Search

വിനയത്തിന്റെ കിരീടം ചൂടിയ പാട്ടുകാരന്‍

സ്‌പോട്ട്‌സുരേഷ്

പൊന്‍കുന്നം ചിറക്കടവ് എന്ന ഗ്രാമത്തിലെ വധൂഗൃഹത്തില്‍ വച്ചായിരുന്നു എന്റെ വിവാഹം. പിറ്റേന്ന് തിരുവനന്തപുരം നഗരത്തിലെ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരു ചായ സല്‍ക്കാരം നടത്തി. കെ.പി. ഉദഭാനു അന്നാണ് ക്ഷണം സ്വീകരിച്ച് ആദ്യമായി എന്റെ ഒരു കാര്യത്തിനായി വരുന്നത്. വധൂവരന്മാരോട് കുശലം പറഞ്ഞശേഷം അദ്ദേഹം പറഞ്ഞു, റിഹേഴ്‌സല്‍ നടക്കുകയാണ്. കുറെ പാട്ടുകാരുണ്ട്. ഉടനെ മടങ്ങും. ഓണാഘോഷത്തിന് നടക്കാന്‍ പോകുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡി'ന്റെ അണിയറ ഒരുക്കങ്ങളില്‍ നിന്നാണ് അദ്ദേഹം ഓടിയെത്തിയത്. പി.ആര്‍.ഡി.യുടെ നേതൃത്വത്തില്‍ അന്ന് നടന്നിരുന്ന ഗാനമേളകളില്‍ ഒരെണ്ണം കെ.പി. ഉദയഭാനുവിന് എപ്പോഴും അവകാശപ്പെട്ടതാണ്.

ഊഞ്ഞാലാടി മറ്റൊരു ഓണംകൂടി വന്നെത്തി.
ഭാനുവേട്ടന്റെ ഫോണ്‍: നാളെ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയിലേക്ക് അനൗണ്‍സ് ചെയ്യാമോ?
മനസ്‌സിലുള്ള ചില ആഗ്രഹങ്ങള്‍ വന്നെത്തുമ്പോഴുള്ള ടെന്‍ഷനായി അപ്പോള്‍ .
ബേജാറാവണ്ട. സ്‌ക്രിപ്റ്റ് തരും. നോക്കി വായിച്ചാല്‍ മതി. പത്തുമണിക്ക് പി.ആര്‍.ഡി ഡയറക്ടര്‍ ജി.എന്‍ പണിക്കരുടെ മുറിയിലെത്തുക.

പണിക്കര്‍ സാറിനെ കണ്ടു. സ്‌ക്രിപ്റ്റ് തന്നിട്ട് വായിക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു ഉപദേശവും.
എല്‍ ആര്‍ ഈശ്വരിക്ക് മൂന്ന് പാട്ടാണുള്ളത്. അവര്‍ പാടി കഴിഞ്ഞാല്‍ ഉടനെ അടുത്ത പാട്ട് ഏതാണോ അത് അനൗണ്‍സ് ചെയ്യണം. താമസിക്കുന്നത്.

താമസിച്ചാല്‍ അവര്‍ മറ്റേതെങ്കില്ലും പാട്ട് ചിലപ്പോള്‍ പാടിക്കുകയും. അതു ശ്രദ്ധിക്കണം.
ആദ്യം അവര്‍പാടി... ഓമന പാട്ടുമായ് എന്ന ഗാനം. കുറച്ചു പാട്ട് കഴിഞ്ഞപ്പോള്‍ അവരുടെ രണ്ടാമത്തെ ഊഴമായി. ഗായികയെ ക്ഷണിച്ചു. പാട്ട് തീര്‍ന്ന ഉടനെ ഞാന്‍ അനൗണ്‍സ് ചെയ്തു. അടുത്ത പാട്ടിന്റെ കാര്യങ്ങള്‍. പണിക്കര്‍ സാറിന്റെ നിര്‍ദ്ദേശം അതുപോലെ അനുസരിച്ചു. പക്ഷേ എന്തു ചെയ്യാന്‍ . അവര്‍ അനൗണ്‍സ്‌മെന്റ് ശ്രദ്ധിച്ചില്ല. ആളുകളോട് തമിഴില്‍ എന്തൊക്കെയോ ചോദിക്കുന്നു. സംസാരിക്കുന്നു. എളന്ത പളമാ..... ഒ.കെ. ഒ.കെ.... പാടി തുടങ്ങി എളന്ത പളം...

