Search

തളര്‍ച്ചയുടെ കിടക്കയില്‍ നിന്ന് ഫീനിക്‌സായി ദേവരാജന്‍ മാസ്റ്റര്‍

സ്‌പോട്ട് സുരേഷ്

ശ്രീകുമാരന്‍ തമ്പിയുടെ പ്രതിഷേധ ശബ്ദം കേട്ടാണ് അന്നത്തെ പ്രഭാതമുണര്‍ന്നത്. സിനിമയുടെ നൂറാം വര്‍ഷ ആഘോഷത്തില്‍ രാഷ്ട്രപതി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് തന്റെ പേര് വെട്ടിമാറ്റി. അതിന്റെ പിന്നില്‍ ചില ഗൂഢസംഘം പ്രവര്‍ത്തിച്ചു. അദ്ദേഹം പച്ചയ്ക്ക് ആ കഥ പറഞ്ഞു. പത്രങ്ങളും ചാനലുകളും ആ വിവരം ലോകത്തെ അറിയിച്ചു.

മുഖ്യധാരയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വര്‍ത്തമാനം കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇന്ന് എല്ലാവര്‍ക്കും താത്പര്യം. പക്ഷേ, അതിനുള്ളിലെ മാനവിക വികാരങ്ങളെക്കുറിച്ച്, ആത്മാര്‍ത്ഥതയെക്കുറിച്ച്, വ്യഥകളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. അതുകൊണ്ട് ശ്രീകുമാരന്‍തമ്പിയുടെ കദനം രണ്ടുദിവസം കഴിഞ്ഞ് ഏവരും മറന്നു.


ദേവരാജന്‍ മാസ്റ്റര്‍
എന്നാല്‍ , ഇങ്ങനെയുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കുകയും, തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സ്വയം പോരാടുകയും ചെയ്ത ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് ഈ കുറിപ്പില്‍ .
ആ വലിയ മനുഷ്യന്‍ നമ്മുടെ സ്വന്തം ദേവരാജന്‍ മാസ്റ്ററാണ്.

മലയാള സിനിമയുടെ 50 വര്‍ഷത്തെ ആഘോഷം നടന്നപ്പോഴും സിനിമയിലെ സംഗീത വിഭാഗത്തില്‍ നിന്ന് ആരേയും പരിഗണിച്ചില്ല. ആദരിച്ചില്ല. കേന്ദ്രമന്ത്രി വസന്ത് സാഠേയുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്തുവെച്ച് നിറപ്പകിട്ടോടെ താരസംഗമം നടന്നു. താരങ്ങള്‍ മാത്രം ആദരിക്കപ്പെട്ട രാവായിരുന്നു അത്.

ഇതിലുള്ള പ്രതിഷേധത്തിന്റെ അടങ്ങാത്ത ചിന്തകളാണ് മലയാള ചലച്ചിത്രസംഗീതം - 50 വര്‍ഷം'' എന്ന സംഗീത സംഗമം നടത്തുവാന്‍ ദേവരാജന്‍ മാസ്റ്ററെ പ്രേരിപ്പിച്ചത്.

സാമ്പത്തികമായി എന്ത് കരുതണം എന്ന കാര്യമാണ് മാസ്റ്റര്‍ ആദ്യം തിട്ടപ്പെടുത്തിയത്. അതിനുള്ള മാര്‍ഗ്ഗമായി ആദ്യം സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റ സ്ഥാപനം തന്ന പണം തികയാതെ വന്നപ്പോള്‍ പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ മാസ്റ്റര്‍ക്ക് ഉത്കണ്ഠയായി. പ്രോഗ്രാമിന്റെ തീയതിയും അതിനോടകം നിശ്ചയിച്ചിരുന്നു. 1992 മാര്‍ച്ച് 4, 5, 6 തീയതികളില്‍ .

