന്നയാള്‍ ഖേദത്തോടെ കാമറയോട് പറയുന്നു. അങ്ങനെ മോഹിച്ച് അറുപതിലധികം കൊല്ലം പിന്നിട്ടിരിക്കുന്നു. നിങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു ഞാന്‍ കരുതുന്നു. എന്നോട് പൊറുക്കുക'. അയാള്‍ അത്രയും വാക്കുകളില്‍ തന്റെ പ്രതീക്ഷ കാമറയെ അറിയിക്കുന്നു. നായകന്റെ ദൗത്യം ഇവിടെയാരംഭിക്കുന്നു. വടക്കന്‍ കൊറിയയില്‍ വൃദ്ധന്റെ കുടുംബത്തെ കണ്ട് അവിടന്ന് പകര്‍ത്തിയ ദൃശ്യങ്ങളുമായി അയാള്‍ വീണ്ടും തെക്കന്‍ കൊറിയയിലെത്തുന്നു. ഭാര്യയുടെ മുഖം സ്‌ക്രീനില്‍ കണ്ടതും നീയിപ്പഴുമുണ്ടോ എന്നു പറഞ്ഞ് വൃദ്ധന്‍ പൊട്ടിക്കരയുന്നു...

ഇങ്ങനെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമായി ദൗത്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കുന്ന നായകനെ കൊറിയന്‍ ജനതയ്ക്ക് ഇഷ്ടപ്പെടാതെ തരമില്ലല്ലോ. കാരണം അവര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. അവര്‍ മോഹിക്കുന്നത് സമാധാനമാണ്. ഐക്യത്തോടെയുള്ള ജീവിതമാണ്. അതിനാലാവാം അവര്‍ ചിത്രത്തെ നെഞ്ചേറ്റിയതും.

വൈല്‍ഡ് ആനിമല്‍സില്‍ കൊറിയകള്‍ ഒന്നാകില്ലെന്ന് സങ്കടത്തോടെ സ്വയം പറയുന്ന കിം വര്‍ഷങ്ങള്‍ക്കിപ്പുറം, തന്റെ നാട് ഒന്നാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പൂങ്‌സാന്‍ എന്നത് നായകന്‍ വലിക്കുന്ന ഉത്തര കൊറിയന്‍ ബ്രാന്‍ഡ് സിഗററ്റാണ്. അതിട്ടുകൊടുക്കുന്നത് ദക്ഷിണ കൊറിയന്‍ രഹസ്യപ്പൊലീസാണ്. ഒരുവേള ഡബിള്‍ ഏജന്റെ സംശയിക്കപ്പെടുന്ന അയാളെ രണ്ടു കൊറിയന്‍ ഭരണകൂടങ്ങളും ക്രൂരമായി വേട്ടയാടുന്നുണ്ട്. അതെല്ലാം അയാള്‍ അതിജീവിക്കുന്നത് രാജ്യസ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ്.

സമീപകാല ലോക സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പേരായി കിം മാറിയെങ്കില്‍ അത് അയാളിലെ സര്‍ഗ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണ്. സിനിമയിലെ ക്‌ളിക്കുകള്‍ക്ക് കൂട്ടുനില്‍ക്കാതെ കിം സ്വന്തം വഴിയേ നടക്കുന്നു, കാല്‍ത്തഴമ്പ് വ്യക്തമായി പതിഞ്ഞ ഒരു ഒറ്റയടിപ്പാത പിന്നിലേക്കു പിന്നിലേക്ക് ബാക്കിവച്ചുകൊണ്ട്...
Kim Ki-duk is a South Korean filmmaker noted for his idiosyncratic "art-house" cinematic works. His films have received many distinctions in the festival circuit.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കിം കിടുകിടുക്കും