ജനം ഇളകി. പൊലീസുകാര്‍ ലാത്തിയുമായി ആളുകളുടെ പിന്നാലെ. അവര്‍ വേദിയും സദസ്‌സും ഉത്സവ പറപ്പമ്പാക്കി.
പണിക്കര്‍ സാര്‍ വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്നോട് ദേഷ്യത്തില്‍ സംസാരിച്ചു. ഞാന്‍ പറഞ്ഞതല്ലേ്‌ള... ഉടനെ പറയണം, ഉടനെ പറയണം... എന്ന്.... എന്തായി ഇപ്പോ...?
പാട്ട് കഴിഞ്ഞ് എല്‍.ആര്‍. ഈശ്വരി വന്നപ്പോള്‍ അവരോടും എന്തൊക്കെയോ പണിക്കര്‍ സാര്‍ പറഞ്ഞു. അവരും ഉച്ചത്തില്‍ തിരിച്ചു പറഞ്ഞു.

ഞാന്‍ അടുത്ത പാട്ടിന്റെ വിശേഷണത്തിലേക്ക് കടന്നു....
വേദിയില്‍ എല്ലാവര്‍ക്കും ചിരിയായി. എനിക്കുമാത്രം ചിരി വന്നില്ല.
കൈവിട്ടുപോയ സാഹചര്യത്തെക്കുറിച്ചായിരുന്നു ചിന്ത.
വീണ്ടും ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി.
സ്റ്റേജിന്റെ ഒരു വശത്തിരുന്ന് അടുത്ത പാട്ട്.... സംഗീതം... രചന പാടുന്നതാര് എന്നൊക്കെ പറയുന്ന ആ രീതിയോട് തീരെ താല്‍പര്യം തോന്നിയില്ല.

പഴയ കാല ഗാനങ്ങള്‍ക്ക് ചരിത്രമുണ്ട്. അത് പിറന്ന കാലം, അനുഭവങ്ങളുടെ കഥ സാഹിത്യത്തിന്റെ മേന്മ, സംഗീതത്തിന്റെ പ്രത്യേകത, പശ്ചാത്തലം ഇതെല്ലാം പറയുമ്പോഴാണ് ഒരു 'വിവരണം' ആകുന്നത്. ഇത് പറയുകയല്ലേ വേണ്ടത്.

മുഹമ്മദ് റഫി സാബിന്റെ കാലം കഴിഞ്ഞു എന്നും, കിഷോറിന്റെ കാലമാണിത് എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കാലത്ത്, നൗഷാദ് ജി ദൂരദര്‍ശിലൂടെ റഫിസാബിന്റെ ഒരു ലൈവ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ദുനിയാ കേ രഖ്‌വാലേ ഉള്‍പ്പെടെ അന്ന് പാടിയ ഗാനങ്ങള്‍ ഒറിജിനല്‍ പിച്ചില്ലാണ് റഫി അവതരിപ്പിച്ചത്. ആ പാട്ടുകളെക്കുറിച്ച്, റഫിയുടെ മാസ്മരികമായ ഗാനാലാപത്തെക്കുറിച്ച്, വിവരിക്കാന്‍ അമേന്‍ സയാനി അവതാരകനായി ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു അപ്പോഴെല്ലാം എന്റെ മനസ്‌സില്‍. ലെജെന്റ് പത്മഭൂഷണ്‍ അമേന്‍ സയാനി.


സ്‌പോട്ട് സുരേഷും ഉദയഭാനുവും (ഫയല്‍ ചിത്രം)
സയാനി സാബിനെപ്പോലെ പറയണമെങ്കില്‍ ചരിത്രം പഠിക്കണം. ഭാഷവേണം. കാര്യങ്ങള്‍ ഗ്രഹിച്ച് മുന്‍പിലുള്ള ആയിരങ്ങളോട് മുഖാമുഖം സംസാരിക്കാനുള്ള മാനസിക കരുത്ത് വേണം.
സുരേഷ് ഒ.എന്‍.വി. സാറിനെ ചെന്നു കാണ്. ഞാന്‍ വിളിച്ചു പറയാം. ഭാനുവേട്ടന്റെ ആദ്യ ഉപദേശം.
ഇന്ദീവരത്തിലെത്തി. ഒരു ശിഷ്യനോട് ഗുരു എന്നപോലെ കെ.പി.എ.സി.യുടെ ചരിത്രം, പാട്ടിന്റെ പശ്ചാത്തല്ലം, വെല്ലുവിളികള്‍ , ആവിഷ്‌കാര സ്വാതന്ത്ര്യം, പ്രതിബന്ധങ്ങള്‍ , പ്രതികരണങ്ങള്‍ എല്ലാം ഒ.എന്‍.വി. സാര്‍ പലപ്പോഴായി പറഞ്ഞുതന്നു.