50 വര്‍ഷത്തെ ഗാനങ്ങളുടെ ഒരു പുസ്തകം 'ചിത്രഗാനസ്മരണിക' ഇറക്കുവാനുള്ള തയ്യാറെടുപ്പും ഇതിനോടകം തുടങ്ങിക്കഴിഞ്ഞിരുന്നു. പാട്ടുകളുടെ വലിയ ശേഖരമുള്ള എറണാകുളത്തെ നമ്പൂതിരി സാറിന്റെ മകന്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ മാസ്റ്റര്‍ ചെന്നു. പാട്ടുകള്‍ ഏതുവര്‍ഷം, ചിത്രം, ആദ്യവരി, പാടിയവര്‍ , പ്രത്യേകതകള്‍ എന്നിവ രേഖപ്പെടുത്തി. അതു സമയമെടുക്കുന്ന സംരംഭമാണെന്ന് തിരിച്ചറിഞ്ഞ് മാസ്റ്റര്‍ ഉണ്ണികൃഷ്ണനെ കരമനയിലെ വീട്ടിലേക്ക് പാട്ടിന്റെ ലിസ്റ്റ് അടങ്ങിയ പുസ്തകങ്ങളുമായി വന്നാല്‍ നന്നായിരിക്കും എന്ന് അഭ്യര്‍ത്ഥിച്ചു. അഭയദേവ് എഴുതിയ 1970 വര്‍ഷംവരെയുള്ള ചിത്രങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകവും അടിസ്ഥാനമായി സ്വീകരിച്ചു.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മാസ്റ്ററുടെ ചിന്ത ടെന്‍ഷനായി മാറി. കവിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. ജയകുമാറുമായി നടത്തിയ ആലോചനയ്ക്കുശേഷം തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍വച്ച് യേശുദാസ് വയലാര്‍ ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍ , ഒ.എന്‍.വി. കുറുപ്പ്, പി. ഭാസക്കരന്‍ , കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയവരുമായി മാസ്റ്റര്‍ വിശദമായി ചര്‍ച്ച നടത്തി. പ്രധാനമായും സാമ്പത്തിക മാര്‍ഗ്ഗങ്ങളാണ് തേടിയത്.

മാസ്റ്റര്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മീറ്റിംഗ് നിര്‍ത്തിവച്ചു. ഹോട്ടലില്‍ വിശ്രമിച്ചിട്ട് നാളെ പോയാല്‍ മതിയെന്ന് അംഗങ്ങള്‍ പറഞ്ഞു. എല്ലാവരും പിരിഞ്ഞു. മാസ്റ്റര്‍ മുറിയില്‍ വിശ്രമിച്ചു. തെല്ലൊരു മയക്കം കഴിഞ്ഞ് കരമനയിലെ വീട്ടിലേക്ക് പോകാനായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിയുന്നില്ല. സഹായിയായ, മധു മാസ്റ്ററെ നിവര്‍ത്തിയിരുത്തി. പക്ഷേ, കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നില്ല.
മാസ്റ്റര്‍ പറഞ്ഞു... എനിക്ക് കൈയ്യും കാലും ഒന്നുമില്ലാത്തപോലെ തോന്നുന്നു എന്ന്.
മധു ഫോണ്‍ചെയ്തു.... ത്രിവിക്രമനും കണിയാപുരവുമാണ് ആദ്യം ഓടി എത്തിയത്. അവര്‍ മാസ്റ്ററെ കോസ്‌മോ പൊളിറ്റന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു.

സിനിമാക്കാരേയും, മസ്‌ക്കറ്റ് ഹോട്ടലില്‍നിന്ന് വരുന്നു എന്നൊക്കെപറഞ്ഞപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ഒരു ചോദ്യം.
എത്ര പെഗ്ഗ് കഴിച്ചു എന്ന്.
മാസ്റ്റര്‍ ചിരിച്ചു.
കണിയാപുരം പറഞ്ഞു... ഇതാണ് മാസ്റ്ററെ പറയുന്നത്.
വല്ലപ്പോഴുമൊക്കെ രണ്ട് പെഗ്ഗ് കഴിക്കണം. ഇപ്പോ കണ്ടില്ലേ ഒന്നും കഴിക്കാതെ തന്നെ ചീത്തപ്പേരായത്.
കോസ്‌മോയിലെ ചികിത്സ രണ്ടു ദിവസം പിന്നിട്ടു. അസുഖം ഗൗരവ്വമുള്ളതാണ് എന്നും ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റണം എന്നും തീരുമാനിച്ചു. നിബന്ധനകള്‍ പലതുമുള്ള ശ്രീചിത്രയിലെ അഡ്മിഷന്‍ ശരിയാക്കാന്‍ ഓടി നടക്കുന്നതും ത്രിവിക്രമനും കണിയാപുരവും എന്‍ ആര്‍ എസ്. ബാബുവും കൂടിയാണ്. അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്യും എന്നുപോലും വിളംബരം ചെയ്തു കണിയാപുരം. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ പത്രസമ്മേളനം നടത്തി പ്രോഗ്രാം മാറ്റിവച്ചതായി അറിയിച്ചു.

