Search

മഴക്കളിയില്‍ പാകിസ്ഥാനെ 124 റണ്‍സിന് കീഴക്കി ഇന്ത്യന്‍ വീരഗാഥ

ലണ്ടന്‍: ചിരവൈരികളായ പാകിസ്ഥാനെ 124 റണ്‍സിന് കീഴക്കി ഇന്ത്യ, ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരം ഗംഭീരമാക്കി.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്ക്കു മുന്നില്‍ പാകിസ്ഥാന്‍ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിയുകയായിരുന്നു.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 48 ഓവറില്‍ 319നെതിരെ മഴനിയമപ്രകാരം 324 റണ്‍സ് വിജയലക്ഷയവുമായി ബാറ്റിംഗിനിങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ പൊരുതാന്‍ നോക്കിയെങ്കിലും അധികനേരം പോരാട്ടവീര്യം നിലനിര്‍ത്താന്‍ അവര്‍ക്കായില്ല.

പാകിസ്ഥാന്‍ 4.4 ഓവറില്‍ 22 റണ്‍സെടുത്തു നില്‍ക്കെയാണ് മൂന്നാമതും മഴയെത്തി. ഇതോടെ വീണ്ടും കളി തടസപ്പെട്ടു. പിന്നീട് അവരുടെ വിജയലക്ഷ്യം 41 ഓവറില്‍ 281 ആയി പുനഃക്രമീകരിച്ചു.

ബോളിങ്ങിനിടെ പരിക്കേറ്റ പാക് താരം വഹാബ് റിയാസ് കളി തോല്‍ക്കുമെന്ന് ഉറപ്പായതിനാല്‍ ബാറ്റിങ്ങിനിറങ്ങിയില്ല. അര്‍ധസെഞ്ചുറി നേടിയ അസ്ഹര്‍ അലിയാണ് പാക് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.

മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ബാബര്‍ അസം (12 പന്തില്‍ എട്ട്), അഹമ്മദ് ഷെഹ്‌സാദ് (22 പന്തില്‍ 12), ശുഐബ് മാലിക്ക് (ഒന്‍പതു പന്തില്‍ 15), മുഹമ്മദ് ആമിര്‍ (16 പന്തില്‍ 9) ഇമാദ് വാസിം (0), സര്‍ഫ്രാസ് അഹമ്മദ് (16 പന്തില്‍ 15), ഹസന്‍ അലി (0) എന്നിവര്‍ കാര്യമായി ഒന്നു ചെയ്യാനാവാതെ മടങ്ങിയപ്പോള്‍ പാക് പരാജയം അതിദയനീയമായി.

ഷുഐബ് മാലിക്ക് ജഡേജയുടെ കിറുകൃത്യമായ ത്രോയില്‍ റണ്ണൗട്ടായി. ഷദാബ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചത് തെറ്റായിപ്പോയെന്ന് കളി പത്ത് ഓവര്‍ തികച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ ക്യാപ്ടന്‍ സര്‍ഫ്രാസ് അഹമ്മദിനു മനസ്സിലായി. ആദ്യ അഞ്ച് ഓവര്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പിന്നീട് കത്തിക്കയറുകയായിരുന്നു.

മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 136 റണ്‍സ് നേടി. ശിഖര്‍ ധവാനു ശേഷമെത്തിയ ക്യാപ്ടന്‍ വിരാട് കോലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്‌കോര്‍ 192ല്‍ നില്‍ക്കെ, 119 പന്തില്‍ ഏഴു ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെ 91 റണ്‍സെടുത്ത രോഹിത് ശര്‍മ അനാവശ്യമായ റണ്ണിനായുള്ള ഓട്ടത്തിനിടെ ഔട്ടായി.

തുടര്‍ന്ന് യുവരാജ് എത്തിയതോടെ സ്‌കോറിംഗ് അതിവേഗത്തിലായി. എട്ടു ഫോറുകളുടെയും ഒരു സിക്‌സിന്റെയും ബലത്തില്‍ ട്വന്റി 20 ശൈലിയില്‍ ബാറ്റ്‌ചെയ്ത യുവരാജ് സിംഗ് മിന്നും വേഗത്തില്‍ യുവരാജ് അര്‍ധസെഞ്ച്വറിയിലേക്ക് എത്തി. അര്‍ധ സെഞ്ചുറി തികച്ചയുടനെ യുവരാജ് പുറത്തായി. 32 പന്തില്‍ 53 റണ്‍സ് നേടിയെ യുവരാജ് ഹസന്‍ അലിയുടെ പന്തില്‍ എല്‍ബിയായി. 46ാം ഓവറില്‍ യുവരാജ് പുറത്താകുമ്പോഴേക്ക് പക്ഷേ ഇന്ത്യന്‍ സ്‌കോര്‍ 285ലെത്തിയിരുന്നു.

അവസാന രണ്ടോവറുകളിലേക്കായി എത്തിയ ഹര്‍ദിക് പാണ്ഡ്യ വെറും ആറു ബോളുകളില്‍ നിന്ന് ഹാട്രിക് സിക്‌സറോടെ 20 റണ്‍സ് നേടി. അങ്ങനെ ഇന്ത്യന്‍ സ്‌കോര്‍ 48 ഓവറില്‍ 319 ആയി. 81 റണ്‍സുമായി ക്യാപ്ടന്‍ വിരാട് കോലി പുറത്താകാതെ നിന്നു.

പാക് നിരയില്‍ ഹസന്‍ അലിയും ഷദബ് ഖാനും ഓരോ വിക്കറ്റ് വീതം നേടി. ഫാസ്റ്റ് ബോളര്‍ വഹാബ് റിയാസ് 8 ഓവറില്‍ 87 റണ്‍സ് വഴങ്ങി.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മഴക്കളിയില്‍ പാകിസ്ഥാനെ 124 റണ്‍സിന് കീഴക്കി ഇന്ത്യന്‍ വീരഗാഥ