അഡ്വ. ജനാര്‍ദ്ദനക്കുറുപ്പിനെ കാണാന്‍ പറഞ്ഞു. മകന്‍ രാജീവാണ് കുറുപ്പുസാറിനെ പരിചയപ്പെടുത്താന്‍ എന്നോടൊപ്പം വന്നത്. അദ്ദേഹം മൂന്നു മണിക്കൂര്‍ സമയമെടുത്ത് ഒരു ക്‌ളാസ്‌സ് തന്നു. കെ.പി.എ.സി.യുടെ ചരിത്രം. അന്ന്, ഇതൊന്നും ആരും രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആധികാരിക പുസ്തകങ്ങളില്ല. ഇന്റര്‍നെറ്റ് വിവരണങ്ങളില്ല. 'ഒ.എന്‍.വി.യുടെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ ' എന്ന കോഴിക്കോട് പി.കെ. ബ്രദേഴ്‌സ് ഇറക്കിയ പുസ്തകത്തില്‍ ആമുഖമായി കുറിച്ച കവിയുടെ വിവരണംതന്നെ ഇങ്ങനെയാണ്.

'പാടിപ്പതിഞ്ഞ പാട്ടുകള്‍ ' എന്ന വിശേഷണത്തോടുകൂടി പല വേദികളിലും ഇന്നും ചിലര്‍ അവതരിപ്പിച്ചു പോരുന്നു. ഉത്സവഗാനമേളകളിലും, സമ്മേളന വേദികളിലും ഇന്നും പൊന്നരിവാള്‍ അമ്പിളി മിന്നിമറയാറുണ്ട്. ഈ പാട്ടുകള്‍ ദൂരദര്‍ശനിലും അവതരിപ്പിക്കാറുണ്ട്. ആരെഴുതിയെന്നോ... സംഗീതം നല്‍കിയെന്നോ, ഒരു സൂചനയും കൂടാതെ.

ഇതാണ് അന്നത്തെ അവസ്ഥ. ഇത് മാറ്റണം. എഴുതിയ കവി, സംഗീതം, നാടകം, സിനിമ ഇതിനെല്ലാം ഒരു പശ്ചാത്തലം നല്‍കി പറയണം. ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ അവതാരകന്‍ വേദിയുടെ മുന്നിലേക്ക് കടന്നു വന്ന് ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറെടുത്തു.

ഗാനമേളയുടെ ചരിത്രത്തില്‍ അതിനുമുന്‍പ് ഒരിക്കലും സ്ഥിരമായി ഇങ്ങനെയൊരു സമ്പ്രദായമില്ലായിരുന്നു. മുന്‍ മാതൃകയും ഉണ്ടായിരുന്നില്ല. പക്ഷേ, ചരിത്രത്തിലെ ആദ്യ അവതാരകന്റെ പേര് കുറിച്ചാല്‍, അത് ഭാസ്‌ക്കരന്‍ മാസ്റ്ററാണ് എന്ന് രേഖപ്പെടുത്തേണ്ടിവരും. അതിന്റെ പിന്നിലും ഒരു കഥയുണ്ട്.

1985-ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങ് എറണാകുളത്തുവച്ച് നടത്തുവാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അവാര്‍ഡ് ജേതാക്കളോടൊപ്പം പ്രമുഖ താരങ്ങളുടെ കലാപരിപാടികള്‍ അന്നേദിവസം ഉണ്ടാകും. മിക്ക താരങ്ങളും വന്നെത്തുകയും ചെയ്യും. പതിവ് രീതിയാണ് ഇത്.

