Search

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വഴിതെറ്റിയെന്ന് ഡിജിപി സെന്‍ കുമാര്‍, കോടതി ഇടപെടലിനും സാദ്ധ്യതയേറി, സര്‍ക്കാരിനും വിശദീകരണം നല്‌കേണ്ടിവരും


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സ്ഥാനമൊഴിയുന്ന ഡിജിപി ടി.പി. സെന്‍ കുമാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ദക്ഷിണ മേഖലാ എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണച്ചുമതല ഐജി ദിനേന്ദ്ര കശ്യപിനാണ്. അദ്ദേഹം ഒരു കാര്യവും അറിയുന്നില്ല. ഇന്ന് പൊലീസ് മേധാവി സ്ഥാനത്തു നിന്ന് സെന്‍കുമാര്‍ വിരമിക്കുകയാണ്.

കേസില്‍ കഴിഞ്ഞ ദിവസം നടന്‍ ദിലീപ്, സംവിധായകന്‍ നാര്‍ദിര്‍ഷാ, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്നിവരെ ചോദ്യംചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു. അന്വേഷണ സംഘത്തിലെ മറ്റൊരു ഐജിയായ പി. വിജയനും കാര്യങ്ങളൊന്നും അറിയുന്നില്ല. ഇത് ശരിയായ രീതിയല്ലെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

അന്വേഷണത്തിലെ പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്നു. ഇത് അന്വേഷണത്തെ ബാധിക്കും. അന്വേഷണത്തിനെതിരേ അതൃപ്തി അറിയിച്ച ഡിജിപിയുടെ സര്‍ക്കുലറില്‍ പക്ഷേ എഡിജിപി സന്ധ്യയ്‌ക്കെതിരേ പരാമര്‍ശങ്ങളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഫോണ്‍ സംഭാഷണവും പള്‍സര്‍ സുനി നല്‍കിയ കത്തും ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് കൈമാറിയിരുന്നത്. അദ്ദേഹം ദിലീപ് നല്‍കിയ തെളിവുകളെല്ലാം ഐജി ദിനേന്ദ്രകശ്യപിന് നല്കി. തുടന്‍ന്ന് ഐജിയും സംഘവും ജയിലിലെത്തി സുനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്തു. ഇക്കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയ കശ്യപിനെ കുറ്റപത്രം സമര്‍പ്പിച്ച ശേഷം നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ ഒഴിവാക്കി.

ഇതിനു ശേഷമാണ് കേസില്‍ കൂടുതല്‍ ആരോപണങ്ങളും പുതിയ വിവാദങ്ങളും ഉണ്ടായത്. ഡിജിപി  തന്നെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കെ, ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ഇനിയിപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‌കേണ്ടത് പുതിയ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ്. ഇത്രയും വിവാദമായ കേസായതിനാല്‍ മുഖ്യമന്ത്രിക്കും വിശദീകരണം നല്‌കേണ്ടിവരും.

ഇതിനിടെ, നടിമാരുടെ സംഘടന വനിതാ കമ്മിഷന്റെ മുന്നില്‍ വിഷയം ഉന്നയിക്കുന്നുണ്ട്. ഡിജിപി തന്നെ അന്വേഷണം തെറ്റായ ദിശയിലാണെന്നു പറഞ്ഞിരിക്കെ, കോടതി ഇടപെടലിനും സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വഴിതെറ്റിയെന്ന് ഡിജിപി സെന്‍ കുമാര്‍, കോടതി ഇടപെടലിനും സാദ്ധ്യതയേറി, സര്‍ക്കാരിനും വിശദീകരണം നല്‌കേണ്ടിവരും