Search

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് വിജ്ഞാപനം, കര്‍ഷകര്‍ ഞെട്ടി, ഉലയുന്നത് ലക്ഷം കോടിയുടെ ബിസിനസ് ലോകം

ന്യൂഡല്‍ഹി : രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് വിലക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. ഇതോടെ രാജ്യത്ത് ആഹാരത്തിനായി മാംസത്തിനു കടുത്ത ക്ഷാമം വരുന്നതിനും സാധ്യതയുണ്ട്.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
കാള, പശു, പോത്ത്, ഒട്ടകം എന്നിവയുടെ കശാപ്പ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാംസ വ്യാപാരികള്‍ ഗോ സംരക്ഷണ പ്രവര്‍ത്തകരും ഏറ്റുമുട്ടുന്നത് പതിവായ പശ്ചാത്തലത്തിലാണ് തീരുമാനം. ഉത്തരവ് എന്നുമുതല്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. തീരുമാനം നടപ്പാക്കുന്നതിനു മുന്നോടിയായി ചില പേപ്പര്‍ വര്‍ക്കുകള്‍ കൂടി ബാക്കിയുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വക്താവ് പറഞ്ഞു. ഗസറ്റ് വിജ്ഞാപനമായിട്ടാണ് ഉത്തവ് പുറത്തുവന്നിരിക്കുന്നത്.

ഇറച്ചിക്കു വില്‍ക്കുന്നതിനായി കന്നുകാലികളെ വളര്‍ത്തുന്ന ലക്ഷക്കണക്കിനു കര്‍ഷകരെയാണ് ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ മാംസ കയറ്റുമതിയെയും ഇതു പ്രതികൂലമായി ബാധിക്കും.

മാംസ കച്ചവട വിപണയില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍പ്പന ഒരു ലക്ഷം കോടി രൂപയുടേതാണ്. മാംസ കയറ്റുമതിയിലൂടെ രാജ്യത്തിനു കഴിഞ്ഞ വര്‍ഷം കിട്ടിയ വരുമാനം 26,303 കോടി രൂപയായിരുന്നു.

ഉത്തര്‍ പ്രദേശ്, ആന്ധ്ര, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക.

ഉത്തരവിന്റെ വിശദാംശങ്ങള്‍

* കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ വില്‍പ്പന അനുവദിക്കില്ല.

* കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനായിരിക്കണം. വില്‍ക്കുന്നയാള്‍ ഇത് ഉറപ്പുവരുത്തണം.


* മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നത് നിരോധിച്ചു.


* കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്പ്പന നടത്താന്‍ പാടില്ല.


* കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.


* കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.


* കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധം.


* കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ സ്വന്തമായി കൃഷിഭൂമി ഉള്ളവരാണെന്നതിന്റെ രേഖ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം.


* വില്പ്പന സംബന്ധിച്ച രേഖയുടെ പകര്‍പ്പ് പ്രാദേശിക റവന്യൂ ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, അനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് സമര്‍പ്പിക്കണം. ഇതിന്റെയെല്ലാം ഒരു പകര്‍പ്പ് വാങ്ങിയ ആളും വിറ്റ ആളും സൂക്ഷിക്കണം.


* മാര്‍ക്കറ്റില്‍ കന്നുകാലിയെ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്ററിനറി ഡോക്ടര്‍ സന്നിഹിതനായിരിക്കണം.


പരിസ്ഥിതി മന്ത്രിയായിരുന്ന അന്തരിച്ച അനില്‍ ദവെയാണ് ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്കു രൂപം നല്കിയത്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് വിജ്ഞാപനം, കര്‍ഷകര്‍ ഞെട്ടി, ഉലയുന്നത് ലക്ഷം കോടിയുടെ ബിസിനസ് ലോകം