ശ്രീചിത്രയില്‍ 1992 ഫെബ്രുവരി 23-ന് മാസം മാസ്റ്ററെ പ്രവേശിപ്പിച്ചു. ഒറ്റയ്ക്കുള്ള താമസം മാസ്റ്റര്‍ക്ക് വിഷമമായി. എങ്ങിനേയും ഇവിടെ നിന്ന് പോകണം എന്ന് നിര്‍ബന്ധം പിടിച്ചു. ഒരാളെ കൂടെ നിര്‍ത്താന്‍ ഡോ. വല്യത്താന്‍ അനുവാദം നല്‍കി. ശ്രീചിത്രയുടെ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണിത്. അങ്ങനെ പകല്‍ മാസ്റ്ററുടെ സഹധര്‍മ്മിണിയും രാത്രി മധുവും മാസ്റ്റര്‍ക്ക് കൂട്ടിനായി എത്തി. 49 ദിവസത്തെ സൂക്ഷ്മതയുള്ള മെഡിക്കല്‍ ചികിത്സയുടെ ഫലമായി മാസ്റ്റര്‍ക്ക് ഭക്ഷണം കഴിക്കാം എന്നായി. പിന്നീട് കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.

ആറുമാസത്തെ നിരന്തരമായ ചികിത്സയുടെ അനുഗ്രഹത്തോടെ ദേവരാജന്‍ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ പുനര്‍ജീവിച്ച് ജീവിതധാരയിലേക്ക് മടങ്ങിവന്നു. 1993 ജനുവരി മുതല്‍ അദ്ദേഹം സജീവമായി.

ഈ കാലയളവിലെല്ലാം താന്‍ മനസ്‌സില്‍ കണ്ട സംഗീതസംഗമം യാഥാര്‍ത്ഥ്യമാകാതെ ബാക്കി നിന്നു. അതിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞ് പല വ്യക്തികളേയും നേരില്‍ കണ്ടു പരസ്യ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. ചെറിയ ചെറിയ തുക ഉറപ്പുവരുത്തി പലരും സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. തന്റെ പദ്ധതിയുമായി മുന്നോട്ടു പോകാം എന്ന ആത്മവിശ്വാസം മാസ്റ്റര്‍ വീണ്ടെടുത്തു.

ദേവരാജന്‍ മാസ്റ്റര്‍ ആദ്യം പോയത് ബോംബെയിലേക്കാണ്. പാട്ടുകാരുടെ സുഹൃത്ത് ബോംബെ ചന്ദ്രന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുത്തു. സംഗീതജ്ഞന്‍ നൗഷാദ്ജിയെ നേരില്‍ക്കണ്ടു. അദ്ദേഹത്തോടൊപ്പം ലതാ മങ്കേഷ്‌കര്‍ , ആഷാ ബോണ്‍സലെ, ഉഷാ ഖന്ന, സലില്‍ ചൗധരി, രവീന്ദ്ര ജയിന്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് സംഗീത സംഗമത്തിലേക്ക് ക്ഷണിച്ചു.

ചിത്രഗാന സ്മരണികയ്ക്കുവേണ്ടിയുള്ള പരസ്യമാര്‍ഗ്ഗങ്ങളും തേടി. പ്രൊഡ്യൂസര്‍ ഗുഡ്‌നൈറ്റ് മോഹനേയും മാസ്റ്റര്‍ കണ്ടു. തന്റെ ഉദ്യേശ്യലക്ഷ്യങ്ങള്‍സംസാരിച്ചപ്പോള്‍ ഇതിന്റെ വീഡിയോ ഓഡിയോ റൈറ്റ്‌സ് മാസ്റ്റര്‍ എനിക്ക് തരൂ എന്ന് പറഞ്ഞ് നല്ലൊരു തുക മാസ്റ്റര്‍ക്ക് ഓഫര്‍ നല്‍കി.
'ഞാന്‍ മറ്റൊരാള്‍ക്ക് വാക്ക് കൊടുത്തുപോയി എന്ന് പറഞ്ഞ്' മാസ്റ്റര്‍ ശ്രീ മോഹന്‍ മുന്നോട്ടുവച്ച് ഓഫര്‍ നിരസിച്ചു.


