Search

ഇന്ത്യയ്ക്കു റഷ്യന്‍ മിസൈല്‍ പ്രതിരോധ കവചം

റഷ്യയുടെ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങുന്നു
അഭിനന്ദ്/www.vyganews.com

ന്യൂഡല്‍ഹി: ശത്രുക്കളില്‍ നിന്ന് രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ശത്രുവിന്റെ വിമാനം, മിസൈല്‍, ആളില്ലാ വിമാനം തുടങ്ങിയവയെ 400 കിലോമീറ്റര്‍ അകലെ വച്ചുതന്നെ തകര്‍ക്കുന്നതിനുമായി റഷ്യയില്‍ നിന്ന് ഇന്ത്യ മിസൈല്‍ പ്രതിരോധ കവചം വാങ്ങുന്നു.

റഷ്യയുടെ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം വ്യോമസേനയാണ് വച്ചത്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ അദ്ധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

ആദ്യഘട്ടമെന്ന നിലയില്‍ റഷ്യയില്‍ നിന്നു ഒരു ഡസന്‍ എസ്-400 ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനാണ് ആലോചിക്കുന്നത്.

മനോഹര്‍ പരീകര്‍ ഉടന്‍ റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. അതിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. കൂടാതെ, ഡിസംബറില്‍ മോസ്‌കോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും കൂടിക്കാണുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനവുമാവും.

ചൈനയ്ക്കും റഷ്യന്‍ പ്രതിരോധ കവചം

ഒരു വര്‍ഷം മുന്‍പ് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കാന്‍ റഷ്യയുമായി ചൈന മൂന്നു ബില്യണ്‍ ഡോളറിന്റെ ഉടമ്പടി ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയും ഇതിനെക്കുറിച്ച് ആലോചിക്കുന്നത്.

അമേരിക്കയുടെ പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനത്തോടും നാറ്റോയുടെ എസ്എ-21 ഗ്‌ളോവര്‍ സിസ്റ്റത്തോടും കിടപിടിക്കാന്‍ പോന്നതാണ് റഷ്യയുടെ എസ്-400. ഇതു ചൈന സ്വന്തമാക്കി 2017 മുതല്‍ സ്ഥാപിച്ചു തുടങ്ങുന്നതാണ് ഇന്ത്യയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ചൈനയുടെ ഈ മുന്നേറ്റം അവരുടമായി അതിര്‍ത്തി തര്‍ക്കത്തിലുള്ള ജപ്പാന്‍, തയ്‌വാന്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

എസ്-400 മിസൈല്‍ പ്രതിരോധ കവചത്തിലെ മിസൈലുകള്‍ സൂപ്പര്‍ സോണിക്, ഹൈപര്‍ സോണിക് വേഗങ്ങളില്‍ സഞ്ചരിക്കാനാവുന്നവയാണ്. റഡാറുകളെ വെട്ടിച്ചു പറക്കാന്‍ കഴിയുന്ന അമേരിക്കയുടെ എഫ്-35 സ്റ്റെല്‍ത് വിമാനങ്ങളെ പോലും വീഴ്ത്താന്‍ ഇവയ്ക്കാവുമെന്നാണ് റഷ്യന്‍ അവകാശവാദം.

ഇന്ത്യന്‍ മിസൈല്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍

നിലവില്‍ ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ നിരവധി പിഴവുകളും പാളിച്ചകളും വിള്ളലുകളുമുണ്ട്. റഷ്യയുമായി ഈ ഉടമ്പടി സാദ്ധ്യായാല്‍ സമീപഭാവിയില്‍ ഇന്ത്യയ്ക്കു ഭേദപ്പെട്ടൊരു മിസൈല്‍ പ്രതിരോധ കവചമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അയലത്തെ പ്രധാന ശത്രുവായ ചൈന അതിവിപുലമായ മിസൈല്‍ പ്രതിരോധ കവചം ഇതിനകം തന്നെ ഒരുക്കിക്കഴിഞ്ഞു.

ഇസ്രയേലില്‍ നിന്ന് ഇന്ത്യ സ്‌പൈഡര്‍ ലോ ലെവല്‍ ക്വിക് റിയാക്ഷന്‍ മിസൈല്‍ സിസ്റ്റം സ്വന്തമാക്കിയിരുന്നു. 15 കിലോമീറ്റര്‍ റേഞ്ചില്‍ ശത്രുവിന്റെ മിസൈലുകളെയും മറ്റും തകര്‍ക്കുകയാണ് ഇതിന്റെ ദൗത്യം. ഇടയ്ക്കു അഴിമതി വിവാദത്തില്‍ കുടുങ്ങിയ ടട്ര ട്രക്കുകളിലാണ് ഇവ ഘടിപ്പിക്കേണ്ടിയിരുന്നത്. വാഹിനി വിവാദത്തിലായതോടെ ഈ കരാര്‍ തന്നെ വെള്ളത്തിലാവുന്ന സ്ഥിതിയായി. ടട്രയെ മാറ്റി ഇപ്പോള്‍ ടാറ്റ ട്രക്കുകളില്‍ ഇവ ഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഫലത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിനാണ് തിരിച്ചടി കിട്ടിയത്.

ഇസ്രയേലും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത 70 കിലോമീറ്റര്‍ റേഞ്ചുള്ള ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനം 2017ല്‍ പ്രവര്‍ത്തന സജ്ജമാവുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ പരാധീനതകള്‍ പലത്

ഇന്ത്യയ്ക്ക് ഇപ്പോഴും പൂര്‍ണ സജ്ജമായ ഒരു ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍േട്രാള്‍ സിസ്റ്റം ഇല്ലെന്നതും വ്യോമ പ്രതിരോധ രംഗത്തെ വലിയൊരു വീഴ്ച തന്നെയാണ്. ഇതിനായി സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സബ് കമ്മിറ്റി അടുത്തിടെ 8000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ആര്‍മിയുടെ ആകാശ്, നാവിക സേനയുടെ ത്രിഗുണ വ്യോമ പ്രതിരോധ മിസൈല്‍ നിര കൂടി ഇവയ്ക്കു കഴീല്‍ പ്രവര്‍ത്തനസജ്ജമാവുമാവുകയും രാജ്യം കുറച്ചുകൂടി സുരക്ഷിതാമായൊരു വ്യോമ പ്രതോരോധ സംവിധാനത്തിനു കീഴിലെത്തുകയും ചെയ്യും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം. 10,900 കോടി രൂപ മുടക്കി വ്യോമസേന ഇതിന്റെ 15 സ്‌ക്വാഡ്രണ്‍ വിന്യസിച്ചുകഴിഞ്ഞു. 25 കിലോമീറ്ററാണ് റേഞ്ച്. 14,180 കോടി രൂപ മുടക്കി കരസേന രണ്ടു റെജിമെന്റ് ആകാശ് പ്രതിരോധ നിര സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ നാവിക സേന 2606 കോടി രൂപയ്ക്ക് 70 കിലോമീറ്റര്‍ റേഞ്ചുള്ള ഇന്തോ-ഇസ്രയോലി മിദ്ധ്യ ദൂര മിസൈല്‍ പ്രതിരോധ സംവിധാനം യുദ്ധക്കപ്പലുകളിലും സ്ഥാപിക്കാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

അഴിമതിയിലും വിവാദങ്ങൡും മുങ്ങി ഈ പദ്ധതികള്‍ താളം തെറ്റാതിരുന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ആകാശം താരതമ്യേന സുരക്ഷിതമാകുമെന്നു പ്രതീക്ഷിക്കാം.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇന്ത്യയ്ക്കു റഷ്യന്‍ മിസൈല്‍ പ്രതിരോധ കവചം