Search

വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത് സസ്‌പെന്‍ഷനില്‍, സഭ തിളച്ചുമറിയും

തിരുവനന്തപുരം: നിയമസഭയിലെ അക്രമസംഭവങ്ങളുടെ ഭാഗമായി വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത് എന്നീ പ്രതിപക്ഷ എംഎല്‍എ മാരെ ഈ സഭാ സമ്മേളനം തീരുംവരെ സസ്‌പെന്‍ഡ് ചെയ്തു.

സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാട്ടുകയും കസേരയും മൈക്കും കമ്പ്യൂട്ടറും തകര്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍.

ഏപ്രില്‍ ഒന്‍പതിനാണ് സമ്മേളനം തീരുന്നത്. മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ച നടപടി പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തിനിടയില്‍ പ്രമേയം പാസായി.

സമവായത്തിലൂടെ കാര്യങ്ങള്‍ നീക്കാനായി പ്രതിപക്ഷവുമായി രണ്ടുവട്ടം സ്പീക്കര്‍ ചര്‍ച്ച നടത്തി. രാവിലെ ശൂന്യവേളയില്‍ സ്പീക്കര്‍ പ്രത്യേക പ്രസ്താവന നടത്തിയശേഷം കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്താന്‍ നിയമസഭ അല്‍പ്പനേരം നിറുത്തിവച്ചു. തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷമാണ് സഭ പുനരാരംഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി സഭയിലെ സംഭവങ്ങളെപ്പറ്റി പ്രമേയം അവതരിപ്പിച്ചു.

കേരളത്തിന് നാണക്കേടാണ് 13ന് നടന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങള്‍ അതിരുവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ എം.എല്‍.എമാര്‍ തല്ലിത്തകര്‍ത്തിനെയും വിമര്‍ശിച്ചു.

ഭരണകക്ഷി എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറിയിട്ടില്ല. സന്തോഷത്തോടെയല്ല, വേദനയോടെയാണ് നടപടി ആവശ്യപ്പെടുന്നത്. എല്ലാം ലോകം മുഴുവന്‍ കണ്ട കാര്യങ്ങളാണ്. പ്രതിപക്ഷം തയ്യാറാണെങ്കില്‍ ഒരുമിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. വനിതാ എം.എല്‍.എമാരെ അപമാനിച്ച ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെയും നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഏകപക്ഷിയമായി എടുത്ത തീരുമാനം അംഗീകരിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

സഭയില്‍ ലഡു വിതരണം ചെയ്തതിനെയും ചുംബനം നടത്തിയതിനെയും വി.എസ് വിമര്‍ശിച്ചു. നടപടി ഏകപക്ഷീയമാണ്. സഭ ചട്ടപ്രകാരമല്ല അന്ന് നടന്നത്. സ്പീക്കറുടെ നടപടി അപമാനകരമാണെന്നും വി.എസ് കുറ്റപ്പെടുത്തി.

ബജറ്റ് അവതരണം കുട്ടിക്കളിയാണോ. മാണി 85 വയസ്സിന്റെ പക്വത കാണിക്കണമായിരുന്നു. കവിളില്‍ തുരുതുരാ ചുംബിക്കുന്നു. സഭയില്‍ നടന്നത് ചുംബന സമരമാണോ. ഭരണപക്ഷത്തിന് കുട്ടിയും കോലും കളിക്കുന്നതു പോലെയാണോ ബഡ്ജറ്റ് അവതരണമെന്നും വി.എസ് ചോദിച്ചു.

വി.എസിന്റെ ഈ പരാമര്‍ശങ്ങള്‍ പിന്നീട് സഭാരേഖയില്‍ നിന്ന് നീക്കി. ബഹളത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി 23ന് മാത്രമേ സഭ സമ്മേളിക്കുകയുള്ളൂ.

ഇന്ന് ചോദ്യോത്തരവേള സമാധാനപരമായി നടന്നു. ശൂന്യവേള തുടങ്ങിയപ്പോഴാണ് സംഭവം തീരാക്കളങ്കമാണെന്ന പ്രത്യേക പ്രസ്താവന സ്പീക്കര്‍ നടത്തിയത്. തുടര്‍ന്ന് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല.

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടിക്കാര്യത്തില്‍ ഭരണകക്ഷി ഉറച്ചുനിന്നു. വനിതാ എം.എല്‍.എമാരെയടക്കം അപമാനിച്ച ഭരണകക്ഷി എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യമുന്നണിയിച്ചു.

ഇതോടെ സ്പീക്കറുടെ ചര്‍ച്ച പൊളിഞ്ഞു. അഞ്ച് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കും. പുറത്തേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും. അടുത്ത ദിവസങ്ങളില്‍ സഭ സുഗമമായി നടക്കില്ലെന്ന് ഉറപ്പായി.

ഇതേസമയം, സഭ മുന്നോട്ടു പോകുന്നത് സുഗമമായല്ലെങ്കില്‍ ഇടപെടുമെന്ന മുന്നറിയിപ്പ് ഗവര്‍ണറും നല്കിയിട്ടുണ്ട്. 365 ാം വകുപ്പ് പ്രയോഗിക്കാന്‍ തക്ക സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കിയിത് ഭരണപക്ഷത്തിനും ആശങ്കയുണ്ടാക്കുന്നുണ്ട്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.അജിത് സസ്‌പെന്‍ഷനില്‍, സഭ തിളച്ചുമറിയും