ദേവരാജന്‍ മാസ്റ്ററുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം 2002 സെപ്തംബര്‍ 30ന് കൊച്ചിയില്‍ നടന്ന വേളയില്‍ മാസ്റ്ററെ കെ. കരുണാകരന്‍ അനുമോദിക്കുന്നു
ശ്രീ. മോഹനനെ അടുത്തിടെ നേരില്‍ കണ്ടപ്പോള്‍ ഈ സ്‌പോണ്‍സര്‍ഷിപ്പിനെക്കുറിച്ച് ഞാന്‍ ചോദിച്ചു.
അയ്യോ..... സ്‌പോണ്‍സര്‍ഷിപ്പ് എന്നൊരു വാക്കൊന്നും ഉപയോഗിക്കരുത്. മാസ്റ്ററുടെ ഡിവൈനായ ഒരു പ്രോജക്ടിന് പങ്കാളിയാകാനുള്ള ആഗ്രഹം പറഞ്ഞു എന്നു മാത്രം. പണം കൊടുത്ത് മാസ്റ്ററുടെ ആ ശ്രമത്തെ അളക്കരുത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ മാസ്റ്റര്‍ നേരില്‍ കണ്ടു. ഇങ്ങനെയൊരു സംരംഭത്തിന് വേണ്ട ആവശ്യകതകള്‍ മനസ്‌സിലാക്കിയ ലീഡര്‍ മന്ത്രി ടി.എം. ജേക്കബ്ബിനേയും, കെ. ജയകുമാറിനേയും ക്ഷണിച്ച് വരുത്തി ഒരു ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായത്തിന്റെ ഓര്‍ഡര്‍ അപ്പോള്‍ തന്നെ മുഖ്യമന്ത്രി മാസ്റ്റര്‍ക്ക് കൈമാറി.
ഉദ്ഘാടന തീയതിയും കൃത്യ സമയവും മാസ്റ്റര്‍ , കെ. കരുണാകരനോട് പറഞ്ഞു.
1994 ആഗസ്റ്റ് 20 കൃത്യം 6 മണി. താമസിക്കരുത്. എങ്കില്‍ ഞാന്‍ പരിപാടി അങ്ങ് തുടരും.
ഒരു ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിയോട് പോലും തന്റെ നിഷ്ഠ മടികൂടാതെ പറഞ്ഞതിലുള്ള ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ കരുണാകരന്‍ നല്ലൊരു പുഞ്ചിരി സമ്മാനിച്ചിട്ട് പറഞ്ഞു, സമയം എനിക്ക് തെറ്റാറില്ല. 6 മണിക്ക് അഞ്ചു മിനിട്ട് മുന്‍പ് സെനറ്റ് ഹാളില്‍ എത്തും.

മദ്രാസ്സിലെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോ എല്ലാം ഒരാഴചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചതുപോലെയായിരുന്നു. ഡബിള്‍ബാസ്, ഗവായ്ഗിറ്റാര്‍ , ചെല്ലോ തുടങ്ങിയ പഴയകാല അപൂര്‍വ്വ വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടെ അറുപതോളം കലാകാരന്മാര്‍ തിരുവനന്തപുരത്ത് എത്തി.
ജോണ്‍സന്റെ നേതൃത്വത്തില്‍ നൊട്ടേഷന്‍ പഠനം. നൂറ്റി അന്‍പതോളം പാട്ടുകളുടെ ലിസ്റ്റില്‍ നിന്നും നൂറോളം പാട്ടുകളുടെ പരിശീലനം. അഞ്ചു ദിവസം നീണ്ടുനിന്ന റിഹേഴ്‌സല്‍ .

കോരിത്തരിക്കുന്ന മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ്ണ വഴികളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയായിരുന്നു. മാസ്റ്ററെ എല്ലാവരും അനുസരിച്ചു... അനുഗമിച്ചു.
ശാന്തനായി, ഒരു താപസനെപോലെ ഒരാള്‍ . മനസ്‌സ് മുഴുവന്‍ വരാന്‍ പോകുന്ന മൂന്ന് രാവുകള്‍ . എങ്ങിനെയാവണം, എന്തു നടക്കണം. ആരെല്ലാം വേദിയില്‍ വന്നുപോകണം എന്നതെല്ലാം ചിന്തിച്ച് ചിട്ടയായി ഒരു പട ഒരുക്കം. തികഞ്ഞ അര്‍പ്പണബോധനത്തിന്റേയും, ആജ്ഞാശകതിയുടേയും പിന്‍ബലത്തോടെ... തന്റെ മനസ്‌സിലെ സംഗീത സംഗമം തിരുവനന്തപുരം സെനറ്റ് ഹാളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ദേവരാജന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു.

