Search

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്;

തിരുവനന്തപുരം: വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന
കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിന്റെ വക്കില്‍. ബാര്‍ കോഴ
വിവാദത്തില്‍ കെ എം മാണി നിലയില്ലാക്കയത്തില്‍ ആയതോടെയാണ് കേരള
കോണ്‍ഗ്രസ് പ്രതിസന്ധിയുടെ ചുഴിയിലായത്. മാണി കോഴ വിവാദത്തില്‍
ഉള്‍പ്പെട്ട സമയം നോക്കിയാണ് ജോസ് കെ മാണിയെ അടുത്ത നേതാവായി
വാഴിക്കാനുള്ള നീക്കത്തിനെതിരെ ജോര്‍ജ് ചരടുവലിയുമായി  രംഗത്തെത്തിയത്.

പാര്‍ട്ടിയെ പ്രസിസന്ധിയിലാക്കിയ ജോര്‍ജിനെതിരെ  കേരളകോണ്‍ഗ്രസ് (എം
)നേതാക്കള്‍ രംഗത്തെത്തിയതോടെ പോര് പുറത്തായി. ബാര്‍ കോഴ വിവാദം
പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരസ്യ പ്രസ്താവനയാണ് നേതാക്കളെ
ചൊടുപ്പിച്ചത്. മാത്രമല്ല  ജനറല്‍സെക്രട്ടറി കൂടിയായ ജോസ് കെ. മാണിയെ
ജോ!ര്‍ജ് പരിഹസിച്ചത് എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെയായി.

ജോര്‍ജിന്റെ അഭിപ്രായം പുശ്ചിച്ച് തള്ളുന്നുവെന്നാണ് മാണി പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ്  ജോസ് കെ. മാണി, ജോയ് എബ്രഹാം എന്നിവര്‍ ജോര്‍ജിനെ
തള്ളിപ്പറഞ്ഞത്. ഇതോടെ ജോര്‍ജും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നത
പ്രകടമായി.
പാര്‍ട്ടി അന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ കെ. എം. മാണിയുടെ
പിന്‍ഗാമിയായി ജോസ് കെ. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍
തീരുമാനിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് അതില്‍ താല്പര്യമില്ലാതിരുന്നത്
മുന്‍കൂട്ടി കണ്ട് ജോര്‍ജ് രംഗത്തെത്തിയതോടെ ആ നീക്കം പാളി.

മാണി രാജിവയ്‌ക്കേണ്ട സാഹചര്യം വന്നാല്‍ എം.പിയായ ജോസ് കെ. മാണിയല്ല
പകരം മന്ത്രിയാക്കാന്‍  നിരവധി എം.എല്‍.എ മാരുണ്ടെന്ന് ചൂണ്ടിക്കാട്ടി
ജോസഫ് വിഭാഗത്തിന്റെയും മാണിഗ്രൂപ്പിലെ ചില എം.എല്‍എ മാരുടെയും
രഹസ്യപിന്തുണയോടെ ജോര്‍ജ്,  ജോസ് കെ. മാണിയുടെ നേതൃത്വത്തെ
വെല്ലവിളിക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ കുറു
മുന്നണി ഉണ്ടാക്കുന്നതിന് സമാനമായ  ഈ നീക്കത്തില്‍ മാണിക്ക് കടുത്ത
അതൃപ്തി ഉണ്ടെന്നതിന്റെ തെളിവാണ് ജോര്‍ജിന്റെ അഭിപ്രായം പുച്ഛിച്ചു
തള്ളിയത്.

ഇതേസമയം, ജോസ് കെ. മാണിയെക്കൂടി ബാര്‍കോഴ വിവാദത്തിലേക്ക് ജോര്‍ജ്
വലിച്ചിട്ടു. അതിലെ അതൃപ്തി പരസ്യ പ്രസ്താവനയിലൂടെ ജോസ് കെ. മാണി
പ്രകടിപ്പിച്ചു. അതിന് പിന്നാലെ വിശ്വസ്തനും  ഓഫീസ് ചുമതലയുള്ള
ജനറല്‍സെക്രട്ടറിയുമായ ജോയ് എബ്രഹാമിനെക്കൊണ്ട്  പ്രസ്താവനയിറക്കി
മാണിയും ജോര്‍ജിനോടുള്ള അതൃപ്തി പ്രകടമാക്കി. മാണിയുടെ രാജി, പിന്‍ഗാമി
പ്രശ്‌നങ്ങളില്‍ പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും അത്
അനാവശ്യവും ഖേദകരവുമാണെന്നാണ് ജോയ് എബ്രഹാം എം.പി പ്രസ്താവനയില്‍
പറഞ്ഞത്.

നേതാവിനെ വ്യക്തിഹത്യ നടത്തി പാര്‍ട്ടിയെ  ദുര്‍ബലപ്പെടുത്തുന്ന
ഗൂഢനീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ എല്ലാ നേതാക്കള്‍ക്കും
ബാദ്ധ്യതയുണ്ടെന്നും  പ്രസ്താവനയില്‍ മുന്നറിയിപ്പു നല്കുന്നു.
എന്നാല്‍ ജോര്‍ജിന്റെ  നീക്കത്തോട് ശക്തമായ എതിര്‍പ്പുണ്ട്. എങ്കിലും
ഇപ്പോഴത്തെ സാഹചര്യത്തില്‍  ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ കെ.എം.മാണി
അശക്തനാണ്. ഇതറിഞ്ഞുതന്നെയാണ് ജോര്‍ജിന്റെ പടയൊരുക്കം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്;