Search

ജനനേന്ദ്രിയം പോയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കത്തി സ്വാമി തന്നെ കൊണ്ടുവന്നതെന്നു പെണ്‍കുട്ടി

തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട സന്യാസി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബലാത്സംഗ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പേട്ട സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാമിയെ അറസ്റ്റു ചെയ്തത്. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞാലുടന്‍ ഇയാളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കും.

ഇതേസമയം, പെണ്‍കുട്ടി ഉപയോഗിച്ച കത്തി സ്വാമി തന്നെ കൊണ്ടുവന്നതാണെന്നും അതുകാട്ടി വിരട്ടി മുറിക്കുള്ളിലേക്കു തന്നെ വലിച്ചിഴച്ചുകൊണ്ടുപോയ സ്വാമിയില്‍ നിന്നു കത്തി പിടിച്ചുവാങ്ങിയാണ് താന്‍ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്കി.

സ്വാമിയില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് അതു ചെയ്തത്. അച്ഛനമ്മമാരോടു പരാതിപ്പെട്ടിട്ടു കാര്യമില്ലാത്തതിനാലാണ് താന്‍ ഇങ്ങനെയൊരു കടും കൈ ചെയ്തതെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

പെണ്‍കുട്ടിയല്ല, താനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും പൊലീസിനോടും സ്വാമി പറഞ്ഞത്. കേസില്‍ നിന്നു രക്ഷപ്പെടാനായി സ്വാമി സ്വയം കഥമെനയുകയാണെന്ന് പൊലീസ് പറഞ്ഞു.

എന്തിനാണ് സ്വയം ജനനേന്ദ്രിയം അറുത്തു കളയാന്‍ നോക്കിയതെന്ന ചോദ്യത്തിന് സ്വാമിക്കു പക്ഷേ ഉത്തരം പറയാനാവുന്നില്ല.

ഇതേസമയം, താന്‍ തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്നും സ്വാമി കള്ളക്കഥ മെനയുകയാണെന്നും യുവതി പൊലീസിനോടു പറഞ്ഞു.

കോലഞ്ചേരിയിലും പരിസരങ്ങളിലുമായി ദൈവസഹായം എന്ന പേരില്‍ ഹോട്ടലുകള്‍ നടത്തിയിരുന്ന ശ്രീഹരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ് തീര്‍ത്ഥപാദരെന്നു നാട്ടുകാര്‍ പറയുന്നു.

കോലഞ്ചേരി പട്ടിമറ്റം ചെങ്ങറയിലാണ് ജനനം. ഇവിടെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലിന്റെ ചുമതല ഏറ്റെടുത്ത ശ്രീഹരി മറ്റു മൂന്നു ഹോട്ടലുകള്‍ കൂടി തുടങ്ങി. പിന്നീട് ഇവയെല്ലാം വാടകയ്ക്കു കൊടുത്തിട്ട് നാടുവിടുകയായിരുന്നു.

നാട്ടിലുണ്ടായിരുന്ന കാലത്തും ആഭിചാര ക്രിയകള്‍ക്കു പോയിരുന്നു. പ്രശ്‌നപരിഹാര പൂജകളായിരുന്നു പ്രധാന വിനോദം. ഇതിനിടെ ഇദ്ദേഹത്തിനെതിരേ പല തരത്തിലും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് നാടുവിട്ടത്.

നാടുവിട്ട ശേഷം സന്യാസിയായാണ് തിരിച്ചെത്തിയത്. വെള്ള വസ്ത്രങ്ങളിലാണ് അന്ന് സ്വാമി പുറത്തെത്തിയിരുന്നത്. ബുള്ളറ്റിലായിരുന്നു സഞ്ചാരം. അതുകൊണ്ടുതന്നെ നാട്ടുകാര്‍ ബുള്ളറ്റ് സ്വാമിയെന്നു പേരും കൊടുത്തിരുന്നു. നാടുവിട്ടുപോയി തിരിച്ചെത്തിയ ഹരിസ്വാമിക്ക് വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടാനുമായി. കൂടുതല്‍ ഭൂമിയും പുത്തുന്‍കുരിശ് ഭാഗത്താണ് ഉള്ളതെന്നു നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ ആഡംബര കാറുകളും സ്വന്തമാക്കി. വിദ്യാസമ്പന്നനായ ഇയാള്‍ നല്ല പെരുമാറ്റത്തിലൂടെയാണ് ആളുകളെ വശത്താക്കിയിരുന്നത്. നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ട് പരിഹാരവുമുണ്ടാക്കിയിരുന്നു.