കെ. കരുണാകരന്‍ കൃത്യം 6 മണിക്ക് ഉദ്ഘാടനം ചെയ്തു. സ്റ്റേജില്‍ അലങ്കരിച്ച വിളക്കിന്റെ തിരികള്‍ ഗായകര്‍ തെളിയിച്ചു. ദേവരാജന്‍ മാസ്റ്റര്‍ ആമുഖം പറഞ്ഞു. സംഗീതത്തിന്റെ, അനുഭവങ്ങളും, പാഠങ്ങളുമായിരുന്നു ആ സംസാരം. നൗഹാദ്ജിയുടെ വിലപ്പെട്ട സാന്നിദ്ധ്യം സന്ധ്യയെ ദീപ്തമാക്കി...


ദേവരാജന്‍ മാസ്റ്റര്‍ സംഘടിപ്പിച്ച സംഗീത പരിപാടി ജോണ്‍സണ്‍ നയിക്കുന്നു. പാടുന്നത് യേശുദാസും ബി. വസന്തയും
ലതാ മങ്കേഷ്‌കര്‍ ഒഴിച്ച് മുംബൈയില്‍ നിന്നു ക്ഷണിച്ച എല്ലാവരും എത്തിയിരുന്നു. ചലച്ചിത്ര സംഗീതവുമായി ബന്ധപ്പെട്ട ഏവരും സെനറ്റ് ഹാളിന്റെ സ്റ്റേജിലും, പരിസരത്തും നിറഞ്ഞുകവിഞ്ഞു.
ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും, കരഘോഷങ്ങള്‍ക്കും മനസ്‌സ് കൊടുക്കാതെ സെനറ്റ് ഹാളിന്റെ സ്റ്റേജിന്റെ ഇടതുവശത്ത് ഒരു കസേരയിലിരുന്ന് വീക്ഷിക്കുകയായിരുന്നു ദേവരാജന്‍ .

ഗായകര്‍ക്കും, ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും മെമന്‍േറാ നല്‍കി ആദരവ് അറിയിച്ചു മാസ്റ്റര്‍ . ഈ മെമന്‍േറാകളുടെ നിര്‍മ്മാണച്ചെലവ് ഇളയരാജ ഏറ്റെടുത്തുകൊണ്ടാണ് തന്റെ സഹകരണം ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചത്. ഗുഡ്‌നൈറ്റ് മോഹന്റെ സമ്മാനമായിരുന്നു ഓര്‍ക്കസ്ട്രാ കലാകാരന്‍മാര്‍ക്കുള്ള യൂണിഫോം. മൂന്നുദിവസമായി അവതരിപ്പിച്ച ഗാനങ്ങളുടെ വിവരണം കെ. ജയകുമാര്‍ ഐ.എ.എസ്. എഴുതി. കൃഷ്ണചന്ദ്രനും ആശാ ഗോപനുമായിരുന്നു അവതാരകര്‍ . 94 പാട്ടുകള്‍. ആഗസ്റ്റ് 20, 21, 22 തീയതികളിലായി തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെച്ച് അവതരിപ്പിച്ചു.

പരിപാടിയില്‍ നിന്ന് കിട്ടുന്ന ലാഭം, സംഗീത കാലകാരന്മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി, സൗജന്യ ഇന്‍ഷ്വറന്‍സ്, അവശതകള്‍ വരുമ്പോള്‍ സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങള്‍ മാസ്റ്റര്‍ വിഭാവന ചെയ്തിരുന്നു. പക്ഷേ പരസ്യത്തിലൂടെ കിട്ടിയ തുക കൊണ്ട് ചെലവുതുകപോലും കൊടുത്തു തീര്‍ക്കാന്‍ സാധിച്ചില്ല.

അന്‍പതുവര്‍ഷത്തെ ഗാനങ്ങളുടെ സമാഹാര പുസ്തകത്തിന്റെ, ആയിരം കോപ്പിയുടെ അച്ചടിച്ചിലവ് തന്നെ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപാ വന്നിരുന്നു. നൂറ് കോപ്പികള്‍ മാത്രം വിറ്റഴിഞ്ഞതിന്റെ തുകപോലും കൃത്യമായി കൈകളില്‍ വന്നുചേര്‍ന്നില്ല. ഇതിന്റെ അച്ചടി നടത്തിയ കോട്ടണ്‍ഹില്‍ സെന്റ് ജോസഫ് പ്രസ്‌സില്‍ മാസ്റ്റര്‍ നേരിട്ട് ചെന്ന് പണം കിട്ടുമ്പോള്‍ തന്ന് തീര്‍ക്കാം എന്ന് കരാറുണ്ടാക്കി. രണ്ടുവര്‍ഷംകൊണ്ടാണ് മാസ്റ്റര്‍ ആ കടം പൂര്‍ത്തിയാക്കിയത്. കുറച്ചുപണം തരംഗിണി നല്‍കി സഹായിച്ചു.

