Search

ജി.കെ: സൗമ്യന്‍, മാന്യന്‍, മുഖം നോക്കാതെ അഭിപ്രായം പറഞ്ഞിരുന്ന നേതാവ്... കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള നേതാക്കള്‍ ഇനിയെത്ര


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: പുറമേ പരുക്കന്‍, അകമേ സൗമ്യന്‍. അതായിരുന്നു അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. മുഖം നോക്കാതെ അഭിപ്രായം പറഞ്ഞിരുന്നതുകൊണ്ടു തന്നെ രാഷ്ട്രീയത്തില്‍ എതിരാളികളെക്കാള്‍ സ്വന്തം കക്ഷിക്കാര്‍ കാര്‍ത്തികേയനെ ഭയന്നിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ചുചെന്നാല്‍ ഒരിക്കലും അദ്ദേഹം അവഗണിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലയുടെ അതിര്‍തത്തിയിലെ പകല്‍ക്കുറി എന്ന ഗ്രാമത്തില്‍ കഥകളി തെക്കന്‍ ചിട്ട അഭ്യസിപ്പിക്കുന്ന കലാഭാരതി എന്നൊരു സ്ഥാപനമുണ്ട്. അതിന്റെ അമരക്കാരനായിരുന്ന അന്തരിച്ച നാരായണ പിള്ള (ഉടുപ്പിടാ നാരായണ പിള്ള) ഒരിക്കല്‍ പറയുകയുണ്ടായി. സ്ഥാപനം പൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ ജി. കാര്‍ത്തികേയനെ പോയി കണ്ടു. അന്ന് കാര്‍ത്തികേയന്‍ സാംസ്‌കാരിക മന്ത്രിയാണ്.

കഥകളി കേന്ദ്രത്തിന്റെ നില പറഞ്ഞപ്പോള്‍ മന്ത്രി കാര്‍ത്തികേയനു വിഷമമായി. സ്ഥാപനത്തിന് അപ്പോള്‍ തന്നെ 75000 രൂപ സര്‍ക്കാര്‍ സഹായവും നാരായണ പിള്ളയ്ക്കു വണ്ടിക്കൂലിയും കൊടുത്താണ് മന്ത്രി യാത്രയാക്കിയത്!

ഇതുപോലെ, തന്നെ തേടി വരുന്നവരെ ഒരിക്കലും ജി.കെ വെറും കൈയോടെ വിട്ടിരുന്നില്ല. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വണ്ടിക്കൂലിയില്ലെങ്കിലും ചെന്നു കാണുന്നത് ജി.കെയെ തന്നെ. സഹായിക്കാന്‍ ജി.കെ കഴിഞ്ഞേ കോണ്‍ഗ്രസില്‍ മറ്റാരുമുണ്ടായിരുന്നുള്ളൂ.

ആദര്‍ശത്തിന്റെ കാര്യത്തിലും ജി.കെ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ നീണ്ട പൊതു ജീവിതത്തില്‍ അഴിമതിയുടെ കറ പുരളാതെ അദ്ദേഹത്തിനു തിരിച്ചുപോകാന്‍ കഴിയുന്നു. അദ്ദേഹത്തിനെതിരേ ചിലര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒരിക്കലും ലക്ഷ്യം കണ്ടതുമില്ല.

അധികാരത്തിന്റെ പിന്നാലെ ജി.കെ പോയില്ല. ചരടുവലികളിലും ക്‌ളിക്കുകളിലും ആ പേരു കണ്ടതുമില്ല. അധികാരം കിട്ടിയില്ലെങ്കില്‍ സാധാരണ കോണ്‍ഗ്രസുകാരെ പോലെ തെരുവില്‍ വിഴുപ്പലക്കിയതുമില്ല.

സ്പീക്കര്‍ പദം വിട്ടു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തിരിക്കെയായിരുന്നു രോഗം അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയത്. മന്ത്രിയാകാന്‍വേണ്ടിയാണ് സ്പീക്കര്‍ പദം വിടുന്നതെന്ന ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.

സ്പീക്കര്‍ സ്ഥാനത്തിന്റെ മാന്യതയും അന്തസ്സും അദ്ദേഹം കാത്തു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏതാണ്ട് തുല്യ ബലമുള്ള സഭയില്‍ കാര്‍ത്തികേയനെ പോലൊരു വ്യക്തിക്കു മാത്രമേ പ്രശ്‌നരഹിതമായി സഭ നടത്തിക്കൊണ്ടു പോകാനും കഴിയൂ.

സര്‍ക്കാര്‍ വെട്ടിലാവുന്ന സ്ഥിതികളില്‍ സഭാ നാഥന്‍ എന്ന നിലയില്‍ കാര്‍ത്തികേയന്റെ പ്രകടനവും അസാമാന്യമായിരുന്നു. കുറച്ചു നാള്‍ മുന്‍പ് സഭയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ചു സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തുകൊണ്ടാണ് സ്പീക്കര്‍ വലിയൊരു അപമാനത്തില്‍ നിന്നു മുഖ്യമന്ത്രിയെ രക്ഷിച്ചത്. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമായി അകലമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി കാര്‍ത്തികേയന്‍ താന്‍ ഇരിക്കുന്ന കസേരയുടെ വലുപ്പത്തെക്കുറിച്ചു ബോധവാനായിരുന്നു.
 സൗമ്യത ഒരിക്കലും കൈവെടിഞ്ഞിട്ടില്ല അദ്ദേഹം. എന്നാല്‍, നിലപാടുകളില്‍ കാര്‍ക്കശ്യവുമുണ്ടായിരുന്നു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ സ്പീക്കറായിരുന്നു അദ്ദേഹം.

