Search

മുംബൈയില്‍ ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെ കാലം

റോയ് അഗസ്റ്റിന്‍

രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉണ്ടാക്കണം. മക്കളെ കുളിപ്പിച്ച് സ്‌കൂളില്‍ അയയ്ക്കണം. സ്‌റ്റേഷനില്‍ ചെന്ന് ഭാര്യയെ പിക്ക് ചെയ്യണം. ഭാര്യ ഉറങ്ങുമ്പോള്‍ വീണ്ടും ജോലി. സ്‌കൂള്‍ വിടുമ്പോള്‍ മക്കളെ കൂട്ടാന്‍ പോകണം. ഒടുവില്‍ ഭാര്യയെ വീണ്ടും സ്‌റ്റേഷനില്‍ വിട്ടുകഴിയുമ്പോള്‍ ഒരു ദിവസത്തെ ജോലി തീര്‍ന്നു.

മുംബൈയിലെ ഒരു നഴ്‌സിന്റെ ഭര്‍ത്താവിന്റെ ദിനചര്യയാണ്.

സ്ത്രീകള്‍ വീട്ടുജോലിയും ഭര്‍ത്താവ് ഓഫീസ് ഉദ്യോഗവും ഭരിച്ചിരുന്ന കാലം പണ്ട്. ഇപ്പോള്‍ പല കുടുംബങ്ങളിലും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ത്രീ പുരുഷന്‍മാര്‍ റോളുകള്‍ പരസ്പരം മാറുന്നു.

ഭാര്യ നഴ്‌സായാല്‍ പിന്നെ എന്ത് ചെയ്യും. ഷിഫ്റ്റ് ഡ്യൂട്ടിയല്ലെ. ഡേയും നൈറ്റും മാറി മാറി വരും. എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞ് ഉടന്‍ വീട്ടിലേക്ക് ഓടാന്‍ പറ്റുന്ന ക്രമീകരണമല്ല ആശുപത്രിയിലേത്. ഡ്യൂട്ടീ ഹാന്‍ഡ് ഓവര്‍ ചെയ്യുന്ന ഫോര്‍മാലിറ്റീസ്. കമ്പ്യൂട്ടറോ ഫയലുകളോ ക്ലോസ് ചെയ്ത് ഇറങ്ങുന്നപോലെ അത്യാസന്ന നിലയിലുള്ള രോഗികളെ ഉപേക്ഷിച്ച് ഓടാന്‍ പറ്റില്ലല്ലോ.

ഈ സമയം മക്കളെ നോക്കുന്നത് മുതല്‍ വീട്ടുജോലി വരെ ഹസ്ബന്‍ഡ് ഷെയര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഒരു ജോലിക്കാരിയെ വയ്ക്കാമെന്ന് വച്ചാല്‍ അലക്കാനും തുടയ്ക്കാനും കിട്ടും.

റോയ് അഗസ്റ്റിന്‍
അവര്‍ ഓടി വന്ന് അര മണിക്കൂര്‍ കൊണ്ട് ജോലി തീര്‍ത്ത് പോകും. പിന്നെ അടുത്ത വീട്ടില്‍ . തുണി സോപ്പിട്ട് കുതിര്‍ത്ത് വയ്ക്കണം. ഒരു ദിവസത്തെ നിശ്ചിത ക്വാട്ടയില്‍ കൂടുതല്‍ അലക്കില്ല എന്നൊക്കെയുള്ള നിബന്ധനകളുമുണ്ട്. ഇതുകൊണ്ടൊക്കെ ഭര്‍ത്താവ് കൂടി ഉത്സാഹിച്ചാലേ വീടോടൂ.

‘കുടുംബഭദ്രത’യ്ക്ക് വേണ്ടി വീട്ടച്ഛന്‍മാരായ ഭര്‍ത്താക്കന്‍മാര്‍ പരാതികളില്ലാതെ പുതിയ റോള്‍ ആസ്വദിക്കുന്നുണ്ട് എന്ന് വേണം പറയാന്‍ . ചില പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്ത് ചില്ലറ വരുമാനവും കണ്ടെത്തുന്നു. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ ഇടനിലക്കാരന്റെ റോള്‍ എന്നിവയൊക്കെയാണ് വരുമാനമാര്‍ഗം.

ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളുടെ ചാവി ഉടമസ്ഥനില്‍ നിന്നും സ്വന്തമാക്കിയാല്‍ ബ്രോക്കറായി. വാടകയ്‌ക്കോ വില്‍പനയ്‌ക്കോ ആരെങ്കിലും അന്വേഷിച്ച് വന്നാല്‍ നേരെ വീട്ടിലെത്തും. വാടക ഒത്താല്‍ ഒരു മാസത്തേയോ രണ്ടുമാസത്തേയോ വാടക ബ്രോക്കര്‍ ഫീസായി പോക്കറ്റില്‍ . വില്‍പന നടന്നാല്‍ ലോട്ടറി.

വീട്ടില്‍ത്തെന്നെ കാണും എന്നത് കൊണ്ട് അത്യാവശ്യം പൊതുപ്രവര്‍ത്തനത്തിനും സമയം കിട്ടും.സാമൂഹ്യബന്ധങ്ങള്‍ വിപുലപ്പെടുത്താനും നാലാള് കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാനും സാധിക്കുന്നു.

വല്ല കല്യാണത്തിനോ ആശുപത്രികേസിനോ വണ്ടി വേണ്ടി വന്നാല്‍ നമ്മോട് പറഞ്ഞാല്‍ മതി. വിളിച്ച് ഏര്‍പ്പാട് ചെയ്യും. പരോപകാരം മാത്രമല്ല നമുക്കുമുണ്ട് ഗുണം. കമ്മീഷന്‍ ഇല്ലാത്ത ഏര്‍പ്പാടില്ല മുംബൈയില്‍ .

പണ്ടൊരു സീരിയലില്‍ ഗര്‍ഫിലെ നഴ്‌സിന്റെ ഭര്‍ത്താവിനെ മക്കള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് കണ്ടിട്ടുണ്ട്. മക്കള്‍ വിളിക്കുന്നത് കേട്ട് നാട്ടുകാരും കക്ഷിയെ അമ്മച്ചി എന്ന് വിളിക്കുന്നു. എങ്കിലും ‘അമ്മച്ചി’ക്ക് പരാതി ഒന്നുമില്ല. ദിനാറല്ലേ വരുന്നത്.

മറുനാട്ടില്‍ ഭര്‍ത്താക്കന്‍മാര്‍ വീട്ടച്ഛന്‍മാരുടെ റോള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി എന്ന് ലണ്ടന്‍ വാര്‍ത്തകള്‍ നമ്മെ ധരിപ്പിക്കുന്നു. നഴ്‌സുമാരുടെ ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് ഇവിടെയും കഥാനായകന്‍മാര്‍ .
നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ എവിടെയെങ്കിലും പരിശീലനവും ബോണ്ടുമൊക്കെ കഴിഞ്ഞ് അക്കരയ്ക്ക് കടന്നാലേ ബാങ്കിലെ വിദ്യാഭ്യാസവായ്പയ്ക്ക് ഒരു നിവൃത്തിയുണ്ടാക്കാന്‍ പറ്റൂ.

അക്കരയ്ക്ക് കടന്നാലോ പിന്നെ വിവാഹാലോചനകളായി. നാട്ടില്‍ ചൊറിയും കുത്തി നടന്ന വിദ്യാസമ്പന്നന്‍മാര്‍ക്കാണ് മുന്‍ഗണന. ചെറുക്കനേയും കൊണ്ടു പോകാം എന്ന ഓഫര്‍ .

ഇങ്ങനെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും ”ഡിപ്പന്റന്‍ഡ്” വിസയില്‍ പറന്ന പുരുഷ കേസരികളില്‍ പലരും ആ ആശ്രിത പദവി ആസ്വദിച്ചു കഴിയും. ചിലരെങ്കിലും പെട്രോള്‍ ബങ്കിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ജോലി നോക്കി മാനം രക്ഷിക്കുന്നു.

ഇവിടെയൊക്കെ മേല്‍ക്കൈ സ്ത്രീക്ക് തന്നെ, കുടുംബഭരണത്തില്‍ കുടുംബനാഥ നാഥനെ ”ഓവര്‍ടേക്ക് ” ചെയ്യുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ട് നോക്കി നാട്ടില്‍ വസ്തുവകകള്‍ വാങ്ങുക. വീടുപണി നടത്തുക തുടങ്ങിയ ജോലികളില്‍ ആനന്ദം കണ്ടെത്തുന്നവരുമുണ്ട്.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുംബൈയില്‍ ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെ കാലം