Search

'പശു ദോഷം' മാറ്റാന്‍ ദളിത് കാര്‍ഡുമായി ബിജെപി, അമ്പരന്ന് പ്രതിപക്ഷം

ഒരു ചീത്തപ്പേര് മാറ്റിയെടുക്കുക എന്നത് അത്ര നിസാരകാര്യമല്ല. ഹിന്ദുക്കളുടെ പാര്‍ട്ടിയെന്നൊക്കെ ബിജെപിയെ കുറിച്ചു പറയുമെങ്കിലും 'സവര്‍ണ്ണ ഹിന്ദുക്കളുടെ'  എന്ന് തിരുത്തിപ്പറയുകയാണ് ചെയ്യാറ്. ഈ ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

സാധാരണക്കാരനെ പ്രധാനമന്ത്രിയാക്കിയെന്നൊക്കെ വീമ്പുപറയാമെന്നേയുള്ളൂ. ഗുജറാത്തില്‍ നിന്ന് പരിവാരങ്ങളുമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി കസേരയില്‍ ബലാത്കാരമായി ഇരുപ്പുറപ്പിച്ചയാളാണ് മോദിജി. അതിനുള്ള 'ഫോര്‍ പ്ലേ' (മുന്നൊരുക്കങ്ങള്‍ എന്ന് മലയാളീകരിക്കാം) നടത്തിയതിന്റെ പേരുദോഷം ഇതുവരെ മാറിയിട്ടില്ല. അതു കൊണ്ട് മോദിയെ പ്രധാനമന്ത്രിയാക്കിയതിന്റെ ക്രെഡിറ്റിന്റെ വെള്ളം അങ്ങുവാങ്ങിവയ്ക്കുന്നതാണ് നല്ലത്. അത് വേറെ ലെവലാണ് ഭായ്.

സംഗതി ഇങ്ങനെ സ്മൂത്തായി പോകുമ്പോഴാണ് 'പശു നിയന്ത്രണം' വരുന്നത്. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പു ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നതോടെ ബിജെപിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് സംഘടിതമായാണ് അക്രമം അഴിച്ചുവിട്ടത്.

'ദിവസവും സേവകര്‍' രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശു നിരീക്ഷകരായി ഉള്ളതു കൊണ്ട് ചീത്തപ്പേരും കുറവാണ്. പശുവിറച്ചിയാണെന്നു തിരിച്ചറിഞ്ഞാല്‍ എന്നല്ല, സംശയം തോന്നിയാല്‍ പോലും നോ കോംപ്രമൈസ്. അടിച്ചങ്ങ് കൊല്ലും, അത്ര തന്നെ... ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും അങ്ങനങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുക്കളെ സംരക്ഷിച്ചതിന്റെ ക്രെഡിറ്റ് ആവോളം നേടിയിരിക്കുമ്പോഴാണ് 'പശു ഉത്തരവ്' എത്തുന്നത്.

ഗോവധത്തിനു നിയന്ത്രണം അല്ലെങ്കില്‍ നിരോധനം കൊണ്ടുവരുമ്പോള്‍ തൊഴിലും ഭക്ഷണവും നഷ്ടപ്പെടുന്നത് രാജ്യത്തെ ദളിതര്‍ ഉള്‍പ്പെടു പിന്നോക്കക്കാര്‍ക്കാണെന്നു പറഞ്ഞ് പ്രതിപക്ഷം ബിജെപിയെ കൊട്ടിക്കൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ദളിതനെ പാട്ടിലാക്കാനുള്ള വേലയെന്തെങ്കിലും വേണമെന്ന് ടീംസ് ചിന്തിച്ചു തുടങ്ങിയത്. മാത്രമല്ല, പ്രണബ് മുഖര്‍ജിയെ പോലെയോ അദ്വാനിയെ പോലെയോ തലയില്‍ ആളുതാമസമുള്ളതും തലയില്‍ കയറി നിരങ്ങുകയും ചെയ്യുന്ന ഒരാളെ രാഷ്ട്രപതിയാക്കി ട്രെയിന്‍ പാളത്തില്‍ തലവയ്ക്കാന്‍ ബിജെപി തയ്യാറാവുമോ.. ശ്ശൊ രാമരാജ്യം കൊണ്ടുവരാനുള്ള ബദ്ധപ്പാടുകള്‍ ഈ കണ്‍ട്രി ഫെല്ലോസിനു മനസ്സിലാവുമോ!!

ഈ സാഹചര്യത്തിലാണ് ബിജെപിയിലെ സ്റ്റാറുകളെ മുഴുവന്‍ തഴഞ്ഞ് അത്രയൊന്നും സ്റ്റാര്‍ഡം ഇല്ലാത്ത എന്നാല്‍, പ്രതിച്ഛായയുള്ള ദളിത് നേതാവിനെ (?) രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി(ആര്‍എസ്എസ്) പ്രഖ്യാപിച്ചത്.

കെ.ആര്‍.നാരായണനെ രാഷ്ട്രപതിയാക്കിയതിന്റെ വീമ്പു പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസും ദളിതുകളുടെ രക്ഷകരായ മറ്റു പ്രതിപക്ഷപാര്‍ട്ടികളും കമാന്നു മിണ്ടാനാവാതെ വെട്ടിലായി. ശിവസേന മാത്രമാണ് അലറിയത്. അതുകൊണ്ടു വലിയ ഗുണമൊന്നുമില്ലെന്ന് ബിജെപിക്കു നന്നായറിയാം. കൂട്ടില്‍ക്കിടക്കുന്ന സിംഹം അലറിയിട്ടും വലിയ കാര്യമില്ലെന്ന് ബിജെപിയെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട.

Tags: BJP, President, Election, India, Politics

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ 'പശു ദോഷം' മാറ്റാന്‍ ദളിത് കാര്‍ഡുമായി ബിജെപി, അമ്പരന്ന് പ്രതിപക്ഷം