Search

പടക്കക്കാരനില്‍ നിന്നു കണക്കുപറഞ്ഞു കൈക്കൂലി വാങ്ങിയ എഡിഎം അകത്തായി

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കകട നടത്തുന്ന യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എഡിഎം) ബി.രാമചന്ദ്രന്‍ അറസ്റ്റില്‍.

രാവിലെ കാക്കനാട്ടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ 4/2 ഫ് ളാറ്റില്‍ ഇരയെ വിളിച്ചുവരുത്തിയാണ് കൈക്കൂലി വാങ്ങിയത്. രാസവസ്തു പുരട്ടിയ നോട്ടുകളുമായി വിജിലന്‍സ് ഡിവൈ എസ്പി കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഡിഎമ്മിനെ കൈയോടെ പൊക്കിയത്.

കണക്കില്‍പ്പെടാത്ത നാല്‍പ്പതിനായിരം രൂപയും വീട്ടില്‍നിന്നു പിടിച്ചെടുത്തു. പടക്കം ശേഖരിച്ചുവയ്ക്കാന്‍ ഗോഡൗണിനു ലൈസന്‍സ് നല്‍കുന്നതിനായുള്ള എന്‍ഒസിക്കു വേണ്ടിയാണ് കൈക്കൂലി ചോദിച്ചത്.

അഞ്ചു ലക്ഷമാണ് എഡിഎം ആവശ്യപ്പെട്ടത്. അത്രയും നല്‍കാന്‍ ശേഷിയില്ലെന്നു യുവാവ് പറഞ്ഞെങ്കിലും എഡിഎം വിട്ടുകൊടുത്തില്ല. പിന്നീട് യുവാവ് അച്ഛനെയും കൂട്ടിവന്ന് എഡിഎമ്മിനെ കണ്ട് കേണപേക്ഷിച്ചു.

പക്ഷേ, അഞ്ചുലക്ഷത്തില്‍ കുറഞ്ഞ് ലൈസന്‍സ് കിട്ടുമെന്നു കരുതേണ്ടെന്ന് എഡിഎം ഉറച്ച നിലപാടെടുത്തു. ഈ സമയം ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോ യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തി.

എഡിഎം കൈക്കൂലി ആവശ്യപ്പെട്ട വിവരം വീഡിയോ ഉള്‍പ്പടെ കാട്ടി യുവാവ് വിജിലന്‍സിനു പരാതി നല്‍കി. തുടര്‍ന്ന് 23ന് എഡിഎമിനെ കുടുക്കാനുള്ള നീക്കം വിജിലന്‍സ് നടത്തിയെങ്കിലും പരാജയപ്പെട്ടു. രാസവസ്തു പുരട്ടിയ ഒരു ലക്ഷം രൂപയുടെ നോട്ടുമായി യുവാവ് എഡിഎമിന്റെ ഔദ്യോഗിക വസതിക്കു മുന്നിലെത്തി. എന്നാല്‍ സെക്യൂരിറ്റി കടത്തിവിട്ടില്ല. ഈ സമയം വിജിലന്‍സ് സംഘം പുറത്ത് നില്‍പ്പുണ്ടായിരുന്നു.

ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവാവ് കളക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലേക്ക് നേരിട്ടുചെന്ന് തന്റെ കാര്യം എന്തായെന്ന് അന്വേഷിച്ചു. ഫയല്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടി സാദ്ധ്യമാകൂ എന്നും എഡിഎം പറഞ്ഞു.

തുടര്‍ന്നാണ് വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ പണവുമായി യുവാവ് എഡിഎമ്മിന്റെ വസതിയിലെത്തിയത്. പണം കൈമാറി യുവാവ് പുറത്തേക്ക് ഇറങ്ങിയതും ഗേറ്റിനു പുറത്ത് കാത്തുനിന്നിരുന്ന വിജിലന്‍സ് സംഘം അകത്തേക്ക് കടന്ന് പണം പിടികൂടി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 40000 രൂപയും പിടിച്ചെടുത്തു. കൂത്താട്ടുകൂളത്തെ ഒരു പെട്രോള്‍ പമ്പുടമയുടെ പണമാണിതെന്ന് എഡിഎം വിജിലന്‍സിനോട് സമ്മതിച്ചു. ഇതു സംബന്ധിച്ച രേഖകളും ഇവിടെ നിന്നു പിടിച്ചെടുത്തു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട്െമന്റ്, ഫയര്‍ ഫോഴ്‌സ്, പോലീസ് വകുപ്പുകളുടെ പരിശോധ റിപ്പോര്‍ട്ടുമായാണ് എന്‍ഒസിക്കായി യുവാവ് എഡിഎമ്മിനെ സമീപിച്ചത്. രേഖകളൊക്കെ കൃത്യമായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

എന്‍ഒസി നല്‍കേണ്ടത് കളക്ടറാണെങ്കിലും എം.ജി. രാജമാണിക്യം കളക്ടറായി ചാര്‍ജ് എടുത്ത ശേഷം ഈ അധികാരം എഡിഎമ്മിനു കൈമാറിയിരുന്നു. അടുത്ത മാസം സര്‍വീസില്‍ റിട്ടയര്‍ ചെയ്യാനിരിക്കെയാണ് എഡിഎം അകത്തായത്.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പടക്കക്കാരനില്‍ നിന്നു കണക്കുപറഞ്ഞു കൈക്കൂലി വാങ്ങിയ എഡിഎം അകത്തായി