അപ്പോഴാണ് ചലച്ചിത്ര പരിഷത്ത് താരസംഗമത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചത്. പ്രേംനസീറിന് അര്‍ഹമായ ആദരവ് അവാര്‍ഡ് ദാനത്തോടൊപ്പം ഉണ്ടാകണം എന്ന് പരിഷത്തിലെ ചില വ്യക്തികള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രേംനസീറിനെ പരിഗണിച്ചില്ല. ഇതിന്റെ പ്രതിഷേധമാണ് പിന്‍മാറലിന് പിന്നില്‍ എന്നതായിരുന്നു അന്ന് പറഞ്ഞു കേട്ട വര്‍ത്തമാനം. ഏതായാലും ഇതൊരു പ്രതിസന്ധിയായി.

ഇക്കാര്യം 2001-ല്‍ കെ.പി. ഉമ്മറുമായി ഒരു 'ഗള്‍ഫ്' യാത്രയ്ക്ക് പോയപ്പോള്‍ നേരിട്ട് ചോദിച്ചിരുന്നു. പക്ഷേ, അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. പരിഷത്തുമായി അധികാരികള്‍ വേണ്ടവിധത്തില്‍ ആലോചനകള്‍ നടത്തിയില്ല എന്ന ഒഴുക്കന്‍ മട്ടില്ലുള്ള മറുപടിയാണ് അദ്ദേഹം തന്നത്. ഇത് സംസാരിക്കുമ്പോള്‍ കെ.പി. ഉദയഭാനുവും അടുത്തുണ്ടായിരുന്നു. ഭാനുചേട്ടന്‍ അടക്കിയ ഒരു ചിരി ചിരിച്ചു.

പി.ആര്‍.ഡി.യുടെ ഡയറക്ടറായ തോട്ടം രാജശേഖരന്‍ ഈ പ്രതിസന്ധി അതിജീവിക്കാന്‍ പുതിയൊരു ആശയം കൊണ്ടുവന്നു. കൂടുതല്‍ ആലോചനയ്ക്കായി കെ.പി. ഉദയഭാനുവിനെ ക്ഷണിച്ചു. ഗാനങ്ങള്‍ കാലഘട്ടങ്ങളിലൂടെ 'ഇന്നലെ.... ഇന്ന്.... നാളെ' എന്ന് നാമകരണം ചെയ്ത് സര്‍ഗ്ഗസന്ധ്യ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.

1985 മെയ് 14 ജി.സി.ഡി.എ. സ്റ്റേഡിയം, കൊച്ചി സംസ്ഥാന ചല്ലച്ചിത്ര അവാര്‍ഡ് ദാനത്തിനുശേഷം വന്‍ജനാവല്ലിയെ സാക്ഷി നിര്‍ത്തി ചരിത്ര പ്രസിദ്ധമായ ആ ഗാനസന്ധ്യ അരങ്ങേറി. പാട്ടുകളുടെ വിശേഷണം പറയാന്‍ ഒരവതാരകന്‍ വന്നു. നമ്മുടെ പ്രിയങ്കരനായ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ . പാട്ടിനെക്കുറിച്ചുള്ള രസകരമായ വര്‍ത്തമാനങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഒരനുഭവമായി. പാട്ടിന്റെ ചരിത്രത്തില്‍ സൂക്ഷിക്കാതെപോയ മറ്റൊരു ചരിത്രം.