ഇടയ്ക്കു കൊല്ലം പന്മന ആശ്രമത്തില്‍ ചേര്‍ന്നു. ഇവിടെനിന്നാണ് ദീക്ഷ സ്വീകരിച്ച് കാവിധാരിയായി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്നു പേരു മാറ്റിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ ആക്രണമത്തില്‍ 90 ശതമാനത്തോളം മുറിഞ്ഞു തൂങ്ങിപ്പോയ ജനനേന്ദ്രിയം പഴയതുപോലെ തുന്നിച്ചേര്‍ക്കുക പ്രയാസമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ വര്‍ഷങ്ങളായി പൂജയ്‌ക്കെത്തുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ തളര്‍ന്നു കിടപ്പാണ്. കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം വഴിയാണ് ഇയാള്‍ പൂജയ്ക്കു വരുന്നത്. പൂജ കഴിഞ്ഞ് കുട്ടിയെ പീഡിപ്പിക്കു പതിവാണ്. മൂന്നു വര്‍ഷമായുള്ള ഉപദ്രവത്തില്‍ സഹികെട്ടപ്പോഴാണ് കുട്ടി പ്രത്യാക്രമണത്തിനു തയ്യാറെടുത്തത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പെണ്‍കുട്ടി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. തന്നെ കീഴടക്കാന്‍ വന്ന സന്യാസിയെ അടുത്തു കരുതിവച്ച മൂര്‍ച്ചയേറിയ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴികൊടുത്തു.

രക്തസ്രാവം നിയന്ത്രിക്കാനാവാതെയാണ് സന്യാസിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. സന്യാസിയുടെ ജീവന്‍ അപകടത്തിലാവുമെന്നു കണ്ട ആശുപത്രി ഡോക്ടര്‍മാര്‍ യൂറോളജി, പ്‌ളാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂത്രം പോകുന്നതിനായി പ്രത്യേകം ട്യൂബും ഇട്ടിട്ടുണ്ട്.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് എത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സന്യാസി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് പേട്ട പൊലീസും ഇടപെട്ടു. ഇതോടെയാണ് അമ്മയും കുടുങ്ങിയത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിക്കെതിരേയും കേസെടുക്കേണ്ടിവരുമെന്ന് ആദ്യം പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സ്വന്തം വീട്ടില്‍ സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യമായതിനാല്‍ പെണ്‍കുട്ടിക്കെതിരേ കേസെടുക്കരുതെന്ന നയമോപദേശമാണ് പൊലീസിനു കിട്ടിയത്. മാത്രമല്ല, രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും കുട്ടിക്കു പിന്തുണയും ആശ്വാസവുമായി ഒപ്പമുണ്ട്.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന മുറയ്ക്ക് സന്യാസിയെ പൊലീസ് അറസ്റ്റു ചെയ്യും. ഇയാള്‍ രക്ഷപ്പെട്ടു പോകാതിരിക്കാനായി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ സ്വാമി ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പേട്ട പൊലീസിനോട് യുവതി വെളിപ്പെടുത്തി. പ്ലസ് വണില്‍ പഠിക്കുന്ന കാലത്താണ് സ്വാമി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 23 വയസ്സുണ്ട്. നിയമവിദ്യാര്‍ത്ഥിനിയാണ്.

പന്മന ആശ്രമത്തില്‍ പ്രാര്‍ത്ഥനയ്ക്കായി യുവതിയുടെ കുടുംബം എത്തിയപ്പോഴാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇവരുമായി അടുപ്പമുണ്ടാക്കിയത്. യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോടെ ഇയാള്‍ പൂജയ്ക്കായി ഇവരുടെ വീട്ടിലേക്ക് പതിവായി വരാന്‍ തുടങ്ങി. അമ്മയുമായി രമ്യതയിലെത്തി സ്വാമി മകളെ കൈവച്ചപ്പോഴും അമ്മ കണ്ണടയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം കണ്ണമ്മൂല, പേട്ട നിവാസികള്‍ക്ക് സ്വാമി സുപരിചിതനാണ്.
എഡിജിപി ബി സന്ധ്യ ചട്ടമ്പിസ്വാമിയുടെ ജന്മഗേഹം സ്വന്തമാക്കിയെന്ന പരാതി ഉയര്‍ന്ന വേളയില്‍ ഇവിടെ സന്ധ്യയ്‌ക്കെതിരേ ഭൂസമരം നയിക്കാന്‍ സ്വാമി മുന്നിലുണ്ടായിരുന്നു. അന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കാനും സ്വാമി പതിവായി എത്തിയിരുന്നു.

ചെറിയ പെണ്‍കുട്ടികളെ ദേവിമാരായി കണക്കാക്കി കുമാരീപൂജ എന്ന പേരില്‍ പൂജ നടത്തുക ഇദ്ദേഹത്തിന്റെ പതിവായിരുന്നു.

സ്വാമിക്കെതിരേ വാര്‍ത്ത വന്നതോടെ പന്മന ആശ്രമം അധികൃതര്‍ അദ്ദേഹത്തെ കൈയൊഴിഞ്ഞിട്ടുണ്ട്. സ്വാമി 15 വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കി പോയതാണെന്നും ആശ്രമവുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും അധികൃതര്‍ പറയുന്നു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജനനേന്ദ്രിയം പോയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി, കത്തി സ്വാമി തന്നെ കൊണ്ടുവന്നതെന്നു പെണ്‍കുട്ടി