Search

പിരിയാന്‍ വിടാത്ത കാമുകി

സ്‌പോട്ട് സുരേഷ്

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ച്ചോല
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല...

എന്ന പാട്ടിനു പിന്നിലെ മധുരശബ്ദത്തിന്റെ ഉടമയുടെ വീട്ടില്‍ ...

തെറ്റുപറഞ്ഞാലും സമ്മാനം കൊടുക്കുന്ന ഒരു സംഗീത പരിപാടി ഒരു പ്രമുഖ ചാനലില്‍ വളരെക്കാലം ഉണ്ടായിരുന്നു. പ്രശസ്തഗായകന്‍ ചോദ്യങ്ങള്‍ ചോദിക്കും. ഒന്നും അറിഞ്ഞുകൂടാത്ത ഒരു നടനോ നടിയോ ഉത്തരം പറയും. ഉത്തരം പറയുന്നതിന് മുന്‍പുള്ള അഭിനയം കണ്ടാല്‍ പഴയകാല ചില നടിമാരുടെ ഓവര്‍ ആക്ട് മനസ്‌സില്‍വരും. മേക്കപ്പ് റൂമില്‍വച്ച് ചോദ്യവും ഉത്തരവും പഠിപ്പിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നാലും കാമറയ്ക്കു മുന്നില്‍ എത്തുമ്പോള്‍ തെറ്റിക്കും. പന്നീട് റീ ടേക്ക് എടുക്കും. കാണികളെ വിഡ്ഢികളാക്കുന്ന ഒരു പരിപാടി.

ശരിയായ ഗൃഹപാഠം ചെയ്യാതെ തയ്യാറാക്കുന്ന ചോദ്യോത്തരങ്ങള്‍ ടി.പി. ശാസ്തമംഗലത്തിനെപ്പോലുള്ളവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ മടിച്ചിട്ടാണ് ഇങ്ങനെയുള്ള അബദ്ധങ്ങള്‍ കടന്ന് കൂടുന്നത്.
അങ്ങിനെ ആ ദിവസവും വന്നു.

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ച്ചോല
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല.

ഈ പാട്ടില്‍ യേശുദാസിനോടൊപ്പം പാടിയ ഗായിക ആരാണ്?
ഉത്തരങ്ങള്‍: പി. സുശീല, എസ്. ജാനകി, മാധുരി, പി. ലീല.
താരം ഉത്തരം പറഞ്ഞു, പി. സുശീല
വളരെ ശരി... മൂവായിരം രൂപ സമ്മാനം.
ഇത് ഇവിടെ ചിരിച്ചുകളിച്ച് ആഘോഷിക്കുമ്പോള്‍ ചെന്നൈയിലെ രംഗരാജപുരത്തെ മംഗലം അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഇരുന്ന് ഈ ഗാനം പാടിയ യഥാര്‍ത്ഥ ഗായിക ബി. വസന്ത വിങ്ങിപ്പൊട്ടി.
മലയാളിയോ എന്നെ മറന്നു. ഞാന്‍ പാടിയ ഗാനംപോലും ഇതാ തെറ്റായി പറയുന്നു. അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.

പിറ്റേന്ന്, ചാനലിലേക്ക് അവര്‍ വിളിച്ച് സങ്കടം പറഞ്ഞു.
ആരു കേള്‍ക്കാന്‍.... ആര് ഉള്‍ക്കൊള്ളാന്‍ .
ദിവസങ്ങള്‍ കടന്നുപോയി.
ഓണക്കാലത്തെ പ്രത്യേക പരിപാടികള്‍ക്ക് അഭിമുഖം പകര്‍ത്തുന്നതിലേക്കായി ഇതേ ചാനലിനുവേണ്ടി ഞങ്ങള്‍ കുറച്ചുപേര്‍ ചെന്നൈയിലെത്തി. ബി. വസന്തയുടെ അഭിമുഖത്തിനായി വിളിച്ചു. മലയാള തമിഴ് കലര്‍ന്ന ഭാഷയില്‍ ഹൃദയപൂര്‍വ്വം അവര്‍ സ്വാഗതം ചെയ്തു.

കാമറയ്ക്ക് മുന്നില്‍ , ഓര്‍മ്മകളുടെ ജാലകങ്ങള്‍ തുറന്നിട്ട്, ഒരു വസന്തകാലത്തെ അനുസ്മരിച്ചു, പാട്ടുകള്‍ പാടി. മലയാളത്തില്‍ ഇത്രയധികം പാട്ടുകള്‍ അവര്‍ പാടിയോ? അസാധ്യമായിരുന്നു അവരുടെ മെമ്മറി. ശബ്ദത്തിന് തെല്ലുപോലും മാറ്റമില്ല. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും എല്ലാ ഭാഷകളിലേയും സ്വന്തം പാട്ടുകളും, പ്രിയപ്പെട്ട പാട്ടുകളും ബി. വസന്ത പാടി.

അഭിമുഖം ഓണാഘോഷവേളയില്‍ സംപ്രേഷണം ചെയ്തു. പലരും അവര്‍ ജീവിച്ചിരിക്കുന്നു എന്നുപോലും അറിഞ്ഞത് അന്നാണ്. മലയാളക്കരയിലേക്ക് ഒരു മടക്കയാത്രയ്ക്ക് ഈ അഭിമുഖം സഹായിച്ചു. മാത്രമല്ല ഒരു തെറ്റിനുള്ള പ്രായശ്ചിത്തവും.

സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ നേതൃത്വം നല്‍കിയ മാക്ടയുടെ ഗുരുപൂജയില്‍ പി. സുശീലയോടൊപ്പം, ബി. വസന്തയെയും വിളിച്ച് ആദരിച്ചു.

മലയാളത്തിലെ അസുലഭഗാനങ്ങള്‍ പാടിയിട്ടും എന്തുകൊണ്ട് അവര്‍ മലയാള മനസ്‌സില്‍ സ്ഥാനം നേടിയില്ല എന്നു ചോദിച്ചാല്‍ അവര്‍ പാടിയ പാട്ടുകള്‍ പലതും പി. സുശീലയാണ് പാടിയത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതാണ് സത്യം. ഗായകന്റെ പരിപാടിയിലും സംഭവിച്ചത് അതുതന്നെ.

ആന്ധ്രയിലെ മസുലിപട്ടണത്തില്‍ ജനനം. 1944 മാര്‍ച്ച് 29ന്. മക്കളില്‍ മൂത്തവര്‍. ശാസ്ത്രീയമായി കുട്ടികാലത്ത് പാട്ട് പഠിച്ചിട്ടില്ല. എങ്കിലും പാടും. അച്ഛന്റെയും അമ്മയുടെയും സംഗീതജ്ഞാനം ബൊദ്ദുപല്ലി വസന്തയ്ക്ക് ഉണ്ടായിരുന്നു. 'മോളെ പാടൂ' എന്നു പറഞ്ഞാല്‍ ഒരു സ്വിച്ച് ഇട്ടപോലെ പാടും. അതാണ് പ്രകൃതം. എട്ടു വയസ്‌സായപ്പോള്‍ വിജയവാഡ റേഡിയോ സ്റ്റേഷനില്‍ പാടാന്‍ അവസരം കിട്ടി.
അമ്മയുടെ മരണശേഷം വസന്ത സിനിമയില്‍ പാടാന്‍ അച്ഛനോടൊപ്പം മദിരാശിയില്‍ എത്തി. കേവലം 17 വയസ്‌സായപ്പോള്‍ പിട്ടാപ്പുരം നാഗേശ്വരറാവൂവിനോടൊപ്പം വാഗ്ദാനം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. അച്ഛന്റെ സുഹൃത്തുകൂടിയായ പെണ്ട്യാല നാഗേശ്വരറാവു എന്ന സംഗീതകാരനാണ് അവസരം നല്‍കിയത്. 'ഗുറേബ കാവളി' തെലുങ്ക് ചിത്രത്തില്‍ എസ്. ജാനകിയുമായി ഒരു പാട്ട്. പിന്നെ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായി മാറി വി. വസന്ത.

യേശുദാസുമൊത്ത് ഒരു പാട്ട് പാടാന്‍ സേലത്തേക്ക് പോയത് അവര്‍ ഓര്‍ത്തെടുത്തു. ബ്‌ളൂമൗണ്ടന്‍ എക്‌സ്പ്രസ്‌സ് ട്രെയിനിലെ തേര്‍ഡ് ക്‌ളാസ്‌സ്. സംഗീതസംവിധായകന്‍ വേദയും ഓര്‍ക്കസ്ട്രയും എല്ലാവരും ഉണ്ടായിരുന്നു ട്രെയിനില്‍ . കല്‍ക്കരി തീവണ്ടിയായിരുന്നു. അന്നാണ് യേശുദാസ് ആദ്യമായി ഒരു ബ്‌ളാക്ക് പാന്റ് ഇട്ടതായി ശ്രദ്ധിച്ചത്. വെളുത്ത പാന്റസില്‍ കല്‍ക്കരി പിടിച്ചാല്‍ പിന്നെ മറ്റൊന്ന് കയ്യിലില്ല എന്ന് പറഞ്ഞു യുവഗായകന്‍ .

യേശുദാസിന്റെ ആദ്യ തമിഴ് ഡുയറ്റ് ആയിരുന്നു അത്. കെ.വി. മഹാദേവന്റെ സഹായി മലയാളിയായ പുകഴേന്തിയാണ് വസന്താമ്മയെ 'മുതലാളി' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പരിചയപ്പെടുത്തിയത്. ശൂലമംഗലം രാജലക്ഷ്മിയുമായി ഒരു ഗാനം. പുകഴേന്തിയുടെയും ആദ്യചിത്രമായിരുന്നു അത്.


സ്‌പോട്ട് സുരേഷ്
ദേവരാജന്റെ സംഗീതത്തില്‍ പാടണം എന്ന മോഹവുമായി നടന്നു. പെട്ടെന്ന് ഒരു ദിവസം വിജയാ ഗാര്‍ഡന്‍സ് സ്റ്റുഡിയോയിലേക്ക് ചെല്ലാന്‍ ക്ഷണം വന്നു. മാസ്റ്റര്‍ ഒരു പ്രാവശ്യം പാട്ട് പാടിത്തന്നു. പിന്നീട് ആര്‍ .കെ. ശേഖര്‍ സഹായിച്ചു. തെക്കും  കൂറടിയാത്തി... എന്ന ഫോക്ക് ഗാനം. പാട്ട് പാടി തുടങ്ങാന്‍ ശ്രുതിയില്ല, ബീജിയെം ഇല്ല, ഒരു ക്‌ളിക്ക് പോലുമില്ല. അങ്ങ് പാടിത്തുടങ്ങണം.

പാടിയാല്‍ മതി. എന്താ. കണ്‍സോളില്‍ നിന്നു ദേവരാജന്‍ മാസ്റ്ററുടെ ശബ്ദം തീയേറ്ററില്‍ കേട്ടു.
ഈശ്വരനെ മനസ്‌സില്‍ വിചാരിച്ച് പാടിത്തുടങ്ങി. വാദ്യോപകരണങ്ങള്‍ പിന്നീടാണ് ശബ്ദിച്ച് തുടങ്ങിയത്. ഒരു ഇടയ്ക്ക. ദില്‍റുബ. നമ്മുടെ പുള്ളുവന്‍ വീണയുടെ നാദം അതില്‍നിന്നു വരും. രണ്ട് ടേക്ക്, മാസ്റ്റര്‍ ഒന്നും പറഞ്ഞില്ല. ശരിയായി കാണില്ല എന്ന് വിചാരിച്ചാണ് മടങ്ങിയത്.

അശ്വമേധം എന്ന സിനിമയുടെ ഡിസ്‌ക്ക് വന്നപ്പോഴാണ് 'തെക്കും കുറടിയാത്തി' എന്ന പാട്ട് അതിലുള്ളതായി അറിഞ്ഞത്. മാസ്റ്ററുടെ പല ഹിറ്റുകളും പാടിയത് അതിനുശേഷമാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ..., യവനസുന്ദരി..., കാര്‍കുഴലി..., വധൂവരന്മാരെ..., കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും..., ഭൂമിദേവി പുഷ്പിണിയായി..., സ്വപ്നസഞ്ചാരിണി..., പണ്ടൊരു ശില്പി..., പ്രിയദര്‍ശിനി..., മേലേ മാനത്തെ നീലി പുലയി..., അങ്ങിനെ നല്ല നല്ല പാട്ടുകള്‍ . എം.കെ. അര്‍ജ്ജുനന്‍ , സലില്‍ചൗധരി, യേശുദാസ്, ദക്ഷിണാമൂര്‍ത്തി എല്ലാവരും പാടാന്‍ വിളിച്ചു. ബി.എ. ചിദംബരനാഥിന്റെ മിക്ക ചിത്രങ്ങളിലും പാടാന്‍ കഴിഞ്ഞു. മാധുരിയുടെ വരവിനുശേഷം ദേവരാജന്‍ മാസ്റ്റര്‍ വിളിക്കാതെയായി.

ഒരു ദിവസം കണ്ടപ്പോള്‍ പാടാന്‍ വിളിക്കുന്നില്ലല്ലോ മാസ്റ്റര്‍ എന്ന് ചോദിച്ചു.
മാസ്റ്റര്‍ പറഞ്ഞു: മലയാളം പഠിച്ചിട്ട് വാ. അത് വലിയൊരു വിഷമമായി.
തിരുവനന്തപുരം സെനറ്റ് ഹാളില്‍ മലയാള ചലച്ചിത്രത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിച്ചപ്പോള്‍ മാസ്റ്റര്‍ വീട്ടില്‍ വന്ന് ക്ഷണിച്ചു. പാട്ടുകാരന്‍ ജയചന്ദ്രനും മാസ്റ്ററുടെ സഹായി മധുവും ഒപ്പമുണ്ടായിരുന്നു. യവനസുന്ദരി യേശുദാസനോടൊത്ത് പാടിയപ്പോള്‍ നിറഞ്ഞ കയ്യടി. മാസ്റ്റര്‍ മൊമെന്റോ തന്നു. മലയാളത്തില്‍ നിന്ന് കിട്ടിയ ആദ്യ സ്‌നേഹോപഹാരമായിരുന്നു അത്.

ജീവിതത്തില്‍ മറക്കുവാന്‍ കഴിയാത്ത ഒരു സംഭവം, കുമാരസംഭവത്തിലെ മല്ലാക്ഷീമണിമാരില്‍ ... എന്ന പാട്ട് പാടിയതിനെപ്പറ്റി ബി. വസന്ത പറഞ്ഞു ചിരിച്ചു. എം.ജി. രാധാകൃഷ്ണനുമായി ഒരു ഡ്യുയറ്റ്. ഞാനന്ന് പൂര്‍ണഗര്‍ഭിണിയാണ്. എന്റെ വരവ് കണ്ട് ദേവരാജന്‍ മാസ്റ്ററും ഒന്നു ചിരിച്ചു. പാട്ട് കഴിഞ്ഞ് രണ്ടാം ദിവസം പ്രസവിച്ചു. കടിഞ്ഞൂല്‍ പുത്രിയെ.

ചാനല്‍ അഭിമുഖത്തിനായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ കുഞ്ഞിന്റെ ശബ്ദം കേട്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു,

അത് മകളുടെ കുട്ടികളാണ്. അവര്‍ കാനഡയിലാണ്, മൂന്നുമക്കള്‍ . രണ്ടുപേര്‍ ചെന്നെയിലുണ്ട്. എല്ലാവര്‍ക്കും സുഖജീവിതം. വാര്‍ദ്ധക്യകാലം വന്നപ്പോള്‍ പലരുടേയും കഥകള്‍ കേള്‍ക്കുമ്പോള്‍ ഇതില്‍ വസന്താമ്മയെപ്പോലെ ഭാഗ്യം ചെയ്ത പാട്ടുകാരി മറ്റാരും ഇല്ല എന്നു തോന്നി. ജീവിതം സംഗീതംപോലെ സുന്ദരമാക്കി ബി. വസന്ത.

ഭര്‍ത്താവ് സുധാകര്‍ വന്നു. സ്വയം പരിചയപ്പെടുത്തി. വസന്താമ്മ തന്നെ ഞങ്ങള്‍ക്ക് കാപ്പിയിട്ടുകൊണ്ടുവന്നു. തികഞ്ഞ വീട്ടമ്മ. സുധാകറിനോട് പറഞ്ഞു, പ്രണയം തോന്നിപ്പോകുന്ന ഒരു കാമുകിയുടെ ശബ്ദമാണ് വസന്താമ്മയുടേത്. ആ കാമുകിയെ താങ്കള്‍ക്ക് കിട്ടിയതില്‍ ഞങ്ങള്‍ക്ക് അസൂയയുണ്ട്. രണ്ടുപേരും മനംകുളിരുന്ന ചിരി സമ്മാനിച്ചു.

യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഒരു പാട്ടിന്റെ വരികളാണ് മനസ്‌സില്‍ വന്നത്.
പിരിയാന്‍ വിടാത്ത കാമുകി ബി. വസന്തയോ അതോ ഈ നഗരമോ...?

സ്‌പോട് സുരേഷ് – ഫോണ്‍ : 98472 82872/                                                                              E mail: chandu_spot@yahoo.com


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പിരിയാന്‍ വിടാത്ത കാമുകി