Search

ആ പെണ്‍കുട്ടിക്കു പിന്തുണയുമായി മുഖ്യമന്ത്രി മുതല്‍ ചിന്താ ജെറോം വരെ

തിരുവനന്തപുരം: തന്നെ മാനഭംഗപ്പെടുത്താനെത്തിയ സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്ക് കേരളത്തിന്റെയാകെ പിന്തുണ. പെണ്‍കുട്ടിയുടെ നടപടി ധീരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരോക്ഷമായി പറയുകയും ചെയ്തു.

പെണ്‍കുട്ടികള്‍ കരുത്തരായി മാറുന്നു എന്നതിന്റെ ഉദാഹരണമാണ് ജനനേന്ദ്രിയം മുറിച്ച സംഭവമെന്ന് കേരള യൂത്ത് കമ്മിഷന്‍ അദ്ധ്യക്ഷ കൂടിയായ ചിന്താ ജെറോം പറഞ്ഞു.

ഓടുന്ന ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ടപ്പോള്‍, ചങ്ങല വലിക്കാന്‍ തയ്യാറാകാതിരുന്ന മലയാളികള്‍ക്ക് ഈ പെണ്‍കുട്ടി ഒരു അപവാദമാണ്, ഒപ്പം മാതൃകയും. മാനസികവും ധാര്‍മികവും നിയമരവുമായ പിന്തുണ ഈ പെണ്‍കുട്ടിക്ക് നല്‍കണം. ആ പെണ്‍കുട്ടിയുടെ കരുത്തിനോട് ബഹുമാനം തോന്നുന്നുവെന്നും ചിന്ത പറഞ്ഞു.

ഏറ്റവും സുരക്ഷിതമായ സ്ഥലം വീടാണെന്ന സങ്കല്‍പം പോലും മാറിക്കൊണ്ടിരിക്കുകയാണ്. സന്യാസി എന്ന വിശേഷണത്തിന് യാതൊരു വിധത്തിലും അയാള്‍ അര്‍ഹനല്ല. സംഭവത്തില്‍ യുവജന കമ്മിഷന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും പെണ്‍കുട്ടിക്ക് ഉണ്ടാകുമെന്നും ചിന്ത പറഞ്ഞു.

പീഡിപ്പിച്ചവന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി മറ്റുള്ളവര്‍ക്ക് പാഠമാണെന്ന് സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്‍ അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തോളം അവള്‍ പീഡനം സഹിച്ചു.

അത്തരമൊരു അവസ്ഥയെ അവള്‍ അതിജീവിച്ചു എന്നതില്‍ അത്ഭുതമുണ്ട്. അമ്മ അറിഞ്ഞു കൊണ്ടായിരുന്നു അയാള്‍ ഉപദ്രവിച്ചിരുന്നതെന്ന് കാര്യം ഞെട്ടലുണ്ടാക്കുന്നു.

ഇത്രയും കാലം നമുക്ക് അവളെ സംരക്ഷിക്കാനായില്ലെന്നും ഇനിയെങ്കിലും നാം അവളെ സംരക്ഷിച്ചേ മതിയാകൂയെന്നും ധന്യ പറഞ്ഞു.

ഇതേസമയം, ലൈംഗിക പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട സന്യാസി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബലാത്സംഗ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പേട്ട സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാമിയെ അറസ്റ്റു ചെയ്തത്. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞാലുടന്‍ ഇയാളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടി ഉപയോഗിച്ച കത്തി സ്വാമി തന്നെ കൊണ്ടുവന്നതാണെന്നും അതുകാട്ടി വിരട്ടി മുറിക്കുള്ളിലേക്കു തന്നെ വലിച്ചിഴച്ചുകൊണ്ടുപോയ സ്വാമിയില്‍ നിന്നു കത്തി പിടിച്ചുവാങ്ങിയാണ് താന്‍ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്കി.

സ്വാമിയില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് അതു ചെയ്തത്. അച്ഛനമ്മമാരോടു പരാതിപ്പെട്ടിട്ടു കാര്യമില്ലാത്തതിനാലാണ് താന്‍ ഇങ്ങനെയൊരു കടും കൈ ചെയ്തതെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

പെണ്‍കുട്ടിയല്ല, താനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും പൊലീസിനോടും സ്വാമി പറഞ്ഞത്. കേസില്‍ നിന്നു രക്ഷപ്പെടാനായി സ്വാമി സ്വയം കഥമെനയുകയാണെന്ന് പൊലീസ് പറഞ്ഞു.

എന്തിനാണ് സ്വയം ജനനേന്ദ്രിയം അറുത്തു കളയാന്‍ നോക്കിയതെന്ന ചോദ്യത്തിന് സ്വാമിക്കു പക്ഷേ ഉത്തരം പറയാനാവുന്നില്ല.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആ പെണ്‍കുട്ടിക്കു പിന്തുണയുമായി മുഖ്യമന്ത്രി മുതല്‍ ചിന്താ ജെറോം വരെ