Search

ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ അമ്മ

ആനന്ദ്

ഡോ. ഷീലാ ബാലകൃഷ്ണന്‍ വിശ്രമിക്കാറില്ല. വീട്ടില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തി നിത്യവും മേശ നിറയ്ക്കുന്നുമില്ല. സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ദിനത്തില്‍ തന്നെ പുസ്തകങ്ങളെല്ലാം മടക്കി, ഡിഎ, എച്ച് ആര്‍ എ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചു നടക്കുന്നവരുടെ കൂട്ടത്തിലും ഡോ. ഷീലയില്ല. ഗൈനക്കോളജിയിലും ഒബ്‌സ്‌റ്റെട്രിക്‌സിലും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുതിയ അറിവുകള്‍ നേടുന്നവയില്‍ ഡോ. ഷീലയുടെ പുസ്തകങ്ങള്‍ പ്രഥമ സ്ഥാനത്തുണ്ട്.

ഇന്ന് തെക്കേ ഇന്ത്യയിലെ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളുടെ നിരയിലും ഡോ. ഷീല ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു.

പരിമിതമായ സൗകര്യങ്ങളില്‍ തെന്നിന്ത്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശുവിന്റെ കരച്ചില്‍ കേള്‍പ്പിച്ചത് ഡോ. ഷീലയുടെ കൊടുങ്കാറ്റിലും വേഗത്തില്‍ പായുന്ന മനസ്‌സാണ്. അതിനവര്‍ക്ക് കൂട്ടായി ഡോ. റജി കുമാര്‍, ഡോ. അനിത തുടങ്ങി നഴ്‌സുമാരും ലാബ് അസിസ്റ്റന്റുമാരും വരെ നീണ്ടൊരു നിരയുണ്ടായിരുന്നു.

തിരുവനന്തപുരത്തെ പല സ്വകാര്യ ആശുപത്രികളിലെയും സൗകര്യങ്ങള്‍ എസ്എടിയില്‍ ഇല്ല. സര്‍ക്കാരിന്റേതായ പരാധീനതകള്‍ പലതും എസ്എടിയില്‍ കാണാം. എന്നിട്ടും ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ കരച്ചില്‍ ഇനിയുമിനിയും എസ്.എ.ടിയില്‍ കേള്‍ക്കാന്‍ പോകുന്നുവെങ്കില്‍ അത് ഡോക്ടര്‍മാര്‍ നയിക്കുന്ന സംഘത്തിന്റെ ആത്മാര്‍ത്ഥത ഒന്നുമാത്രമാണ്. സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ബേബിക്കു വേണ്ടുന്ന ഐവിഎഫ് ചികിത്സയ്ക്ക് ചെലവ് രണ്ടു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ പോകാറുണ്ട്. പക്ഷേ, ഇവിടെ അറുപത്തയ്യായിരം മുതല്‍ ഒരു ലക്ഷത്തിനകത്ത് ചെലവ് ചുരുക്കി സാധാരണക്കാരനും കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ചെയ്തുകൊടുക്കുകയാണ് എസ്എടി. അതുതന്നെയാണ് ഡോ. ഷീലാ ബാലകൃഷ്ണന്റെയും സംഘത്തിന്റെയും നേട്ടം.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു മാതൃകയാകേണ്ട ഡോ. ഷീലാ ബാലകൃഷ്ണന്റെ വിജയകഥ ഇങ്ങനെ സംഗ്രഹിക്കാം...


തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വാചാലയാവാന്‍ ഡോ. ഷീല ഒരുക്കമല്ല. പറയാനുള്ളതെല്ലാം ഇതിനകം തന്നെ മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു എന്ന നിലപാടിലാണ് അവര്‍. ന്യൂസ് അവറില്‍ ചില ചാനലുകള്‍ അതിഥിയായി വിളിച്ചിരുത്തി, നിങ്ങള്‍ സ്വകാര്യ ആശുപത്രിക്കാര്‍ക്കു ഭീഷണിയാണോ, അവരില്‍ നിന്നു ഭീഷണിയുണ്ടോ എന്നൊക്കെ സാമര്‍ത്ഥ്യത്തോടെ ചോദ്യങ്ങള്‍ ഷീലയോട് ചിലര്‍ എറിഞ്ഞുനോക്കി. ഞങ്ങള്‍ ആര്‍ക്കും ഭീഷണിയല്ലെന്നും സ്വകാര്യ ആശുപത്രികളോട് മത്സരിക്കാനല്ല എസ്.എ.ടി ഇതൊക്കെ ചെയ്യുന്നതെന്നും ഡോ. ഷീല ആവര്‍ത്തിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ ചുമത്തുന്ന തുക ചെലവുമായി തട്ടിക്കുമ്പോള്‍ കൂടുതലല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത ഇവിടെ ചെലവ് അല്പം കുറച്ചുതരുന്നുവെന്നേയുള്ളുവെന്ന് അവര്‍ പറയുന്നു.

നല്ലൊരു എംബ്രിയോളജിസ്റ്റിനെ കിട്ടുക എന്നതാണ് ഐവിഎഫ് രംഗത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് . കേരളത്തില്‍ മികച്ച എംബ്രിയോളജിസ്റ്റുകള്‍ ഇല്ലെന്നു തന്നെ പറയാം. ഉള്ളവരെല്ലാം വിദേശത്താണ്. എസ്എടിയെ ഈ രംഗത്ത് സഹായിക്കാന്‍ വന്നത് മുംബയിലെ ഒരു സ്ഥാപനമാണ്. ടേണ്‍ കീ വ്യവസ്ഥയില്‍ അവരെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

ഐവിഎഫിനായി ദമ്പതികളെ കണ്ടെത്തുകയും അവരെ സ്റ്റിമുലേറ്റ് ചെയ്യുകയുമാണ് എസ്എടിയില്‍ ഡേക്ടര്‍മാരുടെ ആദ്യ ഘട്ടം. ഐവിഎഫിനു വിധേയരാകും മുന്‍പ് അവരെ മാനസികമായും സജ്ജരാക്കേണ്ടതുണ്ട്. കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കടമ്പകള്‍ കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ പ്രധാനം എംബ്രിയോളജിസ്റ്റിന്റെ മാന്ത്രിക മികവാണ്. ബീജവും അണ്ഡവും സംയോജിപ്പിക്കുന്നതില്‍ അസാധാരണ വേഗവും മികവും വേണം. ഒരര്‍ത്ഥത്തില്‍ ഒരു മാന്ത്രികന്റെ സാമര്‍ത്ഥ്യം വേണം എംബ്രിയോളജിസ്റ്റിന്.

സംയോജിപ്പിക്കപ്പെട്ട എഗ് സുരക്ഷിതമായി ടെസ്റ്റ് ട്യൂബില്‍ ലാബിലേക്ക് മാറ്റുന്നു. മുട്ടയ്ക്ക് കോഴി അടയിരിക്കുന്നതിനു തുല്യമായ ജാഗ്രതയിലും ശ്രദ്ധയിലും ലാബില്‍ ഭ്രൂണം വിരിയുകയായി. ലാബില്‍ വൃത്തിയായ അന്തരീക്ഷം അതിലേറെ പ്രധാനം. ഇതെല്ലാം കഴിഞ്ഞാല്‍ വീണ്ടും നിശ്ചിത വളര്‍ച്ചയെത്തിയ ഭ്രൂണം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. വീണ്ടും ഡോക്ടര്‍മാരുടെ കൈകളിലേക്ക് അമ്മയും ഉള്ളില്‍ രൂപംകൊള്ളുന്ന ഭ്രൂണവും എത്തുന്നു. പിന്നെ ഒന്‍പതുമാസവും ഡോക്ടര്‍മാരുടെ കരുതലില്‍ അമ്മ കുഞ്ഞിനെ പേറുകയായി.