മുമ്പ് ഐ ഗ്രൂപ്പുകാരനായിരുന്നു.പിന്നീട് തിരുത്തല്‍വാദി ഗ്രൂപ്പിന് നേതൃത്വംകൊടുത്തതിലും പ്രമുഖനായിരുന്നു. പിന്നീട് പക്ഷെ, ഒരുഗ്രൂപ്പിനോടും പ്രത്യേത മമത പ്രകടിപ്പിക്കാതെ ഗ്രൂപ്പിനതീതമായി നിലകൊണ്ടു. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കരുണാകരനോടൊപ്പം അടിയുറച്ചുനിന്നു. അന്ന് ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിക്ക് വണ്ടികയറിയ നേതാക്കളിലൊരാളാണ് കാര്‍ത്തികേയനെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ത്തെടുക്കുന്നു. ഗ്രൂപ്പിനതീതമായി നിലകൊണ്ടപ്പോഴും എല്ലാ നേതാക്കളുമായും നല്ല ബന്ധമായിരുന്നു. ആ പൊതുസമ്മതിയായിരുന്നു രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് ഗ്രൂപ്പുഭേദമന്യേ അദ്ദേഹത്തെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിക്കാന്‍ ഇടയാക്കിയതും. സിനിമയേയും സാഹിത്യത്തേയും വായനയേയും അദ്ദേഹം നല്ലപോലെ സ്‌നേഹിച്ചിരുന്നു.വി.എസ്. അച്യുതാനന്ദന്‍:   ശാന്തനും സൗമ്യനുമായ കാര്‍ത്തികേയന്‍, സ്‌നേഹപുരസരമായ ജീവിതം കൊണ്ട് ജനങ്ങളെ സ്വാധീനിച്ച മഹദ് വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിനു വലിയ നഷ്ടം.

രമേശ് ചെന്നിത്തല:   കരുത്തും സംരക്ഷണവും നല്‍കിയിരുന്ന തന്റെ വലതുകൈ നഷ്ടപ്പെട്ട അനുഭവമാണ് ജി.കാര്‍ത്തികേയന്റെ വേര്‍പാട്.

ഇ.അഹമ്മദ്:   കുലീനവും ഉന്നതവുമായ രാഷ്ട്രീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കാര്‍ത്തികേയന്‍.

വി.എം. സുധീരന്‍:   വഹിച്ച സ്ഥാനങ്ങളോടെല്ലാം നീതി പുലര്‍ത്തിയ നേതാവ്.

എ.കെ.ആന്റണി:   കേരളത്തിനും കോണ്‍ഗ്രസിനും തീരാത്ത നഷ്ടമാണ് കാര്‍ത്തികേയന്റെ വിയോഗം. സംഘടനയിലും പാര്‍ട്ടിയിലും ഒപ്പം പ്രവര്‍ത്തിച്ച കാലം മറക്കാനാകില്ല.

എ.എ.അസീസ്:   മന്ത്രിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേത്വാവ്.

കാനം രാജേന്ദ്രന്‍:   പൊതു പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക.

കോടിയേരി ബാലകൃഷ്ണന്‍:   കേരള നിയമസഭയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്. നിയമസഭാ പ്രശ്‌നങ്ങളില്‍ വസ്തുനിഷ്ഠമായ നിലപാടെടുത്ത വ്യക്തി. കേരള നിയമസഭയ്ക്ക് തീരാനഷ്ടം.

വയലാര്‍ രവി:   കേരളത്തിനും കോണ്‍ഗ്രസിനും തീരാത്ത നഷ്ടമാണ് വിയോഗം.


സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒരാഴ്ച ദുഃഖാചാരണം, സംസ്‌കാരം നാളെ വൈകുന്നേരം ആറിന് ശാന്തികവാടത്തില്‍
തിരുവനന്തപുരം: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കേരളത്തില്‍ ഒരാഴ്ച ദുഃഖാചാരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഉച്ച തിരിഞ്ഞ് അവധി പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറരയോടെ തൈക്കാട് ശാന്തികവാടത്തിലാകും സംസ്‌കാരം.

മൃതദേഹം ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തിക്കും. രാത്രി ഒന്‍പതു മണിക്കു സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

നാളെ രാവിലെ ഒന്‍പതു മുതല്‍ പത്തു വരെ നിയമസഭ, പത്തു മുതല്‍ 11 വരെ കെപിസിസി ആസ്ഥാനം, 11 മുതല്‍ 12 വരെ  ദര്‍ബാര്‍ ഹാള്‍, 1.15 മുതല്‍ 2.15 വരെ ആര്യനാട് ഗവവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 4.15 മുതല്‍ ആറു വരെ ശാസ്തമംഗലത്തെ സ്വന്തം വസതിയായ അഭയ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരൂവിലെ എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാര്‍ത്തികേയന്‍, രാവിലെ 10.30യ്ക്കാണ് ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്.

അമേരിക്കയിലെ മയോ ക്‌ളിനിക്കിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ കാര്‍ത്തികേയന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയായിരുന്നു. തുടര്‍ന്ന് പൊതുരംഗത്ത് സജീവമായി വരികയായിരുന്നു.

രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെത്തുര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടിയ ശേഷം ഈ മാസം 19നാണ് ബാംഗ്‌ളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജി.കെ: സൗമ്യന്‍, മാന്യന്‍, മുഖം നോക്കാതെ അഭിപ്രായം പറഞ്ഞിരുന്ന നേതാവ്... കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള നേതാക്കള്‍ ഇനിയെത്ര