ഭാസ്‌ക്കരന്‍ മാസ്റ്റര്‍ പാടുന്നവരുടെ സമീപം ഒരു കസേരയില്ലിരുന്ന് ആമുല്ലം പറഞ്ഞു. ഒടുവില്‍ അദ്ദേഹം ഇങ്ങനെ കൂടി ചേര്‍ത്തു... ഇതുപോല്ലൊരു പാട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു എന്ന്. മാസ്റ്റര്‍ യേശുദാസിനെ ക്ഷണിച്ചു. ആയിരങ്ങളെ പ്രണയിച്ചുകൊണ്ട് ഗാനഗന്ധര്‍വ്വന്‍ പാടിത്തുടങ്ങി.... 'താമസമെന്തേ വരുവാന്‍ ....' നീണ്ട കരഘോഷം.
പിന്നെ പാടിയത് അക്കൊല്ലത്തെ ഗായികയായി തിരഞ്ഞെടുത്ത എസ്. ജാനകി.
ഉണരൂണരൂ ഉണ്ണിപ്പൂവേ.... കെ.പി ഉദയഭാനുവിന്റെ അനുരാഗനാടകത്തിന്‍ ...,
രാഘവന്‍ മാസ്റ്ററുടെ കായലരികത്ത് ആര്‍പ്പു വിളിയില്‍ മുങ്ങി....
പ്രാണനാഥനുമായി മാധുരി, മാനത്തെ കായലിന്റെ മധുരിമയുമായി കെ.പി. ബ്രഹ് മാനന്ദന്‍, പി.ബി. ശ്രീനിവാസ് നിറഞ്ഞ കണ്ണുകളോടെ ഭാവ തീവ്രതയോടെ അവതരിപ്പിച്ചു. പി.ലീലയും യേശുദാസും ചേര്‍ന്ന് വയലാറിന്റെ അവിസ്മരണീയ ഗാനം സ്വപ്നങ്ങള്‍ ....സ്വപ്നങ്ങള്‍ .... തൊഴുതുമടങ്ങും പാട്ടുമായ് ഉണ്ണിമേനോന്‍ , മാര്‍ക്കോസിന്റെ കന്നിപ്പൂമാനം, മലയാളത്തിന്റെ നാളെയുടെ പ്രതീക്ഷയുമായി കെ.എസ്. ചിത്ര, കൃഷ്ണചന്ദ്രന്‍, സുശീലാദേവി, എം.എസ്. നസീം തുടങ്ങിയവര്‍ സര്‍ഗ്ഗ സന്ധ്യയ്ക്ക് നാദം പകര്‍ന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഗാനസന്ധ്യയായിരുന്നു 'ഇന്നലെ ഇന്ന് നാളെ'

ഇതില്‍ നിന്നുകിട്ടിയ ഉണര്‍വ്വുമായി കെ. പി. ഉദയഭാനു, അന്നത്തെ ദൂരദര്‍ശന്‍ ഡയറക്ടറായിരുന്ന കുഞ്ഞുകൃഷ്ണനുമായി ആലോചിച്ച് ഒരു ഗാനസന്ധ്യ തിരുവനന്തപുരം സെനറ്റ് ഹാളില്‍ അവതരിപ്പിച്ചു.
കെ.എസ്. ജോര്‍ജ്ജ്, കെ.പി.എ.സി. സുലോചന, ഗോകുലപാലന്‍ , ശാന്ത പി. നായര്‍ , ജാനമ്മ ഡേവിഡ്, ഗായത്രി ശ്രീകൃഷ്ണന്‍ , എല്‍.പി.ആര്‍.വര്‍മ്മ തുടങ്ങിയവരെകൂടി പങ്കെടുപ്പിച്ച് അവതരിപ്പിച്ച ഹൃദ്യമായ ഈ പരിപാടി 'ഗാനസ്മൃതി' എന്ന പേരില്‍ ദൂരദര്‍ശന്‍ പ്രേക്ഷകര്‍ക്ക് വളരെകാലം വിരുന്നൊരുത്തി.
ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഏഷ്യാനെറ്റ് എന്ന സ്വകാര്യ ചാനലിന്റെ നേതൃസ്ഥാനത്ത് വന്നപ്പോഴും കെ.പി. ഉദയഭാനുവും ഒത്തുചേര്‍ന്ന് പഴയകാല പാട്ടിന്റെ പാലാഴി തീര്‍ത്തു.
അതാണ് 'പൂമരക്കൊമ്പ്'.
ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ പാട്ടുകളെ മാത്രം അവതരിപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റ് തുടങ്ങിയ 'പാട്ടുപെട്ടി' എന്ന പരിപാടിക്ക് പിന്നിലും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ നല്ല മനസ്‌സായിരുന്നു. ഓള്‍ഡ് ഈ ഗോള്‍ഡിന്റെ അവതാരകന്‍ , ഒരു ചരിത്രനിയോഗംപോലെ പാട്ടുപെട്ടിയുടെ അവതാരകനായി. പിന്നീട് ഉത്സവരാവുകള്‍ , സര്‍ഗ്ഗവേദികള്‍ , സാംസ്‌കാരിക ചടങ്ങുകള്‍ .... ഏവര്‍ക്കും അന്ന് കെ.പി. ഉദയഭാനുവിന്റെ ഓള്‍ഡ് ഈസ് ഗോള്‍ഡ് മതിയായിരുന്നു.

1986 മുതല്‍ 1996 വരെയുള്ള കാലഘട്ടം വേദിയില്‍ കമുകറയും ഉദയഭാനുവും ആന്‍േറായും ബ്രഹ് മാനന്ദനും പി. ലീലയും കെ.പി.എ.സി. സുലോചനയും ആമച്ചല്‍ രവിയും പ്രസരിപ്പോടെ നിന്നു പാടി. പാട്ടിന്റെ വസന്തകാലം സമ്മാനിച്ചു. ഇവരോടൊപ്പം പാടാന്‍ അടുത്ത തലമുറയ്ക്കും ഭാഗ്യം ലഭിച്ചു. എം.എസ്. നസീം, കല്ലറഗോപന്‍ , ശ്രീറാം, രാകേഷ് ബ്രഹ് മാനന്ദന്‍ , എം. രാധാകൃഷ്ണന്‍ , ലാലു ജോര്‍ജ്ജ്, സുശീലാദേവി, അനിത, പ്രീത, അരുന്ധതി, പ്രമീള അങ്ങിനെ എത്രയോപേര്‍ . നാദബ്രഹ് മ ഓര്‍ക്കെസ്ട്ര പഴയ കാല ഗാനങ്ങളെ പുനരവതിപ്പിക്കുന്ന ഏറ്റവും നല്ല വാദ്യോപകരണ കലാകാരന്മാരായി മലയാളികള്‍ അംഗീകരിച്ചു. ദേശവിദേശങ്ങളില്‍ അവരുടെ കീര്‍ത്തി ചെന്നെത്തി.

ഇവിടെ വന്നവര്‍ , ഇന്നല്ലെ വന്നവര്‍ ,
ഇതിലിരുന്നവരെവിടെ.
ഭാനുവേട്ടന്‍ പാടിയ ഹൃദയഗീതം. ബന്ധങ്ങളുടെ ബന്ധനം. ആര്‍ക്കും തടുക്കാന്‍ കഴിയാത്ത വിധിയുടെ കളിയാട്ടം.
മുതിര്‍ന്നവര്‍ എല്ലാരും നമ്മെ വിട്ടുപോയി.
ഭാനുവേട്ടന്‍ തനിച്ചായി.
പാടാന്‍ മറന്നുപോയ അദ്ദേഹവും ഇതാ മടങ്ങിയിരിക്കുന്നു.


സ്‌പോട്ട് സുരേഷ്
ഞങ്ങള്‍ കുറച്ചുപേര്‍ മാറി മാറി ചെല്ലുമായിരുന്നു.
പിന്നിട്ട രണ്ടു പതിറ്റാണ്ടായി നിരന്തരം അദ്ദേഹം കേള്‍ക്കുന്ന ശബ്ദം കേട്ട് ചിലപ്പോള്‍ ഒന്ന് നോക്കും.
ജീവന്‍ നിലനിര്‍ത്താനായി കുറെ ട്യൂബുകള്‍ മൂക്കിലും, ദേഹത്തും ഘടിപ്പിച്ചിരുന്നു. അതെല്ലാം വൈദ്യശാസ്ത്രത്തിന്റെ കരകൗശലം.
വിശ്രമമില്ലാതെ, പണം മോഹിക്കാതെ, പാട്ടിനേയും, ആസ്വാദകരേയും പ്രണയിച്ച്, നാടിനെ സ്‌നേഹിച്ച കെ.പി. ഉദയഭാനു, നിശ്ചലനായി കിടക്കുമ്പോഴും മനസ്‌സ് പറയുന്നു,
അല്ലയോ പാട്ടുകാരാ.... താങ്കളാണ് ഞങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരന്‍ .
വിനയമാണ് അങ്ങ് ചൂടിയ കിരീടം.
അതാണ് ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന സന്ദേശം.
എവിടെ നിന്നോ എവിടെ നിന്നോ
വഴിയമ്പലത്തില്‍ വന്നു കയറിയ
വാനമ്പാടികള്‍ നമ്മള്‍ .....
വാനമ്പാടികള്‍ നമ്മള്‍ ....

സ്‌പോട് സുരേഷ് – ഫോണ്‍ : 98472 82872/                                                                              E mail: chandu_spot@yahoo.com


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വിനയത്തിന്റെ കിരീടം ചൂടിയ പാട്ടുകാരന്‍