Search

വാര്‍ഡിന്റെ ഭാവി നമ്മുടെ മെമ്പറുടെ കയ്യില്‍!


ഡോ. ആര്‍. ജയപ്രകാശ്

പകര്‍ച്ചപ്പനിയുടെ ഈ എപ്പിഡമിക്ക് കാലത്ത് രണ്ട് വെല്ലുവിളികളാണ് നമുക്ക് മുന്നില്‍ ഉള്ളത്. ഒന്നാമതായി ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ച് വരുന്നു. രണ്ടാമതായി ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ കഴിയാത്ത വിധം എത്രയോ ഇരട്ടി വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ചപ്പനി രോഗികളുടെ ആശുപത്രിയിലേക്കുള്ള അനിയന്ത്രിതമായ ഒഴുക്ക്.

രണ്ടാമത്തെ വെല്ലുവിളിയെ ആശുപത്രി സംവിധാനം തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് വിജയകരമായി നേരിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷി വലിയ തോതില്‍ അധികമായി വേണ്ടിവന്നിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്‌സിങ്ങ്  പാരാമെഡിക്കല്‍ ജീവനക്കാരും. ഇതില്‍ നഴ്‌സിങ്ങ്  പാരാമെഡിക്കല്‍ ജീവനക്കാരുടെ സാന്നിധ്യമാണ് ഏറ്റവും അത്യാവശ്യം കൂടുതലായി വേണ്ടി വരുന്നത്. ആശുപത്രി സംവിധാനം അങ്ങിനെ താല്‍ക്കാലികമായി വര്‍ദ്ധിപ്പിച്ചു കൊണ്ട് ഈ വെല്ലുവിളിയെ നേരിടാം.
ഇത് സര്‍ക്കാരിന് ഭരണ നടപടിയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ്.

എന്നാല്‍, സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ചവ്യാധി എപ്പിഡമിക്കിനെ നേരിടുന്നതിന് സര്‍ക്കാരിന്റെ കേവലമായ
ഭരണ നടപടി കൊണ്ട് മാത്രം കഴിയില്ല. പകര്‍ച്ചവ്യാധിയുടെ എപ്പിഡമിക്ക് നിയന്ത്രണം സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതു കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയുന്ന കാര്യവുമല്ല.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വര്‍ദ്ധിതമായ പ്രജനനം തടഞ്ഞു കൊണ്ട് മാത്രമേ ഡെങ്കി എപ്പിഡമിക്കിനെ നേരിടുവാന്‍ കഴിയുകയുള്ളു. പ്രജനനം നിയന്ത്രിക്കണമെങ്കില്‍ പ്രജനന സ്രോതസുകള്‍ ഇല്ലാതാക്കണം. കേവലം രണ്ടിലകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തില്‍ വരെ മുട്ടയിട്ട് പെരുകുന്നതിനുള്ള അതിജീവന ശേഷിയാണ് ഈഡിസ് കൊതുകിന് ഉള്ളത്.

ഇത്തരത്തില്‍ വിവിധങ്ങളായ ശുദ്ധജല ജലസ്രാതസ്സുകള്‍ നമ്മുടെ ഗൃഹാന്തരീക്ഷത്തിലും മറ്റു ചുറ്റുവട്ടത്തിലും ഉണ്ട്. കൂടാതെ മാലിന്യ നീക്കം ശരിയായി നടക്കാതെ വരുമ്പോള്‍ അവയില്‍ മഴപെയ്ത് വെളളം കെട്ടി നിന്ന് അതില്‍ കൊതുക് മുട്ടയിട്ട് പെരുകും. ഇവിടെ ഗൃഹാന്തരീക്ഷത്തില്‍ മാറ്റം വരണമെങ്കില്‍ നമ്മുടെ സ്വഭാവരീതികളില്‍ മാറ്റം വരണം.

മാലിന്യങ്ങള്‍ പരിസരത്തേക്കും റോഡിലേക്കും വലിച്ചെറിയുന്ന പ്രക്രിയയില്‍ മാറ്റം വരണമെങ്കിലും സ്വഭാവത്തില്‍ മാറ്റംവരണം. ഇവിടെയാണ് ശക്തമായ പ്രാദേശിക ബോധവല്‍ക്കരണവും കൂട്ടായ്മയും ആസൂത്രണവും തുടര്‍ച്ചയായ ഇടപെടലും ആവശ്യമായി വരുന്നത്.

അങ്ങിനെ കൊതുകു പ്രജനന സ്‌റോതസുകള്‍ ഇല്ലാതാക്കി കൊതുകിനെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം. കൊതുകിന്റെ സാന്ദ്രത കുറയുമ്പോള്‍ ഡെങ്കി എപ്പിഡമിക്കിന്റെ തീവ്രതയും കുറയും. ഇവിടെയാണ് പ്രാദേശിക സര്‍ക്കാരുകളുടെ പ്രാധാന്യം വരുന്നത്.
അധികാര വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ച നാടാണ് കേരളം. പ്രാദേശിക ആസൂത്രണവും വികസനവും നന്നായി നടക്കുന്നുവെന്ന് പറയാം.

എന്നാല്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മതിയായ വിധത്തില്‍ മുന്നോട്ട് പോകുവാന്‍ കഴിഞ്ഞിട്ടില്ല. അത് സ്വന്തം ഉത്തരവാദിത്തമായിട്ടോ അതിനനുസൃതമായി ഇടപെടുന്നതിനോ അവര്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഒരു വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ ഇല്ലാത്ത പ്രദേശം നമുക്കില്ല.

അതായത് വര്‍ദ്ധിതമായ പകര്‍ച്ചപ്പനിയുടെ കാലത്ത് മാലിന്യ നിര്‍മാര്‍ജനവും ബോധവല്‍ക്കരണവും ഏറ്റവും പ്രധാനമാണ്.
ഇത് പ്രാദേശികമായി ആസൂത്രണം ചെയ്യുന്നതിലും ജാഗ്രത പാലിക്കുന്നതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിശിഷ്യാ വാര്‍ഡ് ഓരോ മെമ്പര്‍ക്കും മുന്‍കൈ എടുക്കാന്‍ കഴിയണം.

ഓരോ വാര്‍ഡ് മെമ്പര്‍ക്കും തങ്ങളുടെ വാര്‍ഡില്‍ ഇത്തരത്തില്‍ കൊതുകു പ്രജനന കേന്ദ്രങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ കഴിയണം. എന്നാല്‍ ഇത് ഒരു വാര്‍ഡ് മെമ്പര്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയില്ല. അതേ സമയം പ്രാദേശിക ആസൂത്രണത്തിന് നേതൃത്വം കൊടുക്കാന്‍ ഓരോ വാര്‍ഡ് മെമ്പര്‍ക്കും കഴിയണം.

വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, പൗരപ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പ്രാദേശിക കൂട്ടായ്മ ഉണ്ടാക്കണം. ഈ പ്രാദേശിക കൂട്ടായ്മ നേരിട്ട് ഇറങ്ങി നടന്ന് തങ്ങളുടെ തന്റെ വാര്‍ഡില്‍ കൊതുക് പ്രജനന സ്രോതസ്സ് നശിപ്പിച്ച് അവ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അങ്ങിനെ പേപ്പറില്‍ നിന്ന് വാര്‍ഡ്തല ശുചിത്വ കമ്മിറ്റികള്‍ വാര്‍ഡുകളിലേക്ക് ഇറങ്ങട്ടെ... പ്രാദേശിക സര്‍ക്കാരുകള്‍ ഉണരട്ടെ... ഈഡിസ് കൊതുക് എലികളെപ്പോലെ അല്ല.
ഒരു ഈഡിസ് കൊതുക് 100 മീറ്റര്‍ മാത്രം ദൂരമേ സഞ്ചരിക്കൂ.

അതു കൊണ്ട് നമ്മള്‍ കൂട്ടമായി ഇറങ്ങി നടന്ന് നമ്മുടെ വാര്‍ഡ് ശുദ്ധിയാക്കിയാല്‍ നമ്മുടെ വാര്‍ഡില്‍ ഡെങ്കിപ്പനിയുടെ എപ്പിഡമിക്ക് തടയാം. പ്രവര്‍ത്തിക്കുന്നവര്‍ക്ക് തല കൊടുക്കുന്ന ശീലമാണ് ഈഡിസിന് ഉള്ളത്. രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് ഇത് നന്നായി ആസൂത്രണം ചെയ്യാന്‍ കഴിയും. 2006 ലെ ചിക്കുന്‍ഗുനിയ എപ്പിഡമിക്ക് കാലത്ത് ഇത് നമ്മള്‍ തെളിയിച്ചതാണ്.

ചുരുക്കത്തില്‍ നമ്മുടെ വാര്‍ഡിന്റെ ഭാവി നമ്മുടെ മെമ്പറുടെ കയ്യില്‍!

(കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്)

Tags: Gengue, Fever, Kerala, Prevention, Health


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വാര്‍ഡിന്റെ ഭാവി നമ്മുടെ മെമ്പറുടെ കയ്യില്‍!