Search

പിള്ളേച്ചന്റെ ജന്മം, ഇനി പുണ്യജന്മം

അഴിമതിയെന്നു കേട്ടാല്‍ ഓക്കാനം വരുന്ന പുണ്യാളന്‍ വിഎസ് അച്യുതാനന്ദന്‍, വാളകം കീഴൂട്ട് രാമന്‍പിള്ളയുടെ മകന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സെക്രട്ടേറിയേറ്റ് നടയില്‍വച്ച് കൈകൊടുക്കുന്ന വിഷ്വല്‍ കണ്ട് എനിക്ക് രോമാഞ്ചം വന്നു.

പണ്ട് കര്‍ത്താവിന്റെ കുപ്പായത്തിന്റെ അറ്റത്തുതൊട്ട് രക്തസ്രാവ രോഗത്തില്‍ നിന്ന് സൗഖ്യം പ്രാപിച്ച സ്ത്രീയുടെ അതേ അവസ്ഥയാണ് നമ്മുടെ പിള്ളേച്ചനുണ്ടായത്. ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി മാറുമെന്ന് ഞങ്ങളുടെ പാതിരിമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇടതിനൊപ്പം ചേര്‍ന്ന്പിള്ളേച്ചനും മോനും മാണിക്കും മറ്റുള്ളവര്‍ക്കുമെതിരേ പത്തു തെറിപറയാന്‍ തുടങ്ങിയതോടെ ഇവര്‍ രണ്ടാളും ഗാന്ധിജിയുടെ കൊച്ചച്ചന്‍ മാരായി മാറിക്കഴിഞ്ഞു.

അഴിമതി നിരോധന നിയമപ്രകാരം ജയിലില്‍ കിടന്ന പിള്ള, വിഎസ് എന്ന വിശുദ്ധന്റെ പാദസ്പര്‍ശം ഏറ്റു വിശുദ്ധമായ സെക്രട്ടറിയേറ്റ് നടയില്‍ അഴിമതിക്കെതിരേ ഒരേപ്രസംഗം. ഇടതുപക്ഷത്തിന് പുളകം കൊള്ളാന്‍ ഇതില്‍ കൂടുതലെന്തു വേണം? പത്തുപന്ത്രണ്ട് മാസത്തിനുള്ളില്‍ ഏതുവിധേയനേയും സെക്രട്ടിയേറ്റില്‍ കേറി മോഷണം നടത്താനുള്ള ആക്രാന്തമാണ് ആ മീറ്റിംഗില്‍ പങ്കെടുത്ത ഓരോ നേതാവിന്റേയും മുഖത്ത് കാണാന്‍ കഴിഞ്ഞത്.

ഈ മഹാനായ വിഎസ്; പിള്ളേച്ചന്‍ മകന്‍ ഗണേശന്റെ പെണ്ണുപിടിത്തത്തെക്കുറിച്ച് ഘോരഘോരം അസംബ്ലിയിലും വെളിയിലും ഓരിയിടുന്നത് ചാനല്‍ ദ്വാരാ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. പണ്ടൊരു പെണ്ണുകേസില്‍ പെട്ടുപോയ ജഗതി ശ്രീകുമാറിന് കൈത്തറി തുണി കൊടുത്താ സര്‍ക്കാര്‍ പരിപാടി ഉദ് ഘാടനം ചെയ്യാന്‍ വിമുഖത പരസ്യമായി പ്രകടിപ്പിച്ച വിഎസ്സ് ഇന്ന് അതിലും പരമയോഗ്യനായ ഗണേശനെ കൈനീട്ടി ഷേക്ക ഹാന്‍ഡ് കൊടുത്തത് ഉള്‍പുളകത്തോടെയാണ് സഖാക്കള്‍ കണ്ടാസ്വദിച്ചത്. ഒപ്പം തിരുവന ന്തപുരത്തെ അച്ചു സ്തുതിപാഠകരായ ചാനല്‍ കുഞ്ഞുങ്ങളും.

പിണറായിയോ അതുമല്ലെങ്കില്‍ കണ്ണൂര്‍ ജയരാജന്മാരോ മറ്റോ ഇങ്ങനെ പിള്ളേച്ചമ്മാരുടെ കൂടെ ഇരിക്കുകയോ കൈകൊടുക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്തൊരു പുകിലായേനെ. ഒമ്പതുമണി വേതാളങ്ങ ളായ അപ്പുക്കുട്ടന്‍, ആസാദ്, ഉമേഷ് ബാബു, പീയേഴ്‌സണ്‍ എന്നിവരൊക്ക കാവടിയെടുത്തു തുള്ളുന്നതു കാണാമായിരുന്നു.

കമ്മ്യൂണിസത്തിന്റെ ചുവന്ന ഷഡ്ഡി വരെ ഈ കൂട്ടുകെട്ടിലൂടെ തട്ടിക്കൊണ്ടുപോകാനിയുണ്ടെന്നാവും ഈ യോഗ്യന്മാരുടെ അരുളപ്പാടുകള്‍. ചാക്കുരാധാകൃഷ്ണന്റെ കൈയ്യില്‍ നിന്നു മുക്കാലേ അരയ്ക്കാല്‍ രൂപയുടെ പരസ്യം ദേശാഭിമാനി വാങ്ങിച്ചതിനു ഈ.പി. ജയരാജനെയും പിണറായി വിജയനേയും പള്ളു വിളിച്ച പുണ്യാള സംഘങ്ങള്‍ പിള്ളേച്ചന്റെ തിരു അവതാര ലക്ഷ്യത്തെക്കുറിച്ചു കമാ എന്നൊരക്ഷരം മിണ്ടുന്നില്ല.

ഈ പിള്ളേച്ചന്റെ രണ്ടാമത്തെ മരുമകന്‍ ടി. ബാലകൃഷ്ണന്‍ ഐഎഎസ് 2010 ല്‍ വ്യവസായ സെക്രട്ടറിയായിരുന്ന കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതിക്കു വേണ്ടി ചരടുവലിച്ച് പണം തട്ടിയെന്ന് അച്ചുമ്മാന്‍ പറഞ്ഞു നടന്നത്. ഇപ്പോ അതൊക്കെ പഴങ്കഥ. ഇരുമ്പു പഴുത്തപ്പോ കൊല്ലനും കൊല്ലത്തീം ഒന്നായി.

വിഎസ്സിന്റെ മകള്‍ ഡോ. ആശ വനം വകുപ്പില്‍ ഇല്ലാത്ത പ്രബന്ധത്തിന്റെയും ഗവേഷണത്തിന്റേയും പേരില്‍ 30 ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് ആരോപണവും അന്വേഷണവും നടത്തിയ പിള്ളേച്ചനും മോനും എല്‍ ഡി എഫ് അഴിമതിവിരുദ്ധ യോഗത്തില്‍ വേലിക്കകത്തെ തമ്പ്രാന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഒരേ നില്‍പ്പു് !

ഇങ്ങനെ എന്തെല്ലാം കാഴ്ച കണ്ടാല്‍ ഭഗവാനെ എന്റെ ഈ ജന്മം ഒടുങ്ങും?vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പിള്ളേച്ചന്റെ ജന്മം, ഇനി പുണ്യജന്മം