സങ്കീര്‍ണമായ സാങ്കേതികത വേണ്ടുന്ന ഈ ദൗത്യം തിരുവനന്തപുരം എസ്എടിയില്‍ ഒരുക്കുന്നതില്‍ മുന്നില്‍ നിന്നു നയിച്ച ഡോ. ഷീലാ ബാലകൃഷ്ണന്‍ ഒരിക്കലും ഇല്ലായ്മകളെക്കുറിച്ച് പരാതി പറയാറില്ല. ഇല്ലായ്മകളെയൊന്നും കൂസാതെ അവര്‍ മുന്നേറുന്ന കാഴ്ച സഹപ്രവര്‍ത്തകരും തെല്ല് അതിശയത്തോടെയാണ് നോക്കിനില്‍ക്കുന്നത്.

ഡോ. ഷീല പറയാത്ത മറ്റൊരു കാര്യം എസ്എടിയില്‍ മറ്റുചിലര്‍ പറഞ്ഞു. തിരുവനന്തപുരം എസ്എടിയില്‍ ഫെര്‍ട്ടിലിറ്റി വിഭാഗത്തെ നയിച്ച് അതിശയങ്ങള്‍ കാട്ടിയ ഡോ. ഷീലയ്ക്ക് ഒരു കസേര പോലുമില്ല! കസേരയെന്നാല്‍ ഇരിക്കാന്‍ ഇടമില്ലെന്നല്ല. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഡോക്ടറെ അക്കോമഡേറ്റ് ചെയ്യാന്‍ ഫെര്‍ട്ടിലിറ്റി വിഭാഗത്തില്‍ ഇടമില്ല. അതിനാല്‍ അവര്‍ ഇപ്പോള്‍ അക്കോമഡേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ഫോറന്‍സിക് വിഭാഗത്തിലാണ്! ഫോറന്‍സിക്കില്‍ അക്കോമഡേറ്റ് ചെയ്തിട്ട് ഫെര്‍ട്ടിലിറ്റിയില്‍ ജോലിയെടുക്കുന്നു!

തെക്കേ ഇന്ത്യയ്ക്ക് ആകെ അഭിമാനമായ എസ്എടിയുടെ ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കില്‍ പ്രവര്‍ത്തിക്കുന്ന മറ്റു രണ്ടു ഡോക്ടര്‍മാര്‍ക്കും ഇതിനു പുറമേ ഓപ്പറേഷന്‍ തിയറ്റര്‍ ഡ്യൂട്ടിയുമുണ്ട്. അവരെയും പ്രതിഷ്ഠിച്ചിരിക്കുന്നത് മറ്റു വിംഗുകളിലാണ്. മറ്റു ജോലികള്‍ക്കിടയിലെ സമയത്താണ് ഡോക്ടര്‍മാര്‍ അതിശയകരമായ ഈ നേട്ടവും കൈവരിച്ചത്!

സര്‍ക്കാരിന്റെ ചട്ടപ്പടി സമ്പ്രദായങ്ങളും ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കിനെ ഇന്‍ഫെര്‍ട്ടൈല്‍ ആക്കാന്‍ തുടങ്ങിയിട്ടുണ്ട്. കുടുംബാസൂത്രണ വിഭാഗത്തിലും മറ്റും ആറുമാസത്തിലൊരിക്കല്‍ ഡോക്ടര്‍മാരെ റൊട്ടേറ്റ് ചെയ്യാറുണ്ട്. അതുപോലെ ഇവിടെയുള്ളവരെയും മറ്റു വിഭാങ്ങളിലേക്ക് മാറ്റി പുതിയ ആളുകളെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യം വന്നിട്ടുണ്ട്. ഇപ്പോഴുള്ള ടീമിനെ മൊത്തത്തില്‍ മാറ്റിയാല്‍ അത് സെന്ററിന്റെ പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. ഐവിഎഫ് രംഗത്തു പ്രവൃത്തിപരിചയം ഇപ്പോഴുള്ള ടീമിനു മാത്രമാണ്. അവരെ മൊത്തത്തില്‍ മാറ്റി പുതിയ ടീമിനെ കൊണ്ടുവരുന്നത് സെന്ററിന്റെ പ്രവര്‍ത്തനത്തെതന്നെ ബാധിച്ചേക്കാം. ഇപ്പോഴുള്ളവരെ ഓരോരുത്തരെ മാറ്റി പുതിയ ആളുകള്‍ ഒന്നൊന്നായി വന്ന് പ്രവൃത്തി പരിചയം നേടാനെങ്കിലും അവസരം കൊടുക്കേണ്ടതാണ്.

ഫെര്‍ട്ടിലിറ്റി സെന്ററിനു കൈവന്ന ഗ്‌ളാമറിന്റെയും വാര്‍ത്താ പ്രാധാന്യത്തിന്റെയും പേരില്‍ അവിടേയ്ക്ക് എത്തിപ്പെടാന്‍ ഡോക്ടര്‍മാര്‍ക്കിടയിലും മത്സരം തുടങ്ങിയിട്ടുണ്ട്. പക്ഷേ, അസാധാരണമായ ക്ഷമയും സമയം നോക്കാതെ ജോലി ചെയ്യാന്‍ തയ്യാറുള്ളവരും വന്നില്ലെങ്കില്‍ ഈ സെന്ററും അബോര്‍ട്ടായി പോവുകയായിരിക്കും ഫലം.

നേട്ടങ്ങളുടെ വലിയൊരു പട്ടിക മുന്നിലേക്ക് വച്ചിട്ടും സര്‍ക്കാര്‍ ഇനിയും എസ്എടിയിലെ ഫെര്‍ട്ടിലിറ്റി വിഭാഗത്തിന്റെ പ്രാധാന്യം മനസ്‌സിലാക്കിയിട്ടില്ല. കുറഞ്ഞ ചെലവില്‍ ടെസ്റ്റ് ട്യൂബ് ശിശുവിനെ കിട്ടുമെന്നു വന്നതോടെ ഇവിടേക്ക് ഇപ്പോള്‍ കുട്ടികളില്ലാത്തവരുടെ പ്രവാഹമാണ്. സെന്ററിന് ഉള്‍ക്കൊള്ളാനാവുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നവരുടെ എണ്ണം. സെന്ററിനു താങ്ങാനാവാതെ വന്നതോടെ ഇപ്പോള്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നല്കിയാണ് ആളെ എടുക്കുന്നത്. ഇതിനകം മാസങ്ങളിലേക്ക് നീണ്ടിരിക്കുന്നു ആ ക്യൂ.പാറശ്ശാല ഉച്ചക്കട സ്വദേശികളായ നിഖില-സുരേഷ് ദമ്പതികള്‍ക്ക് കാത്തിരിപ്പിനൊടുവില്‍ പിറന്ന ഇരട്ടക്കുട്ടികള്‍ . തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വന്ധ്യതാ ക്‌ളിനിക്കിലാണ് കുട്ടികള്‍ പിറന്നത്
കോഴിക്കോടും കണ്ണൂരും നിന്നുവരെ എത്തുന്നവരുടെ കണ്ണീരുകാണാന്‍ മടിച്ച് മണിക്കൂറുകളാണ് സെന്ററിലെ ഒ.പിയില്‍ ഡോ. ഷീലയും ഡോ. അനിതയും ഡോ. റെജിയുമെല്ലാം ചെലവിടുന്നത്. ശുപാര്‍ശയുമായി പോലും എത്തുകയാണ് പ്രതീക്ഷാപൂര്‍വം ജനം.

ഇതിനു പുറമേയാണ് നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളില്ലാത്തവര്‍. 40 മുതല്‍ 50 വരെ ആളുകള്‍ ഇത്തരത്തില്‍ എത്തുന്നു. ഇവിടെ സ്ത്രീയെ മാത്രം കണ്ടാല്‍ പോരാ. ഭര്‍ത്താവിനെയും ചികിത്സിച്ചേ തീരൂ. 30 മുതല്‍ 40 വരെ സ്‌കാനുകള്‍ ഒരു ദിവസം ചെയ്യേണ്ടതുണ്ട്. അതും ഡോക്ടര്‍മാര്‍ തന്നെ ചെയ്യണം.

ദിവസം നാലു മുതല്‍ അഞ്ചു വരെ ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ (ഐയുഐ) ചെയ്യണം. ആഴ്ചയില്‍ രണ്ടു ദിവസം ലാപെറോസ്‌കോപ്പി വേറെയും. ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടര്‍മാര്‍ ഇത്രയേറെ ജോലിഭാരം ചുമക്കുന്നുണ്ടാവില്ല.

ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കില്‍ ഇന്നത്തെ നിലയില്‍ കുറഞ്ഞത് മൂന്നു ഡോക്ടര്‍മാര്‍ കൂടിയെങ്കിലും വേണം. മറ്റു സ്റ്റാഫുകള്‍ പുറമേയും. അല്ലാത്തപക്ഷം അത് ഇവിടത്തെ പ്രവര്‍ത്തനമികവിനെ പിന്നോട്ടടിക്കുകയാവും ഫലം.

ഇത്രയേറെ തിരക്കുള്ള ഈ ക്‌ളിനിക്കില്‍ ഒരു അനസ്‌തെറ്റിസ്റ്റു പോലും ഇല്ലെന്നതാണ് മറ്റൊരു അതിശയം. ഐവിഎഫിനും എഗ് എടുക്കുന്നതിനും അനസ്‌തെറ്റിസ്റ്റിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഇനിയും തീരുന്നില്ല ഇവിടെ പരാധീനതകള്‍. ഒരു നല്ല സ്‌കാനര്‍ പോലുമില്ല ഇവിടെ. സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ അടുത്ത സാമ്പത്തികവര്‍ഷം ഈ ആവശ്യം പരിഗണിക്കാമെന്നു പറഞ്ഞിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോള്‍ ഫെര്‍ട്ടിലിറ്റി സെന്ററിന്റെ പ്രതീക്ഷയും.

ഇവിടെ ജനിക്കുന്ന കുട്ടികള്‍ ഹൈറിസ്‌കുള്ളവരാണ്. അതിനാല്‍ തന്നെ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം അത്യാവശ്യമാണ്. അതും ഇനി വേണം പരിഗണിക്കപ്പെടാന്‍. ജനിതകവൈകല്യങ്ങള്‍ കണ്ടെത്തിയാല്‍ കുഞ്ഞിനെ നിലനിര്‍ത്തണോ അബോര്‍ട്ട് ചെയ്യണോ എന്ന് ദമ്പതികള്‍ക്ക് തീരുമാനിക്കാന്‍ അവസരമുണ്ട്. അതിനും ഇനിയും എസ്എടിയില്‍ സംവിധാനമായിട്ടില്ല. അതിനും വേണമെന്നുള്ളവര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. കാലം പുരോഗമിക്കുമ്പോള്‍ ഇത്തരം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ നല്ല ആരോഗ്യമുള്ള ഒതു തലമുറയെ സൃഷ്ടിച്ചെടുക്കാം. ബുദ്ധിമാന്ദ്യമോ മറ്റു വൈകല്യങ്ങളോ ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ ഭൂമിയില്‍ ജനിപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുകയുമാവാം. അതിന്റെ സാദ്ധ്യതയും ഏഷ്യയിലെ തന്നെ ഈ രംഗത്തെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ എസ്എടി ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല.

അളവുകോലുകള്‍ പ്രകാരം നോക്കിയാല്‍ എസ്എടിയിലെ സെന്റര്‍ സെക്കന്‍ഡറി സ്‌റ്റേജില്‍ നില്‍ക്കുന്നതേയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത ഒന്നര കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ ശേഷിച്ച സഹായവും എസ്.എ.ടി സൊസൈറ്റിയുടെ കെട്ടിടവും മാത്രമാണ് സെന്ററിന്റെ കൈമുതല്‍.

ഈ പരിതസ്ഥിതിയിലും റീപ്രൊഡക്ടീവ് മെഡിസിനില്‍ ഡിഎം കോഴ്‌സിനും മറ്റും സാദ്ധ്യതയുള്ള സെന്ററായി ഇവിടം മാറിയിട്ടുണ്ട്. സബ്‌സ്‌പെഷ്യാലിറ്റിയുടെ ഇക്കാലത്ത് ഇത്തരം സാദ്ധ്യതകളും സര്‍ക്കാരോ അധികൃതരോ ഇനിയും ചിന്തിച്ചിട്ടില്ല.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ അമ്മ