ഇന്ന് പാട്ടുകളുടെ വെബ് സൈറ്റ് പലരും രൂപം കൊടുത്തത് ചിത്രഗാനസ്മരണികയില്‍ നിന്നാണ്. ഇവരെല്ലാം മാസ്റ്ററുടെ കുടുംബത്തിന് റോയല്‍റ്റി നല്‍കേണ്ടതാണ്. സംഗീതത്തിന്റെ മഹത്തായ സംഗമം നടക്കുമ്പോള്‍ മാസ്റ്ററുമായി അടുപ്പമുള്ള ഒരു നടന്‍ വന്ന് ആദരസൂചകമായി ഒന്ന് തൊഴുതു.
മാസ്റ്റര്‍ ചോദിച്ചു... നിങ്ങളെയാരും ഞാന്‍ ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ' എന്ന്.
നടന്‍ ഒരു വളിച്ച ചിരിചിരിച്ച് പിന്നോട്ട് വലിഞ്ഞു.


സ്‌പോട്ട് സുരേഷ്
ഇതിനെക്കുറിച്ചെല്ലാം മാസ്റ്ററുമായി പിന്നീട് സംസാരിച്ചിരിക്കവെ അദ്ദേഹം പറഞ്ഞു - ഞാന്‍ ഒരു സംഗീതകാരനാണ്. ബിസിനസ്‌സ് എനിക്ക് അറിയില്ല. അങ്ങനെയെങ്കില്‍ മോഹന്‍ വാഗ്ദാനം ചെയ്ത തുക മാത്രം മതിയായിരുന്നു എല്ലാം മംഗളമായിത്തീരാന്‍ . അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.

ദേവരാജന്‍ മാസ്റ്ററുടെ ഡയറിക്കുറിപ്പില്‍ പാട്ടുകളെക്കുറിച്ചുള്ള വിവരണങ്ങളെ ഉള്ളു. പാട്ട് സൃഷ്ടിക്കാന്‍ വാങ്ങിയ പണത്തിന്റെ കണക്കുകളില്ല. മലയാള സിനിമാസംഗീതത്തിന് അമൂല്യ സംഭാവനകള്‍ ചെയ്ത ഒരു ബാനറിന്റെ ബാങ്കില്‍ നിന്ന് മടങ്ങിയ ഒരുകെട്ട് ചെക്കുകള്‍ ഇനിയും കീറി കളയാതെ ഒരു സ്മാരകംപോലെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് മാസ്റ്ററുടെ വീട്ടില്‍. അത് ആരുടേതെന്നുപോലും ലോകത്തോട് തുറന്നു പറഞ്ഞിരുന്നില്ല അദ്ദേഹം. ഒരു പാട്ട് അവര്‍ക്കുവേണ്ടി ചെയ്തതിന്റെ പ്രതിഫല തുക പത്തുരൂപയില്‍ കുറവായിരിക്കും ചിലപ്പോള്‍ !

മലയാള സിനിമാസംഗീതത്തിന്റെ ആഘോഷം ഇനി സംഘടിപ്പിക്കുമ്പോള്‍ - പാട്ടിനും, പാട്ടുകാര്‍ക്കും പാട്ടിന്റെ ശ്രോതാക്കള്‍ക്കും ആസ്വാദകര്‍ക്കും വേണ്ടി മാത്രമുള്ളതാകട്ടെ.
അതൊരു താരസംഗമം ആവാതിരിക്കട്ടെ!!!
ചലച്ചിത്ര സംഗീതത്തിന്റെ പ്രാതസ്മരണീയന് പ്രണാമം...

സ്‌പോട് സുരേഷ് – ഫോണ്‍ : 98472 82872/  E mail: chandu_spot@yahoo.com


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തളര്‍ച്ചയുടെ കിടക്കയില്‍ നിന്ന് ഫീനിക്‌സായി ദേവരാജന്‍ മാസ്